ഹൈദരാബാദ്: ഹൈദരാബാദിലെ നാഷണൽ അക്കാദമി ഓഫ് ലീഗൽ സ്റ്റഡീസ് ആൻഡ് റിസർച്ച് യൂണിവേഴ്സിറ്റിയുടെ 2026 ലെ ബിരുദദാന ചടങ്ങിൽ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ സൂര്യകാന്തിനെ മുഖ്യാതിഥിയായി ക്ഷണിക്കാനുള്ള തീരുമാനത്തിനെതിരെ ഒരു വിഭാഗം വിദ്യാർത്ഥികൾ രംഗത്ത്. 2026 ലെ ബാച്ചിലെ 450-ലധികം വിദ്യാർത്ഥികൾ ഒപ്പിട്ട സംയുക്ത നിവേദനം വൈസ് ചാൻസലർ, രജിസ്ട്രാർ തുടങ്ങിയ സർവകലാശാല അധികൃതർക്ക് സമർപ്പിച്ചു. ചീഫ് ജസ്റ്റിസിനെ ക്ഷണിക്കുന്ന കാര്യം പുനഃപരിശോധിക്കണമെന്നും ഔദ്യോഗികമായി ക്ഷണിക്കുന്നതിന് മുൻപ് ബിരുദധാരികളായ ബാച്ചുമായി കൂടിയാലോചിക്കണമെന്നുമാണ് വിദ്യാർത്ഥികളുടെ പ്രധാന ആവശ്യം.
ഡൽഹി ജന്തർ മന്തറിലെ പാർലമെന്റ് മാർച്ചിനിടെ പ്രതിഷേധക്കാർക്ക് നേരെയുണ്ടായ പോലീസ് അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസ് ചീഫ് ജസ്റ്റിസ് കൈകാര്യം ചെയ്ത രീതിയിലാണ് വിദ്യാർത്ഥികൾ പ്രധാനമായും ആശങ്ക അറിയിച്ചിട്ടുള്ളത്. പോലീസ് ക്രൂരത വ്യക്തമാക്കുന്ന വീഡിയോ തെളിവുകൾ കാണാൻ അദ്ദേഹം വിസമ്മതിച്ചെന്നും, “വീഡിയോകളിൽ താൽപ്പര്യമില്ല, കാണാൻ സമയമില്ല” എന്ന് പറഞ്ഞതായും വിദ്യാർത്ഥികൾ ആരോപിക്കുന്നു. കൂടാതെ സമരം ചെയ്ത യുവാക്കളെ ‘കാക്കപ്പൂക്കൾ’ എന്ന് പരാമർശിച്ചതും, ഹർജിക്കാരുടെ വാദങ്ങൾ വെട്ടിച്ചുരുക്കിയതും ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ട ഒരു ഉന്നത ന്യായാധിപന് ചേർന്നതല്ലെന്ന് നിയമ വിദ്യാർത്ഥികൾ കത്തിൽ ചൂണ്ടിക്കാട്ടി.

സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 70-ഓളം പ്രതിഷേധക്കാർക്ക് പരിക്കേറ്റ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികളോട് ചീഫ് ജസ്റ്റിസ് കാണിച്ച നിസ്സംഗത തങ്ങളെ നിരാശരാക്കിയതായി വിദ്യാർത്ഥികൾ പറഞ്ഞു. ഭരണഘടനാ അവകാശങ്ങൾ, നീതി ഉറപ്പാക്കൽ, പൗരന്മാരുടെ പരാതികളിൽ ന്യായമായ ഇടപെടൽ എന്നിവയ്ക്കാണ് NALSAR സർവകലാശാല മുൻഗണന നൽകുന്നത്. അതിനാൽ, പ്രതിഷേധിക്കുന്ന പൗരന്മാർക്ക് നേരെയുള്ള പോലീസ് അതിക്രമങ്ങളെ തള്ളിക്കളയുന്ന നിലപാടെടുത്ത വ്യക്തിയിൽ നിന്ന് ബിരുദം സ്വീകരിക്കുന്നത് കോളേജ് പഠിപ്പിക്കുന്ന ആശയങ്ങൾക്ക് വിരുദ്ധമാണെന്നും വിദ്യാർത്ഥികൾ വാദിക്കുന്നു.
രണ്ടാഴ്ച മുൻപ് മുംബൈയിലെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മുഖ്യാതിഥിയായി എത്തേണ്ടിയിരുന്ന ബിരുദദാന ചടങ്ങ് വിദ്യാർത്ഥി പ്രതിഷേധ ഭീഷണിയെ തുടർന്ന് അവസാന നിമിഷം മാറ്റിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് NALSAR സർവകലാശാലയിലും ചീഫ് ജസ്റ്റിസിനെതിരെ വിദ്യാർത്ഥി പ്രതിഷേധം ശക്തമാകുന്നത്. ഈ വിഷയത്തിൽ യൂണിവേഴ്സിറ്റി ഭരണകൂടവുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച വിദ്യാർത്ഥികൾ ആഗസ്റ്റ് 10 ന് ഉള്ളിൽ തങ്ങൾക്ക് വ്യക്തമായ മറുപടി വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.


