Tue. Nov 24th, 2026

കൊല്ലം: നിലമേലിൽ സൂപ്പർമാർക്കറ്റ് ഉടമയെ സി ഐ ടി യു തൊഴിലാളികൾ മർദിച്ചതായി പരാതി. മദ്യപാനം വിലക്കിയതിനാണ് അതിക്രമം കാണിച്ചതെന്നാണ് ആരോപണം. യൂണിയൻ കോർപ്പ് സൂപ്പർ മാർട്ട് ഉടമ ഷാനിനാണ് മർദനമേറ്റത്. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. സ്ത്രീകളടക്കമുള്ള ഉപഭോക്താക്കള്‍ക്ക് മുന്നില്‍ വെച്ചായിരുന്നു മര്‍ദനം. ഷാനിനെ വലിച്ച് നിലത്തിട്ട് ശരീരത്തില്‍ കയറി ഇടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായിട്ടുണ്ട്.

ഒരു സി ഐ ടി യു പ്രവർത്തകൻ കടയുടെ പിന്നിലിരുന്ന് മദ്യപിക്കുന്നത് ഷാൻ വിലക്കിയിരുന്നു. തുടർന്ന് പ്രവർത്തകർ സംഘടിച്ച് സൂപ്പർമാർക്കറ്റിലെത്തി മർദിക്കുകയായിരുന്നുവെന്നാണ് ഷാനിന്റെ പരാതി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

13 പേര്‍ക്കെതിരെ ചടയമംഗലം പോലീസ് കേസെടുത്തിട്ടുണ്ട്. ചുമട്ടു തൊഴിലാളിയായ കിരണിനെ ഗോഡൗണില്‍ വെച്ച് ഷാനും സംഘവും മര്‍ദിച്ചതിനാലാണ് സംഭവമെന്നാണ് സി ഐ ടി യുക്കാര്‍ പറയുന്നത്. ഷാനിനെ മര്‍ദിച്ചതിന് പിന്നാലെ സി ഐ ടി യു പ്രാദേശിക നേതൃത്വമെത്തി അനുരഞ്ജന ശ്രമങ്ങള്‍ നടത്തിയിരുന്നു.