Thu. Oct 1st, 2026

വിജയവാഡ: പണമിടപാടും കുട്ടിയെ സംബന്ധിച്ച തർക്കങ്ങളും ഒടുവിൽ കലാശിച്ചത് ക്രൂരമായ കൊലപാതകത്തിൽ. സുഹൃത്തായ യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളിയ സംഭവത്തിൽ ഇറച്ചിവെട്ടുകാരനും സഹായിയും പിടിയിലായി. ഭവാനിപുരം സ്വദേശിയായ കല്യാണിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇറച്ചിവെട്ടുകാരനായ ഷാഫി, ഇയാളുടെ കടയിലെ ജീവനക്കാരനായ ഗുരുവുലു എന്നിവരെയാണ് വിജയവാഡ പോലീസ് അറസ്റ്റ് ചെയ്തത്.

സെപ്റ്റംബർ 17-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷാഫിയും കല്യാണിയും തമ്മിൽ പരിചയത്തിലായിരുന്നു. സംഭവദിവസം ഭാര്യയേയും കുട്ടികളേയും ഗുണ്ടൂരിലെ വീട്ടിലേക്ക് അയച്ച ശേഷമാണ് ഷാഫി കല്യാണിയെ തന്റെ ഭവാനിപുരത്തുള്ള വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. ഇവിടെയെത്തിയ ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകളെയും കല്യാണിയുടെ മകനുമായി ബന്ധപ്പെട്ട വിഷയങ്ങളെയും ചൊല്ലി തർക്കമുണ്ടായി. തർക്കം രൂക്ഷമായതോടെ ഷാഫി കത്തി ഉപയോഗിച്ച് കല്യാണിയുടെ കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

തുടർന്ന് മൃതദേഹം തിരിച്ചറിയാതിരിക്കാൻ ഷാഫി തന്റെ കടയിലെ കത്തി ഉപയോഗിച്ച് മൃതദേഹം ഒമ്പത് കഷണങ്ങളാക്കി മാറ്റി. കടയിലെ ജീവനക്കാരനായ ഗുരുവുലുവിന്റെ സഹായത്തോടെ മൃതദേഹാവശിഷ്ടങ്ങൾ ഗൊല്ലപൂഡി പ്രദേശത്തെ കൂളിങ് കനാലിൽ തള്ളുകയായിരുന്നു. കനാലിൽ തലയില്ലാത്ത നിലയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ട പ്രദേശവാസികൾ പോലീസിൽ വിവരമറിയിച്ചു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ വിവിധയിടങ്ങളിൽ നിന്നായി മറ്റു ശരീരഭാഗങ്ങൾകൂടി കണ്ടെടുത്തു. എന്നാൽ, കൈയുടെ ഭാഗങ്ങൾ കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.

മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വന്ന ദൃശ്യങ്ങളിൽ നിന്നാണ് കൊല്ലപ്പെട്ടത് കല്യാണിയാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞത്. കല്യാണിയുടെ കൈയിലുണ്ടായിരുന്ന തൂവൽ പച്ചകുത്തിയ അടയാളം കണ്ടാണ് ബന്ധുക്കൾ പോലീസിനെ സമീപിച്ചത്. കല്യാണിയുടെ കുട്ടിയെ ഷാഫിയെ ഏൽപ്പിച്ചിരുന്നുവെന്നും ഇതിന് പകരമായി കല്യാണി നിരന്തരം പണം ആവശ്യപ്പെട്ടിരുന്നുവെന്നും എ.സി.പി. ദുർഗ റാലു പറഞ്ഞു. നിലവിൽ കല്യാണിയുടെ കുട്ടി ഷാഫിയുടെ ഭാര്യയുടെ സംരക്ഷണത്തിലാണുള്ളത്. ഇതുമായി ബന്ധപ്പെട്ട നിയമവശങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ്, പ്രതികളായ ഷാഫിയെയും ഗുരുവുലുവിനെയും അറസ്റ്റ് ചെയ്യുകയും കൊലയ്ക്കുപയോഗിച്ച കത്തി കണ്ടെടുക്കുകയും ചെയ്തു. പ്രതികൾ മൃതദേഹം കടത്താൻ ഉപയോഗിച്ച വഴികളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടരുകയാണ്.

Content Highlights: A dispute involving financial dealings and a child ultimately culminated in a brutal murder. A butcher and his accomplice have been arrested for slitting the throat of a female friend, dismembering her body, and dumping the remains in a canal. The victim was Kalyani, a native of Bhavanipuram.



 

Leave a Reply