തിരുവനന്തപുരം: ചിറയിന്‍കീഴില്‍ എംഎല്‍എ രമ്യാ ഹരിദാസും പ്രവര്‍ത്തകരും തമ്മിലുണ്ടായ കൈയാങ്കളിയില്‍ നടപടിയെടുത്ത് കെപിസിസി. രമ്യാ ഹരിദാസിന്റെ കൂടെയുണ്ടായിരുന്ന പാളയം പ്രദീപിനെയും പ്രശ്‌നമുണ്ടായ വീടിന്റെ ഉടമയും പ്രദേശിക നേതാവുമായ എസ് സജാദിനെയും പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.
കെപിസിസി അന്വേഷണ സമിതി റിപ്പോര്‍ട്ടിന്മേലാണ് നടപടി. പൊതുജനമധ്യത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന വിധത്തില്‍ ഗുരുതരമായ അച്ചടക്കലംഘനം നടത്തിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇരുവരെയും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് സസ്പെന്‍ന്റ് ചെയ്തതായി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി നെയ്യാറ്റിന്‍കര സനല്‍ അറിയിച്ചു.

അതേ സമയം, ചിറയിന്‍കീഴിലെ സംഘര്‍ഷത്തിനിടെ തനിക്കൊപ്പമുണ്ടായിരുന്ന പാളയം പ്രദീപ് തന്റെ ഔദ്യോഗിക സ്റ്റാഫാണെന്ന രമ്യ ഹരിദാസ് എംഎല്‍എയുടെ വാദങ്ങള്‍ തെറ്റാണെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്തുവന്നു. നിയമസഭാ സെക്രട്ടേറിയറ്റില്‍ നിന്നുള്ള ഔദ്യോഗിക വിവരങ്ങള്‍ പ്രകാരം എംഎല്‍എയുടെ സര്‍ക്കാര്‍ അംഗീകൃത സ്റ്റാഫ് പട്ടികയില്‍ പാളയം പ്രദീപിന്റെ പേരില്ല.ഒരു എംഎല്‍എയ്ക്ക് സര്‍ക്കാര്‍ അനുവദിക്കുന്നത് മൂന്ന് ഔദ്യോഗിക സ്റ്റാഫ് അംഗങ്ങളെയാണ്. മണ്ഡലം പ്രതിനിധിയായി ഡെപ്യൂട്ടേഷനില്‍ നിയമിച്ച വിമല്‍, ഒരു ഡ്രൈവര്‍, മറ്റൊരു ഓഫീസ് ജീവനക്കാരന്‍ എന്നിവരാണ് നിലവില്‍ രമ്യ ഹരിദാസിന്റെ അംഗീകൃത സ്റ്റാഫ് പട്ടികയിലുള്ളത്.
നേരത്തെ ആലത്തൂര്‍ എംപിയായിരുന്ന കാലത്ത് പ്രദീപ് രമ്യയുടെ സ്റ്റാഫിലുണ്ടായിരുന്നുവെങ്കിലും, എംഎല്‍എയായ ശേഷം ഇയാളെ ഔദ്യോഗികമായി നിയമിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് യോഗത്തില്‍ ഔദ്യോഗിക പദവികളൊന്നുമില്ലാത്ത പാളയം പ്രദീപ് പങ്കെടുത്തത് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ ചോദ്യം ചെയ്തതാണ് വിവാദങ്ങളുടെ തുടക്കം. ഇതില്‍ പ്രകോപിതരായി രമ്യ ഹരിദാസും പ്രദീപും ചേര്‍ന്ന് ചോദ്യം ചെയ്ത പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട്ടില്‍ രാത്രിയിലെത്തുകയും, തുടര്‍ന്ന് അവിടെവെച്ച് രൂക്ഷമായ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടാവുകയുമായിരുന്നു.


