തലശേരി: മകനെ ജാമ്യത്തിലെടുക്കാൻ പൊലീസ് സ്റ്റേഷനിലെത്തിയ വയോധികയെയും ബന്ധുവിനെയും മർദിച്ച പൊലീസുകാരനെതിരെ കേസെടുത്തത് ജാമ്യം ലഭിക്കുന്ന വകുപ്പുകൾ പ്രകാരം. സ്റ്റേഷനിലെത്തിയവരെ അസഭ്യം പറഞ്ഞതിനോ സ്ത്രീത്വത്തെ അപമാനിച്ചതിനോ കേസെടുത്തിട്ടില്ല എന്നാണ് ആക്ഷേപം. സംഭവത്തിൽ ധർമ്മടം എസ്എച്ച്ഒ കെ വി സ്മിതേഷിനെ അന്വേഷണ വിധേയമായി നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു.
ഐപിസി 340 (തടഞ്ഞുവയ്ക്കൽ), 323 (കൈകൊണ്ട് അടിച്ച് പരിക്കേൽപ്പിക്കൽ), 324 (വടി കൊണ്ടോ കമ്പി കൊണ്ടോ അടിച്ചു പരിക്കേൽപ്പിക്കൽ), 427(നാശനഷ്ടം ഉണ്ടാക്കൽ) എന്നീ വകുപ്പുകൾ മാത്രമാണ് പൊലീസുകാരനെതിരെ ചുമത്തിയിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥൻ മദ്യലഹരിയിൽ ആയിരുന്നുവെന്നും, കർശന നടപടിയുണ്ടാകുമെന്നും കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ അജിത് കുമാർ ഉറപ്പു നൽകിയിരുന്നു. മദ്യലഹരിയിലായിരുന്ന ഉദ്യോഗസ്ഥൻ കസ്റ്റഡിയിലെടുത്ത യുവാവിനെ മർദിച്ചുവെന്നതും വ്യക്തമായിട്ടുണ്ട്, പ്രകോപനമില്ലാതെയാണ് പൊലീസ് ഉദ്യോഗസ്ഥൻ മർദിച്ചതെന്നും തനിക്കെതിരെയുള്ള കേസിനെക്കുറിച്ച് ഇപ്പോഴും വ്യക്തതയില്ലെന്നും മർദനത്തിനിരയായ സുനിൽകുമാർ പറയുന്നു. സുനിൽകുമാർ എഎസ്പിക്ക് നൽകിയ പരാതിയിലാണ് ധർമ്മടം പൊലീസ് കേസെടുത്തത്.
ശനിയാഴ്ച രാത്രി നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇയാൾക്കെതിരെ സ്റ്റേഷനിലെ പൊലീസുകാരൊന്നടങ്കം പ്രതികരിച്ചിരുന്നു. വാഹനം ഓടിക്കുമ്പോൾ മദ്യപിച്ചെന്ന് ആരോപിച്ചായിരുന്നു കീഴത്തൂർ ബിന്ദു നിവാസിൽ കെ. സുനിൽ കുമാറിനെ വിഷുദിനത്തിൽ കസ്റ്റഡിയിലെടുത്തത്. വിവരമറിഞ്ഞ് മകനെ ജാമ്യത്തിലിറക്കാൻ മാതാവ് രോഹിണി, സഹോദരി ബിന്ദു, മരുമകൻ ദർശൻ എന്നിവർ ധർമ്മടം പൊലീസ് സ്റ്റേഷനിൽ രാത്രി എത്തിയപ്പോഴായിരുന്നു സി.ഐയുടെ പരാക്രമം. ടീ ഷർട്ടും മുണ്ടും ധരിച്ച് മഫ്തിയിലായിരുന്ന സ്മിതേഷ് വൃദ്ധയെ തള്ളിയിടുകയും എടുത്തോണ്ട് പോടായെന്ന് ആക്രോശിക്കുന്നതും വീഡിയോയിൽ കാണാം. അകാരണമായി സി.ഐ ആക്രോശിക്കുന്നത് തടയാൻ ശ്രമിക്കുന്ന വനിതാ പൊലീസുകാരടക്കമുള്ളവരും വീഡിയോ ദൃശ്യങ്ങളിലുണ്ട്.


