ന്യൂഡൽഹി: സിപിഐ അടക്കം മൂന്ന് പാർട്ടികൾക്ക് ദേശീയ പദവി നഷ്ടമായി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവോടെ സിപിഐ, എൻസിപി, തൃണമൂൽ കോൺഗ്രസ് പാർട്ടികളുടെ ദേശീയ പദവിയാണ് നഷ്ടമായത്. അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആംആദ്മി പാർട്ടിയ്ക്ക് ദേശീയ പാർട്ടി പദവി നൽകിയതിനൊപ്പമാണ് മറ്റ് മൂന്ന് പാർട്ടികളും ലിസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെട്ടത്.
പാർലമെന്റ് തിരഞ്ഞെടുപ്പ് അടുക്കുന്ന സമയത്താണ് ആംആദ്മിയെ ദേശീയ പാർട്ടിയായി തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചത്. ഡൽഹിയ്ക്ക് പുറത്ത് തങ്ങളുടെ സാന്നിദ്ധ്യം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പഞ്ചാബ് തിരഞ്ഞെടുപ്പിലും ആംആദ്മി മിന്നുന്ന വിജയം കരസ്ഥമാക്കിയിരുന്നു. രണ്ട് സംസ്ഥാനങ്ങളിൽ ഭരണം നേടിയതാണ് ആംആദ്മിയെ ദേശീയ പാർട്ടി പദവിയിലേയ്ക്ക് അടുപ്പിച്ചത്. അണ്ണാഹസാരെയുടെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ പ്രക്ഷോഭങ്ങളുടെ ഭാഗമായി 2012-ലാണ് ആംആദ്മി പാർട്ടി രൂപീകരിക്കുന്നത്.
അതേസമയം ആംആദ്മി പാർട്ടിയുടെ ദേശീയ പദവി നേട്ട പ്രഖ്യാപനം സിപിഐ, എൻസിപി, തൃണമൂൽ കോൺഗ്രസ് പാർട്ടികൾക്ക് കനത്ത നഷ്ടമായി മാറി. മൂന്ന് പാർട്ടികളുടെയും ദേശീയ പദവി തിരഞ്ഞെടുപ്പ് കമ്മീഷൻ പിൻവലിക്കുകയായിരുന്നു. ബിജെപി, ആംആദ്മി, തൃണമൂൽ കോൺഗ്രസ് പാർട്ടികളുടെ മുന്നേറ്റം മൂലം പലയിടത്തും സിപിഐയ്ക്ക് പിന്തുണ നഷ്ടപ്പെട്ടിരുന്നു. നിലവിൽ ഒരു സംസ്ഥാനത്തിലും സിപിഐ ഭരണം നടത്തുന്നില്ല. കേരളത്തിൽ സിപിഎം നേതൃത്വം നൽകുന്ന ഭരണപക്ഷത്തിന്റെ ഭാഗം മാത്രമാണ്.
തൃണമൂൽ കോൺഗ്രസിനും ദേശീയ പദവി നഷ്ടമായി. നിലവിൽ മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ സർക്കാരാണ് പശ്ചിമ ബംഗാളിൽ ഭരണം നയിക്കുന്നത്. ശരത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയും ദേശീയ പദവി നഷ്ടമായ പാർട്ടികളുടെ കൂട്ടത്തിലുണ്ട്. ശിവസേന-ഉദ്ധവ് താക്കറെ പക്ഷത്തോടൊപ്പം മഹാരാഷ്ട്ര സർക്കാരിന്റെ ഭാഗമായിരുന്ന എൻസിപി, ഇപ്പോൾ ഭരണത്തിലുള്ള ഷിൻഡേ ബിജെപി സർക്കാരിനെതിരെ കോൺഗ്രസുമായും, ഉദ്ധവ് താക്കറെ പക്ഷവുമായും ഐക്യത്തിലേർപ്പെട്ടിരിക്കുകയാണ്.


