Sat. Jul 25th, 2026

കൊച്ചി: കോഴിക്കോട്: ഭൂവുടമകളുമായുള്ള തർക്കത്തെ തുടർന്ന് കോഴിക്കോട് കോട്ടനാട് എസ്റ്റേറ്റിന് പൊലീസ് സംരക്ഷണം വേണമെന്ന ഹർജി ഹൈക്കോടതി തള്ളി. ഭൂവുടമകളായ ആനപ്പടിയിൽ നെല്ലിക്കൽ കുടുംബത്തിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് കോട്ടനാട് പ്ലാന്റേഷൻസ് നൽകിയ ഹർജിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് തള്ളിയത്. സിവിൽ തർക്കങ്ങളിൽ ഇടപെട്ട് പൊലീസ് സംരക്ഷണം നൽകാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

എസ്റ്റേറ്റിലെ മരങ്ങൾ മുറിക്കുന്നത് ഭൂവുടമകൾ തടഞ്ഞ സാഹചര്യത്തിലാണ് പൊലീസ് സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിച്ചത്. പാട്ടക്കാലാവധി കഴിഞ്ഞിട്ടും എസ്റ്റേറ്റ് ഉടമകൾ ഭൂമി വിട്ടുനൽകാൻ തയ്യാറായിട്ടില്ലെന്ന് നെല്ലിക്കൽ കുടുംബം കോടതിയെ അറിയിച്ചു. കൂടാതെ, ജീവനക്കാരുടെ വിരമിക്കൽ ആനുകൂല്യങ്ങൾക്ക് പകരം പാട്ടഭൂമി കരാറാക്കി നൽകി എസ്റ്റേറ്റ് മാനേജ്മെന്റ് തട്ടിപ്പ് നടത്തിയെന്നും ഭൂവുടമകൾ കോടതിയിൽ പറഞ്ഞു. ഭൂമിയുടെ ഉടമസ്ഥാവകാശവും കൈവശാവകാശവും സംബന്ധിച്ച് എസ്റ്റേറ്റ് ഉടമകളും ഭൂവുടമകളും തമ്മിൽ നിലവിൽ സിവിൽ കോടതിയിൽ കേസ് തുടരുകയാണ്. ഇത് ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി ഹർജി തള്ളിയത്. സിവിൽ അവകാശങ്ങൾ സ്ഥാപിച്ചെടുക്കാനായി റിട്ട് ഹർജികൾ ദുരുപയോഗം ചെയ്യരുത്. ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിൽ അത് തീർപ്പാക്കേണ്ടത് സിവിൽ കോടതിയിലാണ്. അത്തരം വിഷയങ്ങളിൽ പൊലീസ് സംരക്ഷണം അനുവദിക്കാനാകില്ല എന്നും ഹൈക്കോടതി പറഞ്ഞു.