Fri. Sep 18th, 2026

തിരുവനന്തപുരം: ചോദ്യം ചെയ്യാനായി സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ യുവാവിന്റെ കണ്ണില്‍ എസ്‌ഐ പെപ്പര്‍ സ്‌പ്രേ അടിച്ചെന്ന പരാതിയില്‍ യുവാവിന് 50,000 രൂപ നഷ്ടപരിഹാരം അനുവദിച്ചുകൊണ്ട് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ് പ്രകാരമാണ് സര്‍ക്കാര്‍ നടപടി. ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഇക്കാര്യം മനുഷ്യാവകാശ കമ്മിഷന്‍ രജിസ്ട്രാറെ ഔദ്യോഗികമായി അറിയിച്ചു. കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഇക്കഴിഞ്ഞ മാര്‍ച്ച് 15-നാണ് പരാതിക്കാരനായ ചിറയിന്‍കീഴ് കുറക്കട സ്വദേശി ശ്രീനാഥിന് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. നഷ്ടപരിഹാര തുകയായ 50,000 രൂപ നിലവില്‍ സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും അനുവദിച്ച ശേഷം, ഇത് കുറ്റക്കാരനായ എസ് ഐയുടെ ശമ്പളത്തില്‍ നിന്നും ഘട്ടംഘട്ടമായി ഈടാക്കാനും കമ്മിഷന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

2023 ഒക്ടോബര്‍ 9-ന് തിരുവനന്തപുരം ചിറയിന്‍കീഴ് പൊലീസ് സ്റ്റേഷനിലാണ് പരാതിക്കിടയായ സംഭവം അരങ്ങേറിയത്. പരാതിക്കാരനായ ശ്രീനാഥും ഭാര്യയും തമ്മിലുള്ള വിവാഹമോചന കേസ് നിലവില്‍ കുടുംബ കോടതിയില്‍ നടന്നുവരികയായിരുന്നു. ഇതിനിടയില്‍ ശ്രീനാഥ് ഭാര്യയുടെ മൊബൈല്‍ ഫോണിലേക്ക് സന്ദേശമയച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ചിറയിന്‍കീഴ് പോലീസ് ഇയാളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. സ്റ്റേഷനില്‍ വെച്ച് പരാതിക്കാരനുമായി സംസാരിക്കുന്നതിനിടയില്‍ പ്രകോപിതനായ എസ് ഐ, കണ്ണുകള്‍ക്ക് അതിശക്തമായ നീറ്റലുണ്ടാക്കുന്ന വിധത്തിലുള്ള പെപ്പര്‍ സ്പറേക്ക് സമാനമായ രാസദ്രാവകം ശ്രീനാഥിന്റെ മുഖത്തേക്ക് നേരിട്ട് സ്‌പ്രേ ചെയ്യുകയായിരുന്നു

സംഭവത്തെക്കുറിച്ച് തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവി മനുഷ്യാവകാശ കമ്മിഷന് നല്‍കിയ റിപ്പോര്‍ട്ടില്‍ എസ് ഐ കുറ്റക്കാരനെന്ന് രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഐ ജി യുടെ നേരിട്ടുള്ള നേതൃത്വത്തിലുള്ള മനുഷ്യാവകാശ കമ്മിഷന്റെ പ്രത്യേക അന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലും കുറ്റം തെളിഞ്ഞിരുന്നു.ഇതിന് പിന്നാലെയാണ് നഷ്ടപരിഹാരത്തിന് വിധിച്ചത്.