✍️ സുരേഷ്. സി ആർ
മലയാളിയുടെ മനസ്സിൽ മായാത്ത മുദ്ര പതിപ്പിക്കുകയും തെന്നിന്ത്യയിലെ മികച്ച പിന്നണി ഗായകരിലൊരാളുമാണ് എ.എം.രാജ (1929 – 1989). വേറിട്ടു നില്‍ക്കുന്ന ശബ്ദം, കൗമാരം വിടാത്ത ശബ്ദം അതായിരുന്നു എ.എം.രാജയുടെ സവിശേഷത. ‘റ’ തുടങ്ങിയ അക്ഷരങ്ങളുടെ ഉച്ഛാരണത്തിലെ നേരിയ കല്ലുകടി ഒഴിച്ചാൽ തനി മലയാളി ഗായകനായിരുന്നു. വളരെയേറെ പാട്ടുകൾ പാടിയിട്ടില്ലെങ്കിലും പാടിയതെല്ലാം മധുരതരങ്ങളാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, സിംഹള സിനിമകളിൽ നിറസാന്നിധ്യമായിരുന്നു.
ആന്ധ്രയിലെ ചിറ്റൂരിൽ ജനനം. ലോകനീതി എന്ന ചിത്രത്തിനു വേണ്ടി അഭയദേവ് എഴുതി ദക്ഷിണാമൂർത്തി സംവിധാനം ചെയ്ത കണ്ണാ നീയുറങ്ങ്… ആണ് ആദ്യ മലയാള ഗാനം. ‘അച്ഛൻ’ എന്ന സിനിക്ക് വേണ്ടിയാണ് ആദ്യം പാടിയത് എന്നും പറയുന്നു. 1952-ൽ വിശപ്പിന്‍റെ വിളി എന്ന ചിത്രത്തിൽ പ്രേംനസീറിനുവേണ്ടി പാടി. എന്നാൽ, കാലാന്തരത്തിൽ പ്രേംനസീറിന്‍റെ ശബ്ദം യേശുദാസിന്‍റേതായി മാറിയപ്പോൾ രാജയുടെ ശബ്ദം സത്യന് വേണ്ടി ഉപയോഗിച്ചു തുടങ്ങി.
കല്യാണപ്പരിശ് എന്ന തമിഴ് ചിത്രത്തിന്‍റെ സംഗീതം രാജയുടേതായിരുന്നു. അതിലെ എല്ലാ പാട്ടുകളും പ്രസിദ്ധമായി. ദേവതാരു പൂത്ത നാളൊരു ദേവകുമാരിയെ (മണവാട്ടി), കാട്ടചെമ്പകം പൂത്തുലയുമ്പോൾ (വെളുത്ത കത്രീന), താഴമ്പൂമണമുള്ള തണുപ്പള്ള (അടിമകൾ), ആകാശഗംഗയുടെ കരയിൽ (ഓമനക്കുട്ടൻ), കിഴക്കേ മലയിലെ വെണ്ണിലാവൊരു… എന്നിവ എ എം രാജയുടെ ഭാവസാന്ദ്രവും ഹൃദ്യവുമായ ഗാനങ്ങളാണ്.
പെരിയാറേ പെരിയാറേ (ഭാര്യ), ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം (ഭാര്യമാർ സൂക്ഷിക്കുക), പാലാഴിക്കടവിൽ നീറാട്ടിനിറങ്ങയ (കടലമ്മ), കണ്‍മണി നീയെൻ കരംപിടിച്ചാൽ (കുപ്പിവള), ചന്ദനപ്പല്ലക്കിൽ വീടുകാണാൻ വന്ന (പാലാട്ടുകോമൻ), മയിൽപ്പീലി കണ്ണുകൊണ്ട് (കസവുതട്ടം) പാലാനാണ് തേനാണ.., പഞ്ചാര പാലുമിഠായി ആർക്കു വേണം.., എന്നിങ്ങനെ ഒരിയ്ക്കലും മറക്കാനാവാത്ത യുഗ്മഗാനങ്ങളിലും എ.എം.രാജയെന്ന ഗായകൻ ജീവിക്കുന്നു.
തിരുനെൽവേലി റയിൽവേസ്റ്റേഷനിൽ നിന്ന് തീവണ്ടിയിൽ കയറവെ കാലിടറി വീണ് തീവണ്ടിക്കും പ്ളാറ്റ്ഫോമിനും ഇടയിൽപ്പെട്ടാണ് അദ്ദേഹം മരിച്ചത്.
ദക്ഷിണേന്ത്യൻ സിനിമാ ഗായികമാരിൽ പ്രസിദ്ധയായ കൃഷ്ണവേണി എന്ന ജിക്കിയാണ് ഭാര്യ.