Sun. Nov 22nd, 2026

തൃശൂർ: ഉറക്കത്തിൽ നിന്ന് എഴുന്നേൽപ്പിക്കാൻ വൈകിയതിന്റെ പേരിൽ മകൻ പിതാവിനെ കൊലപ്പെടുത്തി. കോടന്നൂർ ആര്യംപാടം ചിറമ്മൽ വീട്ടിൽ ജോയിയാണ് (60) മരിച്ചത്. മകൻ റിജോ (25)യെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വെൽഡിംഗ് ജോലിക്കാരനായ റിജോ ഇന്നലെ വൈകിട്ട് അഞ്ചിന് പണി കഴിഞ്ഞ് മദ്യപിച്ച് വീട്ടിലെത്തി രാത്രി 8.15ന് വിളിക്കണമെന്ന് വീട്ടുകാരോട് പറഞ്ഞ് ഏൽപ്പിച്ച ശേഷം ഉറങ്ങി. 8.30ഓടെ റിജോയെ വിളിച്ചെഴുന്നേൽപ്പിച്ചെങ്കിലും വിളിക്കാൻ വൈകിയെന്ന് പറഞ്ഞ് വീട്ടുകാരുമായി ഇയാൾ തർക്കത്തിലായി. ജോയി ഇത് ചോദ്യം ചെയ്തതോടെ ഇവർ തമ്മിലായി വഴക്ക്.


വഴക്കിനൊടുവിൽ റിജോ പിതാവിനെ നിലത്ത് തള്ളിയിട്ടു. തല നിലത്ത് ഇടിച്ച ജോയിയെ റിജോ ക്രൂരമായി മർദിച്ചു. സാരമായി പരിക്കേറ്റ ജോയിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും പൊലീസ് പറഞ്ഞു. റീനയാണ് ജോയിയുടെ ഭാര്യ. മകൾ: അലീന.