Sat. Aug 29th, 2026

ചേർത്തല: മഹാമാന്ത്രിക ഡാകിനി അമ്മൂമ്മയുടെ പ്രത്യക്ഷീകരണത്തിൻറെ സ്മരണയിൽ അഖില ലോക മായാവിസ്റ്റ് തിരുസഭ മദ്യകേരള മഹാ ഇടവകയുടെ രാവണ മാസാചരണ പരിപാടിയോടനുബന്ധിച്ച് വെള്ളിയാഴ്ച അർദ്ധരാത്രി ചേർത്തല ‘ഡാകിന്യാസന’ത്തിൽ ഡാകിനി അമ്മൂമ്മയെ പ്രതിഷ്ഠിച്ചു!

ഭക്തജനങ്ങൾ നിരന്തരമായി ആവശ്യപ്പെടുന്നുണ്ടായിരുന്നെങ്കിലും മായാവിസ്റ്റ് തിരുസഭയുടെ ദൈവശാസ്ത്ര വിരുദ്ധമായി ഡാകിനിയെ ആരാധിക്കാമോ എന്ന ഒരു ശങ്ക തിരുസഭയുടെ അഭിവന്ദ്യ പിതാക്കന്മാർക്ക് എല്ലാവർക്കും ഉണ്ടായിരുന്നതുകൊണ്ട് അക്കാര്യത്തിൽ ഒരു തീരുമാനം എടുക്കാൻ വൈകിയിരുന്നത്.

എന്നാൽ കഴിഞ്ഞ ജൂലൈ 25ന് വൈകുന്നേരത്തെ മേശമേൽ ശുസ്രൂഷയ്ക്ക് ശേഷം രാത്രി അഖില ലോക മായാവിസ്റ്റ് തിരുസഭയുടെ മദ്യകരള മഹാ ഇടവകയുടെ സഹായ മെത്രാൻ മാർ ഗൊണോറിയസ് തൃതീയൻ മെത്രാപ്പോലീത്ത പള്ളിഉറങ്ങുമ്പോൾ അത്യാധുനിക സൗകര്യങ്ങളെല്ലാമുള്ള ആപ്പിളിൻറെ ഒരു സ്മാർട്ട് വച്ചും കെട്ടി ഡാകിനി മാതാവ് നേരിട്ട് പ്രത്യക്ഷയാവുകയും ബഹു സഹായ മെത്രാനെ വിളിച്ചുണർത്തി തൻറെ പേരിൽ ഒരു നിത്യാരാധനാ കേന്ദ്രം ആരംഭിക്കുന്നതിന് അനുമതി നൽകുകയും, അതിലേക്കാവശ്യമായ ഉടമ്പടിയും പ്രാർത്ഥനകളും ആചാരക്രമങ്ങളുമെല്ലാം വിവരിച്ചു കൊടുക്കുകയും രോഗശാന്തിവരം കൂടാതെ അന്യഭാഷാ വരം ഉൾപ്പെടെ നിരവധി അഭിഷേകങ്ങൾ നൽകി അനുഗ്രഹിച്ച ശേഷം ലുട്ടാപ്പിയുടെ കുന്തത്തിൽ കയറി അപ്രത്യക്ഷയായി.

ഈ പ്രത്യക്ഷീകരണത്തിൻറെ സ്മരണ നിലനിർത്താനാണ് ഡാകിനി അമ്മൂമ്മയുടെ സ്മാർട്ട് വാച്ചും കെട്ടി നിൽക്കുന്ന പ്രതിമ സ്ഥാപിക്കാൻ തീരുമാനിച്ചത്. ഇതനുസരിച്ച് വളരെ പെട്ടന്നുതന്നെ പ്രതിമ നിർമ്മാണം പൂർത്തീകരിച്ച് പ്രതിഷ്ഠിക്കുകയായിരുന്നു.

കൂടാതെ തിയോളജിയും നോക്കി മായാവിയെയും വെച്ച് മേശമേൽ ശുസ്രൂഷയും മാത്രം കൊണ്ടിരുന്നിട്ട് കാര്യമില്ലെന്നും സഭ സാമ്പത്തീകമായി പച്ചപിടിക്കണമെങ്കിൽ ഡാകിനിമാതാവിന്റെ പേരിൽ ധ്യാനകേന്ദ്രം തുടങ്ങണമെന്നും ഉന്നതാധികാര സമിതിയിൽ ഭൂരിപക്ഷം പേരും അവശ്യപ്പെട്ടതിനാൽ മായാവിസ്റ്റ് തിരുസഭയുടെ അദ്ധ്യക്ഷൻ മാർ ഫ്രാൻസിസ് സേവ്യർ വലിയ മെത്രോപ്പോലീത്ത ഡാകിന്യാസനത്തിനു സഭയുടെ അംഗീകരമുദ്ര ചാർത്തിക്കൊടുക്കുകയും ചെയ്തു.

വെള്ളിയാഴ്ച രാത്രി മഹാ മാന്ത്രിക ഡാകിനി അമ്മൂമ്മയുടെ സ്മാർട്ട് വാച്ചും കെട്ടി നിൽക്കുന്ന പ്രതിമയുടെ പ്രാണ പ്രതിഷ്‌ഠ ചടങ്ങുകൾ ആരംഭിച്ചത് മുതൽ ഡാകിനി അമ്മൂമ്മ അത്ഭുതം പ്രവർത്തിച്ചു തുടങ്ങി. പ്രകൃതിപോലും
കലിതുള്ളാൻ ആരംഭിച്ചു. കൊടുംകാറ്റും പേമാരിയും ഇടിവെട്ടും ഒക്കെ ആരംഭിച്ചിട്ടും വിളക്കിലെയും ഹോമകുണ്ഡത്തിലെയും തീ അണയാതിരുന്നതും ഭക്തജനങ്ങളെ അത്ഭുത പരതന്ത്രരാക്കി.

ആലപ്പുഴ ജില്ലയിൽ പാമ്പ് രാജാവിൻറെ ജന്മദിനത്തിന് വരെ വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് അവധികൊടുത്തിട്ടും മഹാമന്ത്രിക ഡാകിനി അമ്മൂമ്മയുടെ പ്രതിഷ്‌ഠ ചടങ്ങുകൾക്ക് ചേർത്തല ടൗണിൽ പോലും നമ്മുടെ തിരുസഭ ആവശ്യപ്പെട്ടിട്ടും അവധി നൽകാൻ തയാറാകാതിരുന്ന അധികാരികളെ നാണം കെടുത്തിക്കൊണ്ട് ഡാകിനി അമ്മൂമ്മ തൻറെ അരൂപികളെ അയച്ചു അത്ഭുതം പ്രവർത്തിക്കുകയും ആലപ്പുഴ ജില്ലയിലും അടുത്തുള്ള ജില്ലകളിലും ഇന്നലെ മാത്രമല്ല ഇന്നും കൂടി അവധി പ്രഖ്യാപിക്കാനുള്ള സാഹചര്യം സംജാതമാക്കി.

വെള്ളിയാഴ്ച്ച അർദ്ധരാത്രിക്ക് മുൻപേ തന്നെ ആരംഭിച്ച പ്രാണ പ്രതിഷ്‌ഠ ചടങ്ങുകൾ ശനിയാഴ്‌ച രാവിലെ 9 മണിയോടെയാണ് പരിസമാപ്തി കുറിച്ചത്. കൗളാചാരപരമായി ഡാകിനീ സേവ നടത്തി മായാമാളവ കൗളവ മന്ത്രം ചൊല്ലി വിമല ചൈതന്യ സ്വാമികളും സംഘവും ‘ഡാകിനി അമ്മൂമ്മ’യെ പ്രതിഷ്ഠിച്ചു.

ആപ്പിൾ സ്‍മാർട്ട് വച്ചും കെട്ടി നിൽക്കുന്ന രൂപത്തിൽ മഹാ മാന്ത്രിക ഡാകിനിയമ്മൂമ്മയുടെ സ്റ്റൈലിഷ് ലുക്കിലുള്ള പ്രതിമയാണ് പ്രതിഷ്ഠിച്ചിട്ടുള്ളത്. സഹായ മെത്രാൻ മാർ ഗൊണോറിയസ് തിരുമേനി പറഞ്ഞുകൊടുത്ത് വരച്ച ചിത്രം നോക്കി സുമനൻ സാറിൻറെ പ്രിയ സുഹൃത്ത് ആയ കലാകാരൻ പിഎസ് വേലായുധൻ നിർമ്മിച്ച പ്രതിമയാണിതെന്ന പ്രത്യകതയും ഇതിനുണ്ട്. പ്രതിമാ പ്രതിഷ്‌ഠ ചടങ്ങുകൾ നടക്കുമ്പോൾ തന്നെ യാഗശാലയിൽ മുടിയേറ്റും നടന്നിരുന്നു, ഡാകിനി അമൂമ്മ മാർ ഗൊണോറിയസ് തിരുമേനിക്ക് തിരുശേഷിപ്പായി പ്രതിഷ്ഠിക്കാൻ മുറിച്ചുകൊടുത്ത തൻറെ കുറച്ച് ‘തിരുകേശ’വും പ്രതിമയ്ക്ക് മുന്നിലായി പ്രത്യേക പേടകത്തിലാക്കി പ്രതിഷ്ഠിച്ചിട്ടുണ്ട്.

ഇത് മോൺസൻ മാവുങ്കൽ അർത്തുങ്കലിലെ സെൻറ് ജോർജ്ജ് പള്ളിക്കാർക്ക് കൊടുത്തു പറ്റിച്ച തിരുമുടിയോ മറ്റേ പിണറായി വിജയൻ ബോഡി വേസ്റ്റ് എന്ന് പറഞ്ഞു പരിഹസിച്ച തിരുകേശമോ പോലുള്ള ഉടായിപ്പ് കേശങ്ങളൊന്നുമല്ല, ഡാകിനി അമ്മൂമ്മയുടെ ഒർജിനൽ തിരു കേശമാണ്. ഭക്തജനങ്ങൾക്ക് തിരുമുടി ദർശിക്കാനും ആവശ്യക്കാർക്ക് മുടിവെള്ളം കുടിക്കാനും പ്രത്യേക സൗകര്യം ഒരുക്കുന്നതാണ്.

മായാവിസ്റ്റ് തിരുസഭയുടെ പരമാദ്ധ്യക്ഷൻ മേജർ ആർച്ച് ബിഷപ്പ് മാർ ഫ്രാൻസിസ് സേവ്യർ വലിയ മെത്രാപ്പാലീത്ത ഡാകിനി പ്രതിമയും തിരുകേശവും ആശിർവദിക്കുകയും ഡാകിന്യാസനത്തെ മായാവിസ്റ്റ് തിരുസഭയുടെ തിയോളജി റിസർച്ച് സെൻററും ധ്യാനകേന്ദ്രവുമായി മായി പ്രഖ്യാപിക്കുകയും ചെയ്തു, ധ്യാനം കൂടൽ മാത്രമല്ല വിശുദ്ധ ബാലരമയെക്കുറിച്ചുള്ള വിവിധങ്ങളായ വിശ്ലേഷണ സംശ്ലേഷണ പഠനങ്ങൾക്ക് ഇവിടെ സൗകര്യം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

അന്നേ ദിവസം ഡാകിനി അമ്മൂമ്മയുടെ പ്രതിമാ പ്രതിഷ്‌ഠയും തിരുകേശ പ്രതിഷ്ഠയും മാത്രമാണ് നടക്കുകയെന്നും ‘ഡാകിന്യാസനം’ പത്രത്തിലേക്ക് ഡാകിനി അമ്മൂമ്മയുടെ അത്ഭുത ശക്തി ആക്ടിവേറ്റ്‌ ചെയ്യുന്ന കർമ്മങ്ങൾ ആഗസ്റ്റ് 16 നു dakinyasanam.com ൻറെ ഓണലൈൻ ലോഞ്ചിങ്ങിന് മുൻപായി നടക്കുമെന്നും എന്നാൽ ഓണലൈൻ ‘ഡാകിന്യാസനം’ വായിച്ചാലോ അതിൻറെ പ്രിൻറ് ഔട്ട് എടുത്ത് തിന്നാലോ അത്ഭുത ശക്തി കാണിക്കില്ലെന്നും. അതിന് ഒറിജിനൽ ‘ഡാകിന്യാസനം’ പത്രത്തിന്റെ പ്രിന്റഡ് എഡീഷൻ തന്നെ വരിസംഖ്യ അടച്ചു വാങ്ങി ഉപയോഗിക്കണം എന്നും വിമല ചൈതന്യ സ്വാമികൾ പറഞ്ഞു. ഇപ്പോൾ ‘ഡാകിന്യാസനം’ പത്രത്തിൻറെ മലയാളം എഡീഷൻ മാത്രമാണ് പ്രിന്റഡ് ആയി ഇറക്കാൻ ഉദ്ദേശിക്കുന്നത്.

ചടങ്ങിനെത്തിയ മൂന്ന് ആചാര്യന്മാരെയും മാർ ഗോണോറിയസ്‌ തൃതീയൻ തിരുമേനി പൂർണ്ണകുംഭങ്ങൾ നൽകിയാണ് സ്വീകരിച്ചത്. ആഗസ്റ്റ് 16 ഞായറാഴ്ച്ചയാണ് രാവണ മാസാചരണത്തിൻറെ സമാപന ചടങ്ങുകൾ നടക്കുക. കുട്ടൂസൻ തോറ്റാലും ഡാകിനി അമ്മൂമ്മ ജയിക്കും, രോഗങ്ങൾ പമ്പ കടക്കും!