Fri. Aug 7th, 2026

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വീഡിയോ ഫെയ്സ്ബുക്കിൽനിന്ന് നീക്കം ചെയ്ത സംഭവത്തിൽ മെറ്റ മേധാവി മാർക് സക്കർബർഗ് മൂന്ന് ദിവസത്തിനകം മാപ്പ് പറയണമെന്ന് പാർലമെന്ററി സമിതി ആവശ്യപ്പെട്ടു. ചോദ്യപ്പേപ്പർ ചോർച്ച തടയാൻ കർശന നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി യുവാക്കൾക്ക് ഉറപ്പുനൽകുന്ന വീഡിയോയാണ് ഫെയ്സ്ബുക്കിൽനിന്ന് നീക്കം ചെയ്യപ്പെട്ടത്. ഗുരുതരമായ ഈ വീഴ്ചയെ തുടർന്ന് ബിജെപി എംപി നിഷികാന്ത് ദുബെയുടെ അധ്യക്ഷതയിലുള്ള ഐടി പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി മെറ്റയുടെ പ്രതിനിധികളെ വിളിച്ചുവരുത്തി കടുത്ത ചോദ്യശരങ്ങൾ ഉന്നയിക്കുകയുണ്ടായി.

പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്തത് സാങ്കേതികമായി സംഭവിച്ച പിഴവാണെന്നാണ് മെറ്റയുടെ പ്രതിനിധികൾ യോഗത്തിൽ വിശദീകരിച്ചത്. കൂടാതെ സംഭവത്തിൽ അവർ ഖേദപ്രകടനം നടത്തുകയും മാപ്പ് പറഞ്ഞ് തടിയൂരാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ മെറ്റയുടെ ഈ മറുപടിയിലും ഖേദപ്രകടനത്തിലും ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയവും പാർലമെന്ററി സമിതിയും ശക്തമായ അതൃപ്തി രേഖപ്പെടുത്തി.

എന്തുകൊണ്ടാണ് ഇത്തരമൊരു വീഴ്ച സംഭവിച്ചതെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട സമിതി, വെറുമൊരു ഖേദപ്രകടനം കൊണ്ടുമാത്രം പ്രശ്നം അവസാനിക്കില്ലെന്നും വ്യക്തമാക്കി. വീഴ്ചയുടെ യഥാർത്ഥ ഉത്തരവാദിത്തം കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. തുടർന്ന് മാർക് സക്കർബർഗ് നേരിട്ട് മാപ്പ് പറയണമെന്ന നിർദ്ദേശവും കമ്മിറ്റി മുന്നോട്ടുവെച്ചു.

മൂന്ന് ദിവസത്തിനകം മെറ്റ മേധാവി പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കിൽ കമ്പനിക്കുള്ള നിയമപരിരക്ഷ പിൻവലിക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന കർശന മുന്നറിയിപ്പും പാർലമെന്ററി സമിതി നൽകിയിട്ടുണ്ട്. നിലവിലുള്ള സംഭവവികാസങ്ങൾ മെറ്റയ്ക്കും മറ്റ് സമൂഹമാധ്യമ ഭീമന്മാര്‍ക്കും വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്.



 

Leave a Reply