Sun. Nov 22nd, 2026

കീഴാറ്റൂരിൽ സമരം നടത്തുന്ന വയൽക്കിളികളെ കഴുകന്മാരെന്ന് വിളിച്ച മന്ത്രി ജി.സുധാകരന് മറുപടിയുമായി സമരക്കാർ രംഗത്ത്. സുധാകരന് തിമിരം ബാധിച്ചിട്ടുണ്ടെന്നും അടിയന്തിരമായി ശസ്ത്രക്രിയ വേണ്ടി വരുമെന്നും വയൽക്കിളി കൂട്ടായ്മയുടെ അമരക്കാരനായ സുരേഷ് കീഴാറ്റൂർ പറഞ്ഞു. സി.പി.എം തങ്ങളുടെ മുൻകാല സമരചരിത്രത്തിന്റെ മുഖത്ത് കാർക്കിച്ചു തുപ്പുകയാണ്. വയൽക്കിളികൾ മന്ത്രിക്ക് വയൽക്കഴുകന്മാരാകുന്നത് സമരത്തേയും സമര ചരിത്രത്തേയും മറന്നു പോയത് കൊണ്ടാണെന്നും പ്രസ്താവന മന്ത്രി പിൻവലിക്കണമെന്നും സുരേഷ് ആവശ്യപ്പെട്ടു.

മന്ത്രി യാഥാർത്ഥ്യം മനസിലാക്കാതെയാണ് സംസാരിക്കുന്നത്. വയലിൽ നിന്ന് അവസാനത്തെ വയൽക്കിളിയേയും പൊലീസ് കൂട്ടിലടച്ചു കൊണ്ടു പോയ ശേഷമാണ് സമരപ്പന്തൽ കത്തിച്ചത്. അത് സി.പി.എമ്മിന്റെ ഫാസിസ്റ്റ് നിലപാടാണ് കാണിക്കുന്നത്. സമരങ്ങളിലൂടെ വളർന്ന് വന്ന മേഖലയിലെ ഉന്നത നേതാക്കളാണ് സമരത്തിന് നേതൃത്വം കൊടുത്തത്. ബൈപ്പാസ് സർവേയെ ശരീരത്ത് ഡീസൽ ഒഴിച്ച് നേരിടേണ്ടി വന്ന നിവൃത്തികേട് കേരളം കണ്ടതാണ്. അത് ഉൾക്കൊള്ളാൻ ഭരണ പക്ഷത്തിന്റെ ഭാഗമായി നിൽക്കുന്ന പ്രമാണിമാരായ ആൾക്കാർക്ക് പോലും സാധിച്ചില്ലെന്നും സുരേഷ് കുറ്റപ്പെടുത്തി.