Mon. Aug 10th, 2026

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ നായികയായി അരങ്ങേറ്റം കുറിച്ച ‘തുടക്കം’ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. മകളുടെ സിനിമാ അരങ്ങേറ്റവും ആദ്യ ചിത്രത്തിന് ലഭിക്കുന്ന സ്വീകാര്യതയും നൽകിയ സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ് മോഹൻലാൽ ഇപ്പോൾ.

ഒരച്ഛന്റെ ഹൃദയം നിറയാൻ ഇതിൽക്കൂടുതൽ എന്തുവേണമെന്നാണ് താരം കുറിച്ചത്. ‘തുടക്ക’ത്തിലൂടെ വിസ്മയ തന്റെ യാത്ര തുടങ്ങുന്നത് കാണാനും, പ്രേക്ഷകർ അവൾക്ക് നൽകുന്ന സ്നേഹം കാണാനും കഴിഞ്ഞത് വലിയൊരു അനുഗ്രഹമാണെന്നും അദ്ദേഹം വ്യക്തമാക്കി. കുഞ്ഞായിരുന്ന കാലം മുതലേ അറിയുകയും സ്നേഹിക്കുകയും ചെയ്യുന്ന ആശിഷ് ജോ ആന്റണി മകൾക്കൊപ്പ ഈ മനോഹരമായ യാത്രയിൽ പങ്കാളിയാകുന്നത് കാണുമ്പോൾ ഹൃദയം അതിയായ സന്തോഷത്താൽ നിറയുകയാണെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

ചിത്രത്തിന്റെ നിർമാതാവായ ആന്റണി പെരുമ്പാവൂരിന്റെ മകനാണ് ആശിഷ് ജോ ആന്റണി. ബ്ലോക്ക്ബസ്റ്റർ ചിത്രം ‘2018’-നു ശേഷം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ‘തുടക്കം’ ഒരു ആക്ഷൻ ത്രില്ലർ സ്വഭാവമുള്ള ചിത്രമാണ്. ചിത്രത്തിൽ മോഹൻലാൽ നിർണായകമായ ഒരു അതിഥി വേഷത്തിലും എത്തുന്നുണ്ട്. സായ് കുമാർ, ജാഫർ ഇടുക്കി, മനോജ് കെ ജയൻ, കെ.ബി. ഗണേഷ് കുമാർ തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ അണിനിരന്നിരിക്കുന്നത്. ജേക്സ് ബിജോയ് സംഗീതവും ജോമോൻ ടി. ജോൺ ക്യാമറയും നിർവഹിച്ചിരിക്കുന്ന ചിത്രം ബോക്സ് ഓഫീസിൽ മികച്ച മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്.



 

Leave a Reply