മലയാളികളെ തിയേറ്ററുകളിൽ കുടുകുടെ ചിരിപ്പിച്ച സൂപ്പർഹിറ്റ് ചിത്രം ‘ഹാപ്പി ഹസ്ബൻഡ്‌സ്’ സിനിമയുടെ തായ്‌ലൻഡ് ഷൂട്ടിങ്ങിനിടയിലുണ്ടായ അതീവ രസകരമായൊരു സംഭവം പങ്കുവെച്ച് നടി ഭാവന. ചിത്രത്തിലെ പ്രധാന താരങ്ങളായ ജയറാമും താനും ലൊക്കേഷനിൽ വെറുതെയിരുന്നപ്പോൾ ഒപ്പിച്ച ഒരു കുസൃതിയാണ് താരം ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞത്. തായ്‌ലൻഡിലെ ഫ്രീ ടൈമിൽ നമുക്കൊന്ന് ഭിക്ഷ യാചിക്കാൻ പോയാലോ എന്ന് ജയറാം ചോദിച്ചതും താൻ പെട്ടെന്ന് തന്നെ അതിന് സമ്മതിക്കുകയുമായിരുന്നുവെന്ന് ഭാവന ഓർക്കുന്നു.

അവിടെയുള്ള നാട്ടുകാർക്ക് തങ്ങളെ അറിയില്ലെന്ന ധൈര്യത്തിലാണ് ഇരുവരും വഴിയരികിൽ നിലത്തിരുന്ന് കയ്യിൽ കിട്ടിയ സാധനമെടുത്ത് തട്ടി പാട്ടുപാടാൻ തുടങ്ങിയത്. “പിച്ച വെച്ച നാൾ മുതൽക്ക്…” എന്ന മലയാളം പാട്ടാണ് ഇരുവരും പാടിയത്. എന്നാൽ ഇവർ ചെയ്യുന്നത് എന്താണെന്ന് വിദേശികളായ വഴിപോക്കർക്ക് മനസ്സിലാകാതിരുന്നപ്പോൾ, ഒപ്പമുണ്ടായിരുന്ന നടൻ മണിയൻപിള്ള രാജു കയ്യിലിരുന്ന പൈസ അവിടെ വെച്ച് മാതൃക കാണിച്ചു. ഇതോടെ കളി കാര്യമാണെന്ന് കരുതി അവിടെക്കൂടിയ വിദേശികളെല്ലാം വന്ന് പൈസ വെക്കാൻ തുടങ്ങുകയായിരുന്നു.
കുറച്ചുനേരം ജയറാം പാട്ടുപാടുമ്പോൾ ഭാവന ഡാൻസ് കളിച്ചും, പിന്നീട് ഭാവന പാടുമ്പോൾ ജയറാം ഡാൻസ് കളിച്ചും ഇരുവരും ചേർന്ന് തായ് കറൻസിയായ 100 ബാത്ത് ഉണ്ടാക്കിയപ്പോഴേക്കും അടുത്ത ഷോട്ടിനായി സംവിധായകൻ വിളിക്കുകയായിരുന്നു. തങ്ങൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസയാണിതെന്ന് പറഞ്ഞ് ലൊക്കേഷനിലുള്ള എല്ലാവരെയും ആ 100 രൂപ കാണിച്ച് നടക്കാറുണ്ടായിരുന്നുവെന്നും ഭാവന പറഞ്ഞു. ഇരുവരും ചേർന്ന് വഴിയരികിൽ ഇരുന്ന് ഭിക്ഷയെടുക്കുന്ന ഈ രസകരമായ ദൃശ്യങ്ങൾ ‘ഹാപ്പി ഹസ്ബൻഡ്‌സ്’ സിനിമയുടെ എൻഡ് ടൈറ്റിലിൽ ഇപ്പോഴും കാണാൻ സാധിക്കുമെന്നും താരം കൂട്ടിച്ചേർത്തു.

