കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ അന്വേഷണം മുന്‍മന്ത്രിയും വീണ ടിയുടെ ഭര്‍ത്താവുമായ പി എ മുഹമ്മദ് റിയാസിലേക്കും വ്യാപിപ്പിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്ക് കരിമണല്‍ ഖനന കമ്പനിയായ സിഎംആര്‍എല്ലില്‍ നിന്ന് ലഭിച്ച കോടിക്കണക്കിന് രൂപ എങ്ങനെയൊക്കെ വിനിയോഗിച്ചു എന്നതിനെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ഇഡിയുടെ പുതിയ നീക്കം. ഇതിന്റെ ഭാഗമായി മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടില്‍ കഴിഞ്ഞദിവസം ഇഡി പരിശോധന നടത്തിയിരുന്നു.

ചെയ്യാത്ത സേവനത്തിന്റെ പേരില്‍ വീണയ്ക്ക് സിഎംആര്‍എല്ലില്‍ നിന്ന് 2.78 കോടി രൂപ ലഭിച്ചിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട കൃത്യമായ സാമ്പത്തിക രേഖകള്‍ ഹാജരാക്കാന്‍ വീണയ്ക്ക് കഴിഞ്ഞിട്ടില്ല. കേസില്‍ വീണയെ രണ്ടു പ്രാവശ്യം ഇഡി ചോദ്യം ചെയ്‌തെങ്കിലും അവര്‍ നല്‍കിയ മൊഴികളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നാണ് അന്വേഷണ ഏജന്‍സിയുടെ വാദം.
സിഎംആര്‍എല്ലില്‍ നിന്ന് ലഭിച്ച പണം എന്ത് ചെയ്തുവെന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് കൃത്യമായ മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് അന്വേഷണം ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും കുടുംബാംഗങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ ഇ ഡി തീരുമാനിച്ചത്. കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി ഇന്ന് ചോദ്യം ചെയ്യലിന് ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ വീണയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.


