Tue. Aug 25th, 2026

പൂനെ: സ്ത്രീയുടെ വ്യക്തിത്വം കുടുംബബന്ധങ്ങളുടെ പേരിൽ മാത്രം നിർവചിക്കപ്പെടേണ്ടതല്ലെന്ന ശക്തമായ നിലപാടുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സ്ത്രീകൾ പിതാവിന്റെയോ ഭർത്താവിന്റെയോ മകന്റെയോ സ്വത്തല്ലെന്നും അവർ അവരുടേത് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. പൂണെയിൽ കോൺഗ്രസിന്റെ യുവജന സമ്പർക്ക പരിപാടിയായ ‘ഛാത്രോം കി ഗൂഞ്ചിൽ’ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

സ്ത്രീ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും പുരുഷ ബന്ധുക്കളുടെ അധികാരത്തിന് കീഴിലായിരിക്കണമെന്ന മനുസ്മൃതിയിലെ വ്യവസ്ഥ തികച്ചും ലജ്ജാകരമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ബാല്യത്തിൽ പിതാവിനും യൗവനത്തിൽ ഭർത്താവിനും ഭർത്താവ് മരിച്ചാൽ പുത്രന്മാർക്കും കീഴ്പ്പെട്ടിരിക്കണമെന്നും സ്ത്രീ ഒരിക്കലും സ്വതന്ത്രയാകരുതെന്നുമാണ് മനുസ്മൃതിയിൽ പറയുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. ഇത്തരം വാക്കുകൾ ഒരിക്കലും പറയാൻ പാടില്ലാത്തതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ഏറ്റവും വലിയ കരുത്ത് രാജ്യത്തെ 70 കോടിയോളം വരുന്ന സ്ത്രീകളുടെ സവിശേഷമായ ജീവിതയാത്രകളും ഭാവനകളും സ്വപ്നങ്ങളുമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സ്ത്രീകൾ സ്വന്തം നിലപാടിനായി നിലകൊള്ളുകയും സ്വന്തം കഴിവുകളിൽ വിശ്വസിക്കുകയും വേണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സ്ത്രീകൾക്ക് പിതാവ്, സഹോദരൻ, ഭർത്താവ്, മകൻ തുടങ്ങിയവരുമായി ബന്ധങ്ങളുണ്ടാകാമെങ്കിലും അവർ ആരുടെയും കീഴിലുള്ളവരല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മകൾ, ഭാര്യ, അമ്മ എന്നീ മൂന്ന് ബന്ധങ്ങളിലേക്ക് മാത്രം സ്ത്രീകളുടെ വ്യക്തിത്വം ചുരുക്കപ്പെടുന്ന സാഹചര്യം മാറണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പ്രഫഷണലുകളും കായികതാരങ്ങളുമായി വിവിധ മേഖലകളിൽ സ്ത്രീകൾ സജീവമാണെങ്കിലും പലപ്പോഴും അവരുടെ സ്വത്വം പുരുഷന്മാരുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് നിർണയിക്കപ്പെടുന്നത്. പരമ്പരാഗത സാമൂഹിക വേലിക്കെട്ടുകൾ തകർത്തെറിഞ്ഞ് സ്വന്തം സവിശേഷമായ സ്വപ്നങ്ങളുടെയും കഴിവുകളുടെയും അടിസ്ഥാനത്തിൽ സ്ത്രീകൾക്ക് സ്വതന്ത്രമായ വ്യക്തിത്വം ഉറപ്പാക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്.



 

Leave a Reply