Mon. Jul 27th, 2026

കല്‍പ്പറ്റ: മൂന്ന് പേര്‍ മരിക്കുകയും അഞ്ചോളം പേരെ കാണാതാവുകയും ചെയ്ത വയനാട് കള്ളാടിയില്‍ മണ്ണിടിച്ചിലുണ്ടായ പ്രദേശം സന്ദര്‍ശിച്ച് മുഖ്യമന്ത്രി വടശ്ശേരി ദാമോദര മേനോൻ സതീശന്‍. മന്ത്രിമാരായ ടി സിദ്ദിഖിനും എ പി അനില്‍കുമാറിനുമൊപ്പമെത്തിയ മുഖ്യമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തി. തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗമെത്തിയ മുഖ്യമന്ത്രി ദുരന്തസ്ഥലത്തേക്ക് റോഡ് മാര്‍ഗമാണ് എത്തിയത്.

ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദര്‍ശിച്ചു. മേപ്പാടി പാതയിലുള്ള പോളിടെക്‌നിക്ക് കോളേജില്‍ സജീകരിച്ചിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പാണ് മുഖ്യമന്ത്രി സന്ദര്‍ശിച്ചത്. ദുരിത ബാധിതരെ നേരിട്ട് കണ്ട അദ്ദേഹം ക്യാമ്പിലെ സൗകര്യങ്ങളെപ്പറ്റിയും ചോദിച്ചറിഞ്ഞുഅപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ളവരെയും മുഖ്യമന്ത്രി സന്ദര്‍ശിച്ചു. ചികിത്സയിലുള്ള ഏഴ് പേരെയാണ് മുഖ്യമന്ത്രി നേരില്‍ കണ്ടത്. ഡോക്ടര്‍ മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലാണ് സന്ദര്‍ശനം നടത്തിയത്. സന്ദര്‍ശനത്തിന് പിന്നാലെ കലക്ടറുടെ ഓഫീസില്‍ ഉന്നതതല യോഗം ചേരും. യോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുമെന്നാണ് അറിയിച്ചിരിക്കുന്നത്. വയനാട്ടില്‍ തങ്ങുന്ന മുഖ്യമന്ത്രി നാളെ തിരുവനന്തപുരേത്തക്ക് തിരിക്കും. സംഭവസ്ഥലത്തെത്തിയ ശേഷം തൊഴിലാളികള്‍ ഉള്‍പ്പടെയുള്ളവരുമായി മുഖ്യമന്ത്രി സംസാരിച്ചു. സുരക്ഷാ കാരണാത്താല്‍ പാലത്തിനപ്പുറത്തേക്ക് പോകാന്‍ അനുവദിച്ചില്ല. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രി നേരിട്ട് വിലയിരുത്തി.

ദുരന്തത്തെക്കുറിച്ച് അന്വേഷിച്ച് സാങ്കേതികവും നിയമപരവുമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.കേന്ദ്രസര്‍ക്കാര്‍ തുരങ്ക നിര്‍മാണത്തിനായി പാരിസ്ഥിതികാനുമതി നല്‍കിയപ്പോള്‍ നല്‍കിയ നിര്‍ദേശങ്ങള്‍ കരാര്‍ കമ്പനി പാലിച്ചിട്ടുണ്ടോ എന്നു പരിശോധിക്കും. അപകടസാധ്യതകള്‍ പരിശോധിച്ച ശേഷമേ നിര്‍മാണം തുടരുകയുള്ളുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.