ഗായികയും അവതാരകയുമായ റിമി ടോമി വീണ്ടും വിവാഹിതയാകാനൊരുങ്ങുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ജീവിതത്തിൽ പുതിയൊരു പങ്കാളി എത്തുന്ന സന്തോഷവാർത്ത റിമി ആരാധകരുമായി പങ്കുവെച്ചത്. കുടുംബം ഒപ്പമുണ്ടെങ്കിലും ഒരു പാർട്നറുടെ കുറവ് എപ്പോഴും ഉണ്ടായിരുന്നുവെന്നും, അത് നികത്താൻ ഒരാൾക്ക് മാത്രമേ സാധിക്കൂവെന്നും പറഞ്ഞ ഗായിക, 2026-ൽ ഒരാൾ തന്റെ ജീവിതത്തിലേക്ക് കടന്നുവന്നതായി വെളിപ്പെടുത്തി.

വിവാഹത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികം വൈകാതെ തന്നെ തുറന്നുപറയുമെന്ന് റിമി വീഡിയോയിൽ വ്യക്തമാക്കി. പുതിയ പങ്കാളി അറിയപ്പെടുന്ന പ്രമുഖനോ കോടീശ്വരനോ അല്ലെന്നും, സന്തോഷത്തോടും സമാധാനത്തോടും കൂടി ഒന്നിച്ചുജീവിക്കാൻ സാധിക്കുന്ന ആളാണെന്നും അവർ പറഞ്ഞു. ഇരുവർക്കും പരസ്പരം നല്ല രീതിയിൽ വൈബ് മാച്ച് ആകുന്നുണ്ടെന്നും എല്ലാ നല്ലതും ചീത്തയുമായ വശങ്ങൾ മനസ്സിലാക്കിയ ശേഷമാണ് ഈ സുപ്രധാന തീരുമാനത്തിലേക്ക് എത്തിയതെന്നും റിമി കൂട്ടിച്ചേർത്തു.
ശ്രദ്ധേയമായ സ്റ്റേജ് ഷോകളിലൂടെയും ടെലിവിഷൻ അവതരണത്തിലൂടെയും മലയാളിക്ക് ഏറെ പ്രിയങ്കരിയായ റിമി ടോമി, ‘മീശമാധവൻ’ എന്ന ചിത്രത്തിലെ ‘ചിങ്ങമാസം’ എന്ന ഗാനത്തിലൂടെയാണ് പിന്നണി ഗാനരംഗത്തേക്ക് എത്തുന്നത്. 2008-ൽ വ്യവസായിയായ റോയ്സിനെ വിവാഹം കഴിച്ച റിമി, 11 വർഷത്തെ ദാമ്പത്യത്തിന് ശേഷം 2019-ലാണ് നിയമപരമായി വേർപിരിഞ്ഞത്. ശുഭാപ്തിവിശ്വാസത്തോടെയാണ് ദൈവം നൽകിയ ഈ പുതിയ ജീവിതത്തിലേക്ക് കാലെടുത്തുവെക്കുന്നതെന്ന് വ്യക്തമാക്കിയാണ് ഗായിക വീഡിയോ അവസാനിപ്പിച്ചത്.
Content Highlights: Singer and presenter Rimi Tomy is set to marry again. She shared the happy news about a new partner entering her life with her fans through her YouTube channel. Explaining that while she has the support of her family, she always felt the absence of a partner—a void that only one specific person could fill—the singer revealed that someone has entered her life, with the union set for 2026.


