Tue. Nov 24th, 2026

കൊച്ചി: അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടിയതിനുശേഷം പറമ്പിക്കുളം വനമേഖലയിലേയ്ക്ക് വിടാൻ നിർദേശിച്ച് ഹൈക്കോടതി. അഞ്ചംഗ വിദഗ്ദ സമിതിയുടെ അഭിപ്രായം അംഗീകരിച്ചാണ് നിർദേശം. മദപ്പാടുള്ള അരിക്കൊമ്പനെ വനത്തിലേയ്ക്ക് കൊണ്ടുപോകുമ്പോൾ വേണ്ട എല്ലാ സുരക്ഷാ മുൻകരുതലുകളും സർക്കാർ സ്വീകരിക്കണം. അരിക്കൊമ്പനെ പിടികൂടിയതിനുശേഷം പടക്കം പൊട്ടിച്ചും സെൽഫിയെടുത്തുമുള്ള ആഘോഷം വേണ്ടെന്നും കോടതി വ്യക്തമാക്കി.


പറമ്പിക്കുളത്ത് അരിക്കൊമ്പന് കഴിയാനുളള ആവാസ വ്യവസ്ഥയാണ്. വെളളവും ഭക്ഷണവും സുലഭമാണ്. എന്നാല്‍ പറമ്പിക്കുളം എന്തുകൊണ്ട് ശു പാര്‍ശ ചെയ്തു എന്ന് ഹൈക്കോടതി ചോദിച്ചു, പെരിയാര്‍ ടൈഗര്‍ റിസര്‍വ് പററില്ലേയെന്നും കോടതി ചോദിച്ചു. പുതിയ വനഭാഗത്ത് കൊണ്ടുവിടുമ്പോള്‍ അവിടെ നിലവിലുളള മൃഗങ്ങളുമായി ഏറ്റുമുട്ടലിന് സാധ്യതിയില്ലെയെന്നും കോടതി ചോദിച്ചു. മദപ്പാടുളള ആനയെ പറമ്പിക്കുളം വരെ എങ്ങനെയെത്തിക്കുമെന്ന് കോടതി ചോദിച്ചു. ആനയെ തടവിലാക്കണോ പുനരധിവസിപ്പിക്കണോയെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ തീരുമാനിക്കട്ടെയെന്ന് കോടതി പരാമര്‍ശിച്ചു.

പ്രശ്‌നത്തിന് ശാശ്വത പരിഹാരമാണ് വേണ്ടത്. ജില്ലാ അടിസ്ഥാനത്തിൽ ആർ ഡി ഒ, ഡി എഫ് ഒ, എസ് ‌പി, പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കണം. പഞ്ചായത്ത് തലത്തിൽ ജാഗ്രത സമിതിയുടെ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്നും കോടതി നിർദേശിച്ചു. പൊതു ജനങ്ങളുടെ ബുദ്ധിമുട്ട് തിരിച്ചറിയാന്‍ പബ്ലിക്ക് ഹിയറിങ് നടത്തണം. 24 മണിക്കൂറും ജാഗ്രതയ്ക്കുളള സംവിധാനം വേണം. ദീര്‍ഘകാല പരിഹാരമാണ് ആവശ്യം. അരിക്കൊമ്പന്‍ ഒറ്റപ്പെട്ട വിഷമയല്ലല്ലെന്നും കോടതി പറഞ്ഞു.


ആനയെ പിടികൂടാതെ പ്രശ്നത്തിന് പരിഹാരം കാണാൻ മറ്റ് മാർഗമുണ്ടോയെന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ കോട്ടയം ഹൈറേഞ്ച് സർക്കിൾ സി സി എഫ് ആർ എസ് അരുൺ, പ്രൊജക്‌ട് ടൈഗർ സി സി എഫ് എച്ച് പ്രമോദ്, വൈൽഡ് ലൈഫ് ട്രസ്റ്റ് ഒഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റും ചീഫ് വെറ്ററിനേറിയനുമായ ഡോ. എൻ വി കെ അഷറഫ്, കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. പി എസ് ഈസ, അമിക്കസ് ക്യൂറി അഡ്വ. രമേഷ് ബാബു എന്നിവരുൾപ്പെട്ട വിദഗ്ദ്ധ സമിതിക്കാണ് ഹൈക്കോടതി രൂപം നൽകിയത്.

അരിക്കൊമ്പനെ പിടികൂടുന്നതുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിച്ചാണ് ഹൈക്കോടതി നിർദേശങ്ങൾ നൽകിയത്. ആനയെ പിടിക്കുന്നതിനെതിരെ പീപ്പിൾ ഫോർ ആനിമൽസ് എന്ന സംഘടനയടക്കം നൽകിയ ഹർജികളിൽ അരിക്കൊമ്പനെ പിടികൂടാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ മാണി എം പിയും ശാന്തൻപാറ പഞ്ചായത്തും ഹർജിയിൽ കക്ഷി ചേർന്നിരുന്നു.