Sun. Jul 26th, 2026

മൈസൂരു: വിഖ്യാത പിന്നണി ഗായിക എസ് ജാനകിയുടെ സംസ്‌കാര ചടങ്ങുകള്‍ കഴിഞ്ഞു. മൈസൂരുവിലെ കനിയനഹുണ്ഡി നവീന്‍ ഫാമില്‍ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നട ന്നത്. ചെറുമകൾ അപ്സര വൈദ്യുലയാണ് അന്ത്യകർമ്മങ്ങൾ ചെയ്തത്.

തെന്നിന്ത്യന്‍ സിനിമാ മേഖലയിലെ പ്രമുഖരും സംഗീതലോകത്തെ നിരവധി പ്രമുഖരും സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. ഗായികമാരായ കെ എസ് ചിത്ര, സുജാത എന്നിവര്‍ ഉള്‍പ്പെടെ നിരവധി പേര്‍ ജാനകിയമ്മയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ചു.

ഞായറാഴ്ച  രാവിലെ മുതല്‍ മൈസൂരു മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരുന്നു. ആയിരക്കണക്കിന് ആരാധകരാണ് പ്രിയഗായികയെ അവസാനമായി ഒരുനോക്ക് കാണാനെത്തിയത്. പൊതുദര്‍ശനത്തിന് ശേഷമാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്.

ജാനകിയമ്മയുടെ ഏകമകനും പ്രശസ്ത നര്‍ത്തകനുമായ മുരളീകൃഷ്ണ നേരത്തെ 65-ാം വയസ്സില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിരുന്നു. കുച്ചിപ്പുടി നര്‍ത്തകി ഉമയാണ് മുരളീകൃഷ്ണയുടെ ഭാര്യ. സംഗീതലോകത്തിന് നികത്താനാകാത്ത നഷ്ടം സമ്മാനിച്ച ജാനകിയമ്മയുടെ വേര്‍പാടില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.

1938 ഏപ്രിൽ 23-ന് ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ ഒരു ആയുർവേദ ഡോക്ടറുടെ മകളായി ജനിച്ച ജാനകിക്ക് സംഗീതം ഒരു ഉപാസനയായിരുന്നു. ഔപചാരികമായി സംഗീതം പഠിച്ചിട്ടില്ലെങ്കിലും പ്രകൃതിയിലെ നാദങ്ങളെയും റേഡിയോയിലെ ഈണങ്ങളെയും സ്വാംശീകരിക്കാനുള്ള അസാധാരണമായ കഴിവ് അവർക്കുണ്ടായിരുന്നു. നാടകകലാകാരനായ അമ്മാവൻ ഡോ. ചന്ദ്രശേഖറും മകൻ വി. രാമപ്രസാദുമാണ് ജാനകിയിലെ അസാധാരണ പ്രതിഭയെ തിരിച്ചറിഞ്ഞ് മദ്രാസിലെ സംഗീത ലോകത്തേക്ക് വഴിനടത്തിയത്.

1957-ൽ, തന്റെ പത്തൊൻപതാം വയസ്സിൽ എവിഎം സ്റ്റുഡിയോയിൽ ഒരു സാധാരണ ജീവനക്കാരിയായി എത്തിയ ജാനകി, ‘വിധിയിൻ വിളയാട്ട്’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് പിന്നണിഗാന രംഗത്തേക്ക് കടന്നുവരുന്നത്. ആ വർഷം തന്നെ ‘മിന്നുന്നതെല്ലാം പൊന്നല്ല’ എന്ന ചിത്രത്തിലെ “ഇരുൾ മൂടുകയോ എൻ വാഴ്‌വിൽ” എന്ന ഗാനത്തിലൂടെ അവർ മലയാളക്കരയുടെ ഹൃദയത്തിലേക്ക് നടന്നു കയറി. തുടർന്ന് 1958-ൽ തന്റെ കരിയറിന് കരുത്തുപകർന്ന രാമപ്രസാദുമായി വിവാഹിതയായതോടെ ജാനകിയുടെ ജീവിതം കൂടുതൽ സംഗീതസാന്ദ്രമായി. 1997-ൽ ഭർത്താവിന്റെ മരണം അവരെ തളർത്തുകയും സംഗീതത്തിൽ നിന്ന് താല്ക്കാലികമായി അകറ്റുകയും ചെയ്തെങ്കിലും, ആരാധകരുടെയും സംഗീത ലോകത്തിന്റെയും അടങ്ങാത്ത ആഗ്രഹവും നിർബന്ധവും മാത്രമാണ് അവരെ വീണ്ടും ആ മൈക്രോഫോണിന് മുന്നിൽ എത്തിച്ചത്.

കൗമാരപ്രായം മുതൽ തന്നെ ശ്വാസം മുട്ടിക്കുന്ന ആസ്മ രോഗത്തിന്റെ കടുത്ത ബുദ്ധിമുട്ടുകൾ ജാനകിയെ അലട്ടിയിരുന്നു. എന്നാൽ, പാടുമ്പോൾ അവരിലെ രോഗി എങ്ങോ മറഞ്ഞുപോകുമായിരുന്നു. നാം ഇന്നും നെഞ്ചേറ്റുന്ന പല ആർദ്ര ഗാനങ്ങളും ജാനകിയമ്മ പാടിയത് ആശുപത്രിക്കിടക്കയിലെ കടുത്ത വേദനകളിൽ നിന്ന് എഴുന്നേറ്റു വന്നിട്ടായിരുന്നു എന്നത് കേവലം അത്ഭുതത്തിനപ്പുറം സംഗീതത്തോടുള്ള അവരുടെ ആത്മസമർപ്പണത്തിന്റെ തെളിവാണ്. മലയാളത്തിൽ മാത്രം ആയിരത്തി ഇരുന്നൂറിലധികം പാട്ടുകൾ പാടിയ അവർക്ക്, എം.എസ്. ബാബുരാജ് എന്ന സംഗീത മാന്ത്രികനുമായുള്ള കൂട്ടുകെട്ട് അമരത്വമുള്ള ഗാനങ്ങൾ സമ്മാനിച്ചു. ബാബുക്കായുടെ ഹാർമോണിയത്തിൽ നിന്ന് ഉതിർന്നുവീണ മാന്ത്രിക ഈണങ്ങൾക്ക് ജാനകിയുടെ നാദം ചേർന്നപ്പോൾ അത് മലയാളിയുടെ പ്രണയത്തിന്റെയും വിരഹത്തിന്റെയും എക്കാലത്തെയും വലിയ അടയാളങ്ങളായി മാറി. ശാസ്ത്രീയ സംഗീതം പഠിക്കാത്ത ഒരാൾക്ക് എങ്ങനെ ഇത്രയും കൃത്യതയോടെ അർദ്ധ ശാസ്ത്രീയ ഗാനങ്ങൾ ആലപിക്കാൻ കഴിയുമെന്നത് സംഗീത വിദഗ്ദ്ധരെപ്പോലും അത്ഭുതപ്പെടുത്തിയ കാര്യമാണ്. ഭാവ തീവ്രത കൊണ്ടും ശബ്ദ നിയന്ത്രണം കൊണ്ടും അവർ ഓരോ ഭാഷയിലും അതാത് നാട്ടിലെ സ്വന്തം ഗായികയായി ജീവിച്ചു.

നാല് തവണ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരവും കേരള സർക്കാരിന്റെ 11 പുരസ്കാരങ്ങളും ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 22-ലധികം ബഹുമതികൾ ഈ വാനമ്പാടിയെ തേടിയെത്തി. വെറുമൊരു ഗായിക എന്നതിനപ്പുറം ഗാനരചയിതാവായും സംഗീതസംവിധായികയായും അവർ തന്റെ പ്രതിഭ തെളിയിച്ചു. എന്നാൽ, പുരസ്കാരങ്ങളേക്കാൾ വലുത് ആസ്വാദകരുടെ സ്നേഹമാണെന്ന് വിശ്വസിച്ച വ്യക്തിയായിരുന്നു അവർ. 2013-ൽ രാജ്യം പത്മഭൂഷൺ ബഹുമതി പ്രഖ്യാപിച്ചപ്പോൾ, തെന്നിന്ത്യൻ കലാകാരന്മാരെ രാജ്യം വേണ്ടവിധം പരിഗണിക്കുന്നില്ലെന്നും വൈകി വന്ന അംഗീകാരങ്ങൾ ആവശ്യമില്ലെന്നും ധീരമായി പ്രഖ്യാപിച്ച് ആ അവാർഡ് നിരസിച്ച ജാനകിയമ്മയുടെ നിലപാട് കായിക-സാംസ്കാരിക രംഗങ്ങളിൽ വലിയ ചർച്ചയായിരുന്നു. പുരസ്കാരങ്ങളോടുള്ള ഈ നിസംഗതയും തന്റേടവുമാണ് അവരെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാക്കിയത്.

തന്റെ 79-ാം വയസ്സിൽ, അതായത് 2017 ഒക്ടോബറിലാണ് ജാനകിയമ്മ ഇനി താൻ പൊതുവേദികളിൽ പാടുന്നില്ലെന്ന പ്രഖ്യാപനത്തോടെ സംഗീത ജീവിതത്തോട് ഔദ്യോഗികമായി വിടപറഞ്ഞത്. അതിന് തൊട്ടുമുൻപ് പുറത്തിറങ്ങിയ ‘പത്തു കൽപനകൾ’ എന്ന ചിത്രത്തിലെ “അമ്മപ്പൂവിന് തണലൊരുക്കാൻ…” എന്ന താരാട്ടുപാട്ടാണ് അവർ മലയാള സിനിമയ്ക്ക് വേണ്ടി അവസാനമായി പാടിയത്. ആ പാട്ടിലെപ്പോലെ തന്നെ, ഒരു അമ്മയുടെ വാത്സല്യത്തോടെ വരുംതലമുറകൾക്ക് മുഴുവൻ തണലൊരുക്കിയാണ് ആ സ്വരമാധുര്യം വിടവാങ്ങുന്നത്. ജാനകിയമ്മയുടെ ശരീരം ഭൗതികമായി ഇല്ലാതാകുമ്പോഴും, ഈ ഭൂമിയിൽ പ്രണയമുള്ളടത്തോളം, വിരഹവേദനയോടെ ആരെങ്കിലും കരയുന്നിടത്തോളം, ഒരു അമ്മ കുഞ്ഞിനെ താരാട്ടി ഉറക്കുന്നിടത്തോളം കാലം ആ ശബ്ദം അന്തരീക്ഷത്തിൽ അലയടിച്ചുകൊണ്ടേയിരിക്കും. ലോകം മുഴുവൻ സുഖം പകരാനായി അവതരിച്ച ആ ശബ്ദത്തിന്, കോടിക്കണക്കിന് വരുന്ന സംഗീത പ്രേമികളുടെ കണ്ണീരണിഞ്ഞ പ്രണാമം.



 

Leave a Reply