തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ മൂന്നാം വാർഷികത്തോട് അനുബന്ധിച്ച് വീണ്ടും 100 ദിന കർമ്മ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നാളെ മുതൽ ഒന്നാം കർമ്മ പദ്ധതി ആരംഭിക്കും. 100 ദിവസം കൊണ്ട് 15896.03 കോടിയുടെ പദ്ധതികൾ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. പുനർഗേഹം പദ്ധതിയുടെ ഭാഗമായി മുട്ടത്തറയിൽ 400 വീടുകളുടെ ശിലാസ്ഥാപനത്തോടുകൂടിയാണ് നൂറുദിന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നടത്തുന്നത്. നൂറുദിനങ്ങളിൽ പുനർഗേഹം പദ്ധതി പ്രകാരം വിവിധ ജില്ലകളിൽ ആയിരത്തോളം ഭവനങ്ങളുടെ താക്കോൽദാനവും നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
തുടർവിജയം നേടി ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ അധികാരമേറ്റ് മേയ് ഇരുപതിന് രണ്ട് വർഷം പൂർത്തിയാവുകയാണ്. പ്രകടന പത്രികയിൽ നൽകിയ 900 വാഗ്ദാനങ്ങൾ നടപ്പാക്കി സ്ഥായിയായ വികസന മാതൃക യാഥാർത്ഥ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാളത്തെ തലമുറ ആഗ്രഹിക്കുന്ന ആധുനിക തൊഴിലവസരങ്ങൾ കേരളത്തിൽ സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അതിനായി കേരളത്തെ വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹമായും പരിവർത്തിപ്പിക്കുന്നതിനുള്ള നടപടികൾ മുന്നോട്ടുകൊണ്ടുപോവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നതിനോടൊപ്പം പ്രത്യേക ശ്രദ്ധ ചെലത്തേണ്ട മേഖലകളെ ഉൾപ്പെടുത്തി പ്രത്യേക നൂറുദിന കർമ്മപരിപാടി ആവിഷ്കരിക്കാനും കഴിഞ്ഞു.
രണ്ട് നൂറുദിന കർമ്മപരിപാടികളാണ് ഒന്നേ മുക്കാൽ വർഷത്തിനിടയിൽ സംസ്ഥാനത്ത് പൂർത്തിയാക്കിയത്. രണ്ടാം വാർഷികത്തോടനുബന്ധിച്ച് മൂന്നാമത്തെ നൂറ് ദിന കർമ്മപരിപാടി നടപ്പാക്കാൻ ഉദ്ദേശിക്കുന്നുവെന്നും നാളെ മുതൽ 100 ദിവസം കൊണ്ട് 15896.03 കോടിയുടെ പദ്ധതികൾ നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.ആകെ 1284 പ്രോജക്ടുകൾ നൂറുദിന പരിപാടിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. 15896.03 കോടി രൂപ അടങ്കലും 4,33,644 തൊഴിലവസരങ്ങൾ സൃഷ്ടിക്കലും ഈ നൂറുദിന പരിപാടിയിൽ ലക്ഷ്യമിടുന്നുവെന്നും പശ്ചാത്തല വികസന പരിപാടികളും നൂറുദിന പരിപാടിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
ലൈഫ് പദ്ധതിയുടെ ഭാഗമായി 20,000 വ്യക്തിഗത ഭവനങ്ങളുടെ പൂർത്തീകരണം നൂറുദിന പരിപാടിയിൽ ലക്ഷ്യമിടുന്നു. മേയ് 17 ന് കുടുംബശ്രീ സ്ഥാപക ദിനം ആചരിക്കും. കുടുംബശ്രീയുടെ ഉത്പന്നങ്ങൾ ഡിജിറ്റൽ പ്ലാറ്റ് ഫോം വഴി ലഭ്യമാക്കാൻ സംവിധാനം ഒരുക്കുമെന്നും പിണറായി വിജയൻ അറിയിച്ചു. പച്ചക്കറി ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിന് അത്യുൽപ്പാദന ശേഷിയുള്ള ഹൈബ്രിഡ് പച്ചക്കറി വിത്തുകളുടെ ഉൽപ്പാദനവും വിതരണവും ആരംഭിക്കും. റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി വയനാട് സെന്റർ ഓഫ് എക്സലൻസ് കാർഷിക വികസനത്തിന്റെ ഭാഗമായി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ 500 ഏക്കർ തരിശുഭൂമിയിൽ 7 ജില്ലകളിൽ ഒരു ജില്ലക്ക് ഒരു വിള അനുയോജ്യമായ പദ്ധതി നടപ്പാക്കും. ഫ്ളോട്ടിംഗ് സോളാർ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനായി ഏകജാലക അനുമതി സംവിധാനം ഏർപ്പെടുത്തും. ബ്രഹ്മപുരം സൗരോർജ പ്ലാന്റിന്റെ ഉദ്ഘാടനവും നടത്തും. 2.75 മെഗാവട്ട് വൈദ്യുതി ഉത്പാദനശേഷിയുള്ള പദ്ധതിയാണിത്. പാലക്കാട് ജില്ലയിലെ നടുപ്പതി ആദിവാസിആവാസ മേഖലകളിൽ വിദൂര ആദിവാസി കോളനികളിലെ മൈക്രോ ഗ്രിഡ് പദ്ധതി ഉദ്ഘാടനം ചെയ്യുംയ വ്യവസായ വകുപ്പിന്റെ പദ്ധതിയായ ഒരു ലക്ഷം സംരംഭങ്ങളുടെ ഭാഗമായി 2,80,934 പ്രത്യക്ഷ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ജലവിഭവ വകുപ്പ് 1879.89 കോടിയുടെയും, പൊതുമരാമത്ത് വകുപ്പിൽ 2610.56 കോടിയുടെയും, വൈദ്യുതി വകുപ്പിൽ 1981.13 കോടിയുടെയും, തദ്ദേശസ്വയംഭരണ വകുപ്പ് 1595.11 കോടിയുടെയും അടങ്കലുള്ള പരിപാടികളാണ് നടപ്പിലാക്കുന്നത്. ഈ നൂറുദിന പരിപാടി സമാപിക്കമ്പോൾ മുൻപരിപാടികളെപ്പോലെ നടപ്പാക്കിയ പ്രോജക്ടുകളുടെ പുരോഗതി വെബ്സൈറ്റിലൂടെ ജനങ്ങളെ അറിയിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിന്റെ ധനസ്ഥിതിയെപ്പറ്റി തെറ്റായ കാര്യങ്ങൾ ബഡ്ജറ്റിന് മുൻപും ഇപ്പോഴും പ്രചരിപ്പിക്കുന്നു. കേരളം കടക്കെണിയിലാണെന്നും സംസ്ഥാനത്ത് ധനധൂർത്താണെന്നും പ്രതിപക്ഷവും മാദ്ധ്യമങ്ങളിൽ ഒരു വിഭാഗവും പ്രചരിപ്പിക്കുന്നു. ഇത് തെറ്റാണ്. കേരളത്തിന്റെ കടം 2020-21 കാലത്ത് സംസ്ഥാന ജി.ഡി.പിയുടെ 38.51 ശതമാനമായിരുന്നു. ആകെ കടം 2021-22ൽ അത് 37.01 ശതമാനമായി കുറഞ്ഞു. 2022-23ലെ കണക്ക് പ്രകാരം അത് 36.38 ശതമാനമായി.
കൊവിഡ് കാലത്ത് സർക്കാരിന് അധിക ചെലവുണ്ടായി. സാമ്പത്തിക രംഗത്ത് തളർച്ചയുണ്ടായിരുന്നു, ആ സാഹചര്യത്തിൽ കടം വർദ്ധിച്ചത് സ്വാഭാവികമാണ്. കേരളത്തിൽ മാത്രമല്ല, അഖിലേന്ത്യാ തലത്തിലും ആഗോള തലത്തിലും ഉണ്ടായി. ജനജീവിതം ദുരിതമാകുമ്പോൾ വരുമാന ംനിലയ്ക്കുമ്പോൾ അസാധാരണ സാമ്പത്തിക സാഹചര്യമാവും, അതാണ് കൊവിഡ് കാലത്തുണ്ടായത്. ആ സാഹചര്യത്തിലാണ് സംസ്ഥാനത്തിന്റെ കടം ആഭ്യന്തര വരുമാനത്തിന്റെ 30-31 ശതമാനത്തിൽ നിന്ന് 38.5 ശതമാനത്തിലേക്ക് ഉയർന്നത്. കേരളത്തിന്റെ കടം കുതിച്ചുയരുന്നില്ല. 2020-21 സാമ്പത്തിക വർഷത്തിൽ 13 ശതമാനം കടത്തിന്റെ വളർച്ച കുറഞ്ഞു. 2022-23 കാലത്ത് 10.03 ശതമാനം വളർച്ച കുറഞ്ഞു. 2023-24 കാലത്ത് 10.21 ശതമാനമായി കടത്തിന്റെ വളർച്ച കുറയും. ഇത് കടക്കെണിയുടെ ലക്ഷണമല്ല എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.


