Tue. Aug 25th, 2026

ന്യൂഡല്‍ഹി: പാര്‍ലിമെന്റിലേക്കുള്ള പ്രതിഷേധ മാര്‍ച്ചിനിടെ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ 19കാരനായ വിദ്യാര്‍ഥിക്ക് പരുക്കേറ്റ വിഷയത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് ഡല്‍ഹി പോലീസ്. പരാതിക്കാരനായ സാഹില്‍ ലോച്ചബിനൊപ്പം ഡല്‍ഹി പോലീസ് സ്റ്റേഷന് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് വരെ അവിടെ നിന്ന് മാറാന്‍ വിസമ്മതിച്ചിരുന്നു. ‘എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ 30 ദിവസമോ ആറുമാസമോ വേണമെങ്കിലും ഞാന്‍ പോലീസ് സ്റ്റേഷന് പുറത്ത് ധര്‍ണയിരിക്കും,’ എന്ന് രാഹുല്‍ ഗാന്ധി പോലീസിന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

പരാതിക്കാരനില്‍ നിന്ന് മെഡിക്കല്‍ റിപോര്‍ട്ടും മറ്റ് അനുബന്ധ രേഖകളും പോലീസ് ശേഖരിക്കുകയും, അദ്ദേഹത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ തിരിച്ചറിയാത്ത വ്യക്തികള്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തതായി പോലീസ് അറിയിച്ചു. എഫ് ഐ ആറിന്റെ പകര്‍പ്പ് രാഹുല്‍ ഗാന്ധിക്ക് കൈമാറുകയും അദ്ദേഹം അത് ക്യാമറകള്‍ക്ക് മുന്നില്‍ ഉയര്‍ത്തിക്കാണിക്കുകയും ചെയ്തു.

വിദ്യാര്‍ഥി സമരത്തിനിടെ പോലീസും അര്‍ധസൈനിക വിഭാഗങ്ങളും അമിതമായ ബലം പ്രയോഗിച്ചെന്ന ആരോപണങ്ങള്‍ പരിശോധിക്കുന്നതിനായി സുപ്രീം കോടതി ഒരു ഉന്നതതല വിദഗ്ധ സമിതിയെ (HPEC) നിയോഗിച്ചിട്ടുണ്ടെന്ന് ഡല്‍ഹി പോലീസ് രാഹുലിനെ അറിയിച്ചിരുന്നു. എന്നാല്‍, വിഷയത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ രാഹുല്‍ പോലീസ് സ്‌റ്റേഷനു മുമ്പില്‍ കുത്തിയിരുന്നത്.



 

Leave a Reply