ന്യൂഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമി തിരഞ്ഞെടുപ്പില്‍ മലയാളി സാഹിത്യകാരന് സി രാധാകൃഷ്ണനെ സംഘപരിവാര്‍ ആസൂത്രിതമായി പരാജയപ്പെടുത്തി. ഇതോടെ ദക്ഷിണേന്ത്യന്‍ പ്രാതിനിധ്യം നഷ്ടമായി. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലിലാണു സി രാധാകൃഷ്ണന് മത്സരിച്ചിരുന്നത്.
സംഘപരിവാര്‍ പിന്തുണയോടെ മത്സരിച്ച ഡല്‍ഹി സര്‍വകലാശാല അധ്യാപികയും ഹിന്ദി എഴുത്തുകാരിയുമായ പ്രഫ.കുമുദ് ശര്‍മയാണ് ഒറ്റ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ രാധാകൃഷ്ണനെ പരാജയപ്പെടുത്തിയത്.
ഔദ്യോഗിക പാനലില്‍ അധ്യക്ഷ സ്ഥാനത്തേക്കു മല്‍സരിച്ച മാധവ് കൗശിക്ക് ജയിച്ചു. സംഘപരിവാര്‍ അനുകൂല പാനലിലെ മെല്ലെപുരം ജി വെങ്കിടേശ പരാജയപ്പെട്ടു. കര്‍ണാടക സംസ്കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറാണ് വെങ്കിടേശ.
സംവിത് റിസര്‍ച് ഫൗണ്ടേഷന് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറായ ഇദ്ദേഹം രണ്ടുതവണ കന്നഡ സാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹനായിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയം ആരോപിക്കുന്നില്ലെന്ന് സി.രാധാകൃഷ്ണന് പ്രതികരിച്ചു. ജീവിതത്തില്‍ ഒരു തിരഞ്ഞെടുപ്പില്‍ മാത്രമേ താന്‍ മത്സരിച്ചിട്ടുള്ളൂ. ആ മത്സരം വീറുറ്റതായിരുന്നു. പക്ഷേ, അതില്‍ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സാഹിത്യ അക്കാദമിയുടെ 24 അംഗ നിര്‍വാഹക സമിതിയിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. 92 അംഗങ്ങള്‍ക്കാണ് വോട്ടവകാശമുള്ളത്. നിലവിലെ അധ്യക്ഷന്‍ ചന്ദ്രശേഖര കമ്പാര്‍ സ്ഥാനം ഒഴിയുന്നതിലേക്ക് വൈസ് പ്രസിഡന്റായിരുന്ന മാധവ് കൗശിക് എത്തേണ്ടതായിരുന്നു. സംഘ പരിവാര്‍ പാനല്‍ എത്തിയതോടെ മല്‍സരത്തിന് വഴിയൊരുങ്ങുകയായിരുന്നു.
പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, എക്സിക്യൂട്ടീവ് കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള സ്ഥാനങ്ങളിലേക്കു മത്സരിക്കാന്‍ അവസാന നിമിഷമാണ് ഇവര്‍ പത്രിക സമര്‍പ്പിച്ചത്.ചന്ദ്രശേഖര കമ്പാര്‍ സ്ഥാനമൊഴിയുമ്പോള്‍ നിലവിലെ വൈസ് പ്രസിഡന്റ് മാധവ് കൗശിക് അധ്യക്ഷസ്ഥാനത്തും ദക്ഷിണേന്ത്യയുടെ പ്രാതിനിധ്യം ഉറപ്പാക്കാന്‍ കേരളത്തില്‍ നിന്നു സി രാധാകൃഷ്ണനെ വൈസ് പ്രസിഡന്റ് സ്ഥാനത്തും എത്തുമെന്നായിരുന്നു മുന്‍ധാരണ. ഇതിനിടെയാണ് സംഘപരിവാര്‍ മത്സരത്തിനു വഴിയൊരുക്കിയത്.


