തിരുവനന്തപുരം: വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കാണുന്നത് മുൻകൂർ ആലോചിച്ച് ഉറപ്പിച്ച കച്ചവട രീതിയെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ സർക്കാർ കൃത്യമായി പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം കേരളത്തിൽ ഇപ്പോൾ നടക്കുന്നത് രണ്ട് വലിയ ഡീലുകളാണെന്ന കടുത്ത വിമർശനവുമായി എ.എ. റഹീം രംഗത്ത്. “കടകൾ നിറയെ ബക്കാർഡി, കടൽ നിറയെ അദാനി” എന്നതാണ് പുതിയ മുഖ്യമന്ത്രിയുടെ വിജയമന്ത്രമെന്ന് അദ്ദേഹം പരിഹസിച്ചു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രമേ അദാനിക്ക് സൂപ്പർ സർക്കാർ ആകാൻ കഴിയൂ എന്ന കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലിന്റെ പ്രസ്താവനയെ ചൂണ്ടിക്കാട്ടിയ റഹീം, എങ്കിൽ ഇപ്പോൾ കേരളം ഭരിക്കുന്നത് ബി.ജെ.പി ആണോ എന്ന ചോദ്യം ഏറെ പ്രസക്തമാണെന്ന് ഓർമ്മിപ്പിച്ചു. അധികാരം ഏറ്റെടുത്ത് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ കേരളത്തിലെ ജനങ്ങൾ ഈ ചോദ്യം ചോദിച്ചു തുടങ്ങിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.


