Mon. Jul 27th, 2026

കണ്ണൂര്‍: പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കോപ്പിയടിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കാസര്‍ഗോഡ് പൈവളിഗെ കുരുടപ്പദവിലെ സദന്‍ഗയ ഹൗസില്‍ എസ് ജനാര്‍ദന (36) യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കെഎസ്ഇബി വൊര്‍ക്കാടി സെക്ഷനിലെ താല്‍ക്കാലിക ജീവനക്കാരനാണ് ജനാര്‍ദന. ഈ മാസം ഒന്നിന് മട്ടന്നൂര്‍ പോളി ടെക്‌നിക് കോളജില്‍ നടന്ന കേരള ഗവ. സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷനിലാണ് (കെജിസിഇ) കോപ്പിയടി നടന്നത്. ജനാര്‍ദനയ്ക്ക് നിയമനം സ്ഥിരമാകണമെങ്കില്‍ ഈ പരീക്ഷ ജയിക്കണമായിരുന്നു.

കണ്ണൂര്‍ മോഡേണ്‍ ഐടിഐയില്‍ പരീക്ഷക്ക് വേണ്ടിയുള്ള പരിശീലന ക്ലാസില്‍ ജനാര്‍ദന പങ്കെടുത്തിരുന്നു. ഈ സ്ഥാപനത്തിലെ അധ്യാപകനായ വടകര സ്വദേശി സുരേഷ് ബാബുവാണ് മൊബൈല്‍ ഫോണിലൂടെ ഉത്തരങ്ങള്‍ നല്‍കിയതെന്നും പോലീസ് കണ്ടെത്തി. സംഭവത്തിന് പിന്നാലെ സുരേഷ് ബാബു ഒളിവില്‍ പോയി

സുരേഷ് ബാബു അഡ്മിനായുള്ള വാട്‌സാപ്പ് ഗ്രൂപ്പ് വഴിയാണ് ഉത്തരങ്ങള്‍ നല്‍കിയത്. ജനാര്‍ദനയെ കൂടാതെ 21 പേര്‍ കൂടി പരീക്ഷ എഴുതിയിട്ടുണ്ട്. ഇവര്‍ക്കും ഇത്തരത്തില്‍ ഉത്തരം നല്‍കിയിട്ടുണ്ടോ എന്ന് അന്വേഷണം നടത്തുകയാണ്.

കൂത്തുപറമ്പ് എസിപി സിബി ടോമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ജനാര്‍ജനയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.



 

Leave a Reply