Wed. Sep 30th, 2026

കൊച്ചി: നടി അന്‍സിബ ഹസന്റെ പരാതിയില്‍ നടന്‍ ടിനി ടോമിനെതിരെ പോലീസ് കേസ് എടുത്തു. കടവന്ത്ര പോലീസ് ആണ് ടിനി ടോമിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തത്. എറണാകുളം മജിസ്ട്രേറ്റ് കോടതി നിര്‍ദേശപ്രകാരമാണ് നടപടി. സത്രീത്വത്തെ അപമാനിക്കല്‍, വര്‍ഗീയ അധിക്ഷേപം തുടങ്ങിയവക്കെതിരെയാണ് കേസ്.

താര സംഘടനയുടെ മീറ്റിങ്ങുകളിലും ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പുകളിലും വച്ച് ടിനി ടോം തനിക്കെതിരെ നിരന്തരമായി അശ്ലീല പരാമര്‍ശങ്ങളും ലൈംഗികച്ചുവയുള്ള അധിക്ഷേപങ്ങളും നടത്തിയെന്നാണ് അന്‍സിബയുടെ പരാതി. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി ഡിജിപിക്ക് കൈമാറുകയും പരാതിയില്‍ അന്വേഷണം നടത്താന്‍ ഡിജിപി, എസിപിയോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. പ്രാഥമിക പരിശോധന നടത്തിയ പൊലീസ് അന്‍സിബയുടെയും ടിനി ടോമിന്റെയും മൊഴി രേഖപ്പെടുത്തിയിരുന്നു.

വ്യക്തിപരമായും കുടുംബപരമായും സ്വഭാവഹത്യ നടത്താന്‍ ശ്രമിച്ചെന്നും പിതാവുമായി ബന്ധപ്പെടുത്തി വരെ വ്യാജ പ്രചാരണം നടത്തിയെന്നും പരാതിയില്‍ പറയുന്നു. കൂടാതെ, തന്നെ ‘ജിഹാദി’, ‘മത തീവ്രവാദി’ എന്നിങ്ങനെ മുദ്രകുത്തി മതപരമായ വിദ്വേഷം സൃഷ്ടിക്കാനും മാനസികമായി തകര്‍ക്കാനും ടിനി ടോം ശ്രമിച്ചതായും അന്‍സിബ ആരോപിച്ചിരുന്നു.ഈ വിഷയത്തില്‍ കടവന്ത്ര പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ നടിമാരായ ശ്വേത മേനോന്‍, നീന കുറുപ്പ് എന്നിവരുടെ മൊഴികള്‍ രേഖപ്പെടുത്തിയിരുന്നു.

അതേ സമയം, പരാതിയില്‍ കൃത്യമായ തെളിവുകളോ സമയമോ വ്യക്തമല്ലെന്നും ഈ സാഹചര്യത്തില്‍ കാര്യമായ തെളിവുകളില്ലെന്ന കണ്ടെത്തല്‍ മുന്‍നിര്‍ത്തി കേസ് അവസാനിപ്പിക്കണമെന്നായിരുന്നു പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ പോലീസ് റിപ്പോര്‍ട്ടിനെതിരെ അന്‍സിബ കോടതിയെ നേരിട്ട് സമീപിക്കുകയായിരുന്നു. സ്വകാര്യ അന്യായത്തിനൊപ്പം തന്റെ കൈയിലുള്ള ഡിജിറ്റല്‍ തെളിവുകള്‍ അടക്കമുള്ളവയും അന്‍സിബ കൈമാറിയിരുന്നു. തുടര്‍ന്നാണ് കേസെടുക്കാന്‍ പോലീസിനോട് കോടതി നിര്‍ദ്ദേശിച്ചത്.