Sun. Sep 20th, 2026

തിരുവനന്തപുരം: വെള്ളയമ്പലം ആൽത്തറ ജംഗ്ഷന് സമീപത്തെ വീട്ടിലെ കുളിമുറിയിലെ ദൃശ്യങ്ങൾ മൊബൈൽ ഫോൺ വഴി പകർത്താൻ ശ്രമിച്ച കേസിൽ തമിഴ്നാട് സ്വദേശിയെ അറസ്റ്റുചെയ്‌തു. കന്യാകുമാരി കിള്ളിയൂർ നെടുവിളാം തട്ടുവിള (4എ) വീട്ടിൽ മെർസിൽ ജോസിനെയാണ് (40) മ്യൂസിയം പൊലീസ് ഇന്നലെ അറസ്റ്റുചെയ്തത്. ചൊവ്വാഴ്ച രാത്രി 11നായിരുന്നു സംഭവം.


കെട്ടിട നിർമ്മാണത്തിനെത്തിയതാണ് മേസ്‌തിരിയായ മെർസിൽ ജോസ്. നിർമ്മാണസ്ഥലത്തിന് സമീപത്തെ വീട്ടിലാണ് മറ്റ് ഏഴുപേർക്കൊപ്പം ജോസും താമസിച്ചിരുന്നത്. ഇവർ താമസിച്ചിരുന്ന വീടിന് തൊട്ടടുത്തുള്ള വീട്ടിലെ കുളിമുറിയുടെ വെന്റിലേഷനിലാണ് മെർസിൽ മൊബൈൽ കാമറ വച്ചത്. തുടർന്ന് മതിലിന് സമീപത്ത് പതുങ്ങി നിൽക്കുകയായിരുന്ന മെർസിലിനെ വീട്ടുകാർ കാണുകയും തടഞ്ഞുവച്ച് പൊലീസിനെ ഏല്പിക്കുകയായിരുന്നു. ഇയാളുടെ ഫോണിൽ നിന്ന് ദൃശ്യങ്ങൾ കണ്ടെത്തിയതായി മ്യൂസിയം സി.ഐ പറഞ്ഞു. ഇയാൾ മുമ്പ് മറ്റ് പല വീടുകളിലും രാത്രിയിൽ ഒളികാമറ വച്ച് ദൃശ്യങ്ങൾ പകർത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ റിമാൻഡ് ചെയ്‌തു.