കോഴിക്കോട്: കോഴിക്കോട് മുണ്ടുപാലത്ത് യുവാവിനെ വാടകവീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങല്ലൂർ സ്വദേശി ഷെരീഫ് അഹമ്മദിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കൊലപാതക സാധ്യത പോലീസ് പരിശോധിച്ചുവരികയാണ്.

ഷെരീഫ് അഹമ്മദിന്റെ സുഹൃത്താണ് മരണവിവരം പന്തീരങ്കാവ് പോലീസ് സ്റ്റേഷനിൽ അറിയിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ആരംഭിച്ചു. മൃതദേഹത്തിൽ വിവിധ ഭാഗങ്ങളിൽ രക്തപ്പാടുകൾ കണ്ടെത്തിയതായാണ് വിവരം.
കഴിഞ്ഞ രാത്രി പ്രദേശത്ത് നായകൾ കൂട്ടമായി കുരച്ചിരുന്നുവെന്നും ശക്തമായ മഴയായിരുന്നതിനാൽ അത് പ്രത്യേകിച്ച് ശ്രദ്ധിച്ചില്ലെന്നും അയൽവാസികൾ പറഞ്ഞു.
അതേസമയം, ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട തർക്കമോ മറ്റ് സാഹചര്യങ്ങളോ മരണത്തിന് കാരണമായിരിക്കാമെന്നാണ് നാട്ടുകാരുടെ സംശയം. എട്ട് മാസം മുമ്പാണ് വീട് വാഹനക്കച്ചവടവുമായി ബന്ധപ്പെട്ടവർക്കു വാടകയ്ക്ക് നൽകിയതെന്നും ഇവിടെ സ്ഥിരതാമസക്കാർ ഉണ്ടായിരുന്നില്ലെന്നും പ്രദേശവാസികൾ പറയുന്നു.
സംഭവത്തിന്റെ യഥാർഥ കാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ടും വിശദമായ അന്വേഷണവും പൂർത്തിയായ ശേഷമേ വ്യക്തമാകൂ.


