Mon. Jul 27th, 2026

തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷറായി എന്‍ ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം നല്‍കി ഗവര്‍ണര്‍. നിയമന ഉത്തരവില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. ശേഷാദ്രിനാഥിനെ തെരഞ്ഞെടുപ്പ് കമ്മിഷണറാക്കുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ എതിര്‍പ്പുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഗവര്‍ണര്‍ നിയമനത്തിന് അംഗീകാരം നല്‍കിയത്.

കെപിസിസി ജനറല്‍ സെക്രട്ടറി പി എം നിയാസാണ് നിയമനത്തില്‍ പ്രധാനമായും എതിര്‍പ്പ് ഉന്നയിച്ചത്. ശേഷാദ്രിനാഥന്റെ നിയമനം പുനപരിശോധിക്കണമെന്നും തീരുമാനം പാര്‍ട്ടി പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്നതാണെന്നും പി എം നിയാസ് പറഞ്ഞിരുന്നു.

എറണാകുളം സ്വദേശിയാണ് ശേഷാദ്രിനാഥൻ. 2018 ഫെബ്രുവരിയിലാണ് ജില്ലാ ജഡ്ജിയാകുന്നത്. കണ്ണൂർ തളിപ്പറമ്പ് മോട്ടോർ ആക്സിഡന്റ്സ് ക്ലെയിംസ് ട്രിബ്യൂണൽ, എറണാകുളം അഡിഷണൽ ജില്ലാ ജഡ്ജി, തിരുവനന്തപുരം അഡിഷണൽ ജില്ലാ ജഡ്ജി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു.

തുടർന്ന് കേരള സഹകരണ ട്രിബ്യൂണൽ, കൊച്ചിയിലെ സ്പെഷ്യൽ ജഡ്ജി, കവരത്തി ജില്ലാ ജഡ്ജി എന്നിങ്ങനെ പ്രവർത്തിച്ചു. 1990 ജനുവരി 13-നാണ് അഭിഭാഷകനായി എന്റോൾ ചെയ്തത്. 2000-ൽ കേരള ജുഡീഷ്യൽ സർവീസിൽ മുൻസിഫ് മജിസ്ട്രേറ്റായി തിരഞ്ഞെടുക്കപ്പെട്ടു. 2026 മേയ് 31-ന് ജുഡീഷ്യൽ സർവീസിൽനിന്ന് വിരമിച്ചു. സേവനകാലാവധി നീട്ടിക്കിട്ടിയതിനെത്തുടർന്ന് ഇരിങ്ങാലക്കുട കുടുംബക്കോടതി ജഡ്ജിയായി പ്രവർത്തിച്ചിരുന്നു.