കായംകുളം: സ്ത്രീധനത്തിന്റെ പേരിൽ ക്രൂരമർദ്ദനം സി പി ഐ ലോക്കൽ സെക്രട്ടറിയുടെ ഭാര്യ ആശുപത്രിയിൽ. സി പി ഐ ചിറക്കടവം ലോക്കൽ സെക്രട്ടറി ഷമീർ റോഷന്റെ ഭാര്യ ഇഹ്സായെയാണ് (24) കായം കുളം പൊലീസ് താലൂക്ക് ആശുപത്രിയിലാക്കിയത്. ഷമീർ റോഷനെതിരെ ഗാർഹിക പീഡനത്തിന് കേസെടുത്തു. ഇയാൾ ഒളിവിലാണ്. ഭർത്താവും ഭർതൃവീട്ടുകാരും ചേർന്ന് ക്രൂരമായി മർദിച്ചെന്നാണ് കേസ്.
മൂന്നു വർഷം മുൻപാണ് ഷമീർ റോഷന്റെയും ഇഹ്സാനയുടെയും വിവാഹം നടന്നത്. വിവാഹശേഷം സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് സ്ഥിരമായി മർദിച്ചിരുന്നതായി ഇഹ്സാന പരാതിയിൽ പറഞ്ഞു. കഴിഞ്ഞ ദിവസവും സ്ത്രീധനത്തെ ചൊല്ലി വഴക്കുണ്ടായതിനെ തുടർന്ന് ഭർത്താവ് ക്രൂരമായി മർദിച്ചതായി ഇഹ്സാന പറഞ്ഞു. ഇഹ്സാനയുടെ ശരീരത്തിൽ ബെൽറ്റിന് അടിച്ച പാടുണ്ട്. ഭർത്താവും ഭർതൃമാതാവും സഹോദരിയും ചേർന്നാണ് മർദിച്ചതെന്ന് പൊലീസിൽ നൽകിയ മൊഴിയിലുണ്ട്.


