Wed. Sep 2nd, 2026

ജാതിയമായ അടിച്ചമര്‍ത്തലിനും അക്കാദമികമായ വിവേചനങ്ങള്‍ക്കുമെതിരെ മലയാളം യൂണിവേഴ്സിറ്റിയില്‍ സമരംചെയ്യുന്ന അനഘ ശശിയുടെ സമരപന്തലില്‍ സണ്ണി.എം.കപിക്കാട് നടത്തിയ അഭിവാദ്യപ്രസംഗത്തിലെ ഒരു നാക്ക് പിഴയുടെ പേരിൽ അദ്ദേഹത്തിനെതിരെ നടക്കുന്ന സോഷ്യല്‍ മീഡിയ ആക്രമണങ്ങളെയും കുടുംബത്തിനെതിരെ ഉയരുന്ന ഭീഷണികളെയും വേക്ക് അപ് കേരളം അപലപിക്കുന്നു. ഞങ്ങള്‍ സണ്ണി.എം.കപിക്കാടിന് പിന്തുണ പ്രഖ്യാപിക്കുന്നു. നാക്ക് പിഴയില്‍ ഖേദം പ്രകടിപ്പിച്ചിട്ടും വ്യക്തിയധിക്ഷേപം തുടരുന്നതില്‍ ഗൂഢമായ ഉദ്ദേശ്യങ്ങളുണ്ട്.

സണ്ണിയെ അക്രമിക്കുന്നതിലൂടെ ആ പ്രസംഗം നടത്തിയ വേദിയേയും അനഘയുടെ സമരത്തേയുമാണ് അവര്‍ അക്രമിക്കുന്നത്. സണ്ണി നടത്തിയ പ്രസംഗത്തിലുടനീളം നിറഞ്ഞുനിന്നത് രാജ്യത്തെ യൂണിവേഴ്സിറ്റികളില്‍ ഉള്‍പ്പെടെ ഇന്നും നിലനില്‍ക്കുന്ന ജാതീയമായ അടിച്ചമര്‍ത്തലിനെയും ബ്രാഹ്മണിക് ഹെജിമണിയെയും സംബന്ധിച്ച വിശദീകരണവും വിശകലനവുമായിരുന്നു. അനഘ നടത്തിവരുന്ന സമരത്തെ മനോഹരമായി സമര്‍ഥിക്കുന്നതായിരുന്നു. ആ സമരം എന്തുകൊണ്ട് പിന്തുണക്കപ്പെടണമെന്ന് വെളിവാക്കുന്നതായിരുന്നു.

പിന്നോക്ക ജനവിഭാഗങ്ങളില്‍ നിന്നും ഉന്നതവിദ്യാഭ്യാസത്തിന് എത്തിച്ചേരുന്ന ധിഷണാശാലികള്‍ എങ്ങനെയൊക്കെയാണ് കൈകാര്യംചെയ്യപ്പെടുന്നതെന്ന് അദ്ദേഹം രോഹിത് വെമുലയേയും നിതിന്‍ രാജിനേയും ഉദാഹരിച്ച് അവതരിപ്പിച്ചു. നമ്മുടെ സാമൂഹ്യ വ്യവസ്ഥ എങ്ങനെയാണ് പിന്നോക്ക ജനവിഭാഗങ്ങളെ ഉന്നതവിദ്യാഭ്യാസത്തില്‍ നിന്നും പുറംതള്ളുന്നത് എന്നും അദ്ദേഹം സൂചിപ്പിച്ചു. അനഘയുടെ കാര്യത്തില്‍ യൂണിവേഴ്സിറ്റി എവിടെയൊക്കെ ചട്ടലംഘനം നടത്തിയെന്ന് വിശദീകരിച്ചു. ദളിത് വിഭാഗത്തില്‍ നിന്നും വിദ്യാഭ്യാസത്തിനെത്തിച്ചേരുന്ന വിദ്യാര്‍ഥികള്‍ ആഗ്രഹിക്കുന്ന, അങ്ങനെയൊരു സാമൂഹ്യപശ്ചാത്തലത്തിൽ നിന്നല്ലാത്ത ഒരാള്‍ക്ക് നിസ്സാരമായി തോന്നാവുന്ന സാഹചര്യങ്ങൾ വിശദീകരിച്ചു.അതിലൂടെ ജാതിവിവേചനമെന്നാല്‍ വിവേചനം നടത്തുന്ന ആളിന്‍റെ പ്രവര്‍ത്തിയിലൂടെയല്ല, അതനുഭവിക്കുന്ന വ്യക്തിയുടെ അനുഭവത്തിലൂടെയാണ് മനസ്സിലാക്കേണ്ടത് എന്നദ്ദേഹം കൃത്യമായി പറഞ്ഞു.

പഠനം തുടരാനും ശാന്തമായി പഠിക്കാനുമുള്ള സാഹചര്യം യൂണിവേഴ്സിറ്റിയില്‍ സൃഷ്ടിക്കാന്‍വേണ്ടിയാണ് അനഘയുടെ സമരമെന്നും ജാതിയുടെ സാമൂഹ്യശാസ്ത്രവും ഘടനയും മന:ശാസ്ത്രവും അദ്ധ്യാപകര്‍ മനസിലാക്കേണ്ടത് അത്യാവശ്യമെന്നും അദ്ദേഹം വിശദീകരിച്ചു. സമഗ്രമായിരുന്നു ആ വിഷയാവതരണം. എന്നാല്‍ അവതരണത്തിന്‍റെ അവസാന ഘട്ടത്തില്‍ സമകാലിക രാഷ്ട്രീയം വിശദീകരിക്കാനായി അയോദ്ധ്യയിലും ശബരിമലയിലും നടന്ന അമ്പലക്കൊള്ളയെ വിശദീകരിക്കുന്ന വേളയിലാണ് നാക്ക് പിഴ സംഭവിച്ചത്. ശബരിമലയെയോ അവിടെ എത്തുന്ന വിശ്വാസികളെയോ അദ്ദേഹം അവഹേളിച്ചിട്ടില്ല. മറിച്ച്, അതിന് നമ്മള്‍ എതിരല്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അംബേദ്ക്കറിനെ ഉയർത്തിപ്പിടിച്ചു കൊണ്ടുള്ള സംഭാഷണമായിരുന്നു ഉടനീളം അത്.

അനഘയുടെ പക്ഷം ചേര്‍ന്നു നിന്നുകൊണ്ട് സണ്ണി എം കപിക്കാട് അവതരിപ്പിച്ച കാഴ്ചപ്പാടിന്‍റെ തെളിച്ചം സവര്‍ണ സാംസ്കാരിക ആധിപത്യത്തെ ഉലക്കുമെന്ന് അതിന്‍റെ വക്താക്കള്‍ തിരിച്ചറിഞ്ഞതിന്‍റെ സൂചനയാണ് അദ്ദേഹത്തിനെതിരെ തുടരുന്ന അധിക്ഷേപം. ഭരണത്തിന്‍റെ പിന്തുണയോടെ സാംസ്കാരിക ആധിപത്യം പുലര്‍ത്തുകയും ജനങ്ങളെ വിഭജിക്കുകയുംചെയ്യുന്ന പ്രത്യയശാസ്ത്രത്തിനെതിരെ, ആ വിവേചനം അനുഭവിക്കുന്ന ഒരു വ്യക്തിക്കുവേണ്ടിയാണ് സണ്ണി.എം.കപിക്കാട് സംസാരിച്ചത്. അതിലെ നാക്കുപിഴ പരിഗണിക്കപ്പെടേണ്ടതുപോലുമല്ലാതിരുന്നിട്ടും സണ്ണി.എം.കപിക്കാട് ഖേദം പ്രകടിപ്പിച്ചു. അദ്ദേഹം പുലര്‍ത്തുന്ന ജനാധിപത്യ സംസ്കാരമാണത്. ആ നാക്ക് പിഴയിലൂടെ സമരം അവമതിക്കപ്പെടരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു. അത്രയധികം അദ്ദേഹം ആ സമരത്തോട് ഐക്യപ്പെട്ടു. അത്രതന്നെ ആത്മാര്‍ഥതയോടെ വേക്ക് അപ്പ് കേരളം സണ്ണി.എം.കപിക്കാടിനോട് ഐക്യപ്പെടുന്നു. അനഘയോട് ഐക്യപ്പെടുന്നു.

വേക് അപ് കേരളത്തിനുവേണ്ടി,
കെ.സച്ചിദാനന്ദൻ (ചെയർപെഴ്സൺ)
9895207847



 

Leave a Reply