Sat. Nov 21st, 2026

ഉദിയൻകുളങ്ങര: ബുള്ളറ്റിൽ യാത്രക്കിടെ കുപ്രസിദ്ധ ഗുണ്ടയും ഇടവഴിക്കര ജോസ് വധക്കേസിലെ പ്രതിയുമായ രഞ്ജിത് (30) ടിപ്പർ ഇടിച്ചു മരിച്ചത് കൊലപാതകമെന്ന് പൊലീസ്. ഒളിവിലായിരുന്ന ടിപ്പർ ഡ്രൈവർ കീഴാറൂർ കൊല്ലങ്കാല ശ്യാം നിവാസിൽ ശശീന്ദ്രന്റെ മകൻ ശരത് (28) ഇന്ന് വൈകിട്ട് മൂന്നോടെ നെയ്യാറ്റിൻകര ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങി. ശരത്തിനെ14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇയാളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് നാളെ കോടതിയെ സമീപിക്കും.

ഞായറാഴ്ച രാവിലെ 10.30ഓടെ പെരുങ്കടവിളയ്ക്കു സമീപം പുനയൽകോണത്തായിരുന്നു സംഭവം.സഹോദരി രമണിയുടെ പേരെക്കോടത്തെ വീട്ടിൽ പോയി തിരികെ വരുമ്പോൾ പുന്നക്കോണം വളവിൽ വച്ച് എതിരെവന്ന ടിപ്പർ രഞ്ജിത്തിന്റെ ബുള്ളറ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രഞ്ജിത്തിന്റെ തലയോട്ടി തകർന്നു. വലതുകാൽ ഒടിഞ്ഞുതൂങ്ങി. സംഭവത്തെ തുടർന്ന് ടിപ്പർ ഉടമ ശരത്തിന്റെ ജ്യേഷ്ഠൻ ശ്യാംലാലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശരത്തിനൊപ്പം ടിപ്പറിലുണ്ടായിരുന്ന രണ്ടുപേർ ഒളിവിലാണ്. ഇവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയെന്ന് മാരായമുട്ടം പൊലീസ് പറഞ്ഞു. ഇവരാണ് രഞ്ജിത്തിനെ ആശുപത്രിയിൽ എത്തിച്ച ശേഷം മുങ്ങിയത്. രഞ്ജിത്ത് മരിച്ചെന്നുറപ്പാക്കാനാണ് ഇവർ ആശുപത്രിയിൽ എത്തിയതെന്ന സംശയവും ബലപ്പെട്ടു.


2015-ൽ മാരായമുട്ടത്ത് ബിവറേജ് മദ്യവില്പനശാലയ്ക്ക് മുന്നിൽ എട്ടുപേർ ചേർന്ന് വടകര ജോസിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയാണ് പെരുങ്കടവള തോട്ടവാരം കുഴിവിള മേലെ പുത്തൻവീട്ടിൽ ധർമ്മരാജിന്റെയും രമണിയുടെയും മകൻ രഞ്ജിത്. കൊല്ലപ്പെട്ട രഞ്ജിത്തും ശരത്തും തമ്മിൽ ഈസ്റ്റർ ദിനത്തിൽ വാക്കേറ്റമുണ്ടായിരുന്നു. ഈ വിവരമാണ് അപകടമരണം കൊലപാതകമാണെന്ന സംശയം ജനിപ്പിച്ചത്.

മണ്ണ്, പാറ ഖനനം,​ റിയൽ എസ്റ്റേറ്റ് മേഖലകളിൽ പ്രവർത്തിച്ചിരുന്നവരാണ് എട്ടുവർഷം മുൻപ് കൊല്ലപ്പെട്ട ഇടവഴിക്കര ജോസും കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട രഞ്ജിത്തും. ബിസിനസ് സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങളും വൈരാഗ്യവുമാണ് ജോസിന്റെ കൊലപാതകത്തിന് പിന്നിൽ. കോൺഗ്രസ് പ്രവർത്തകനായിരുന്നു ഇടവഴിക്കര ജോസ്. സി.പി.എം അനുഭാവിയും പ്രവർത്തകനുമാണ് രഞ്ജിത്ത്. കഴിഞ്ഞ ഒരുവർഷത്തിനിടെ ജോസ് വധക്കേസിലെ രണ്ടുപ്രതികൾ മരിച്ചതും പൊലീസിന്റെ സംശയത്തിന് വഴിതെളിച്ചിരുന്നു. മൊട്ടമൂട് സ്വദേശിയാണ് പ്രതികളിൽ ആദ്യം കൊല്ലപ്പെട്ടത്. പിന്നീട് മാരായമുട്ടത്ത് മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചിരുന്നു.