Sun. Jul 26th, 2026

തിരുവനന്തപുരം: സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്ന ബജറ്റാണ് യു ഡി എഫ് സര്‍ക്കാര്‍ അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സ്വകാര്യ കമ്പനികളെ സ്വാഗതം ചെയ്യുന്ന സമീപനമാണ് ബജറ്റില്‍ സ്വീകരിച്ചിട്ടുള്ളത്. കേരളം അപകടാവസ്ഥയിലാണ് എന്ന് വരുത്തിത്തീര്‍ക്കുന്നതിനാണ് ബജറ്റിലെ ആമുഖത്തില്‍ ശ്രമിച്ചത്. ഇത് രാഷ്ട്രീയ ആരോപണം മാത്രമാണ്. സാമ്പത്തിക സ്ഥിതി അപകടാവസ്ഥയിലല്ലെന്ന് ബജറ്റിലെ അലോക്കേഷന്‍ പരിശോധിച്ചാല്‍ തന്നെ മനസിലാക്കാന്‍ സാധിക്കുമെന്നും പിണറായി പറഞ്ഞു. രണ്ടായിരം കോടിയുടെ അധിക വകയിരുത്തല്‍ ബജറ്റിലുണ്ട്. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റിലെ പല കാര്യങ്ങളും ആവര്‍ത്തിച്ചിരിക്കുകയാണ് യു ഡി എഫ് ബജറ്റില്‍. ഭാവി കേരളത്തെ രൂപപ്പെടുത്താനുളള ഒരു ബ്ലൂ പ്രിന്റും അതിലില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച, ഒഡീഷ-ആന്ധ്ര-കേരളം ഇടനാഴി ആശയത്തെ സര്‍ക്കാര്‍ പൂര്‍ണമായും അനുകൂലിക്കുന്നതായാണ് കാണുന്നത്. വന്‍കിട കോര്‍പറേറ്റ് താത്പര്യം ഉയര്‍ന്നുവരുന്നു എന്നതിന് തെളിവാണിത്. വന്‍കിട മദ്യ കമ്പനികള്‍ക്ക് വീര്യം കുറഞ്ഞ മദ്യം വലിയ തോതില്‍ നിര്‍മിക്കാനുളള അവസരം തുറന്നുകൊടുക്കുകയാണോ എന്ന സംശയമുയര്‍ത്തുന്നതാണ്. ‘മിഷന്‍ സമുദ്ര’ സ്വകാര്യ മേഖലക്ക് കേരളത്തിന്റെ തീരങ്ങള്‍ തീറെഴുതാനുള്ള നീക്കമാണോയെന്ന് ആശങ്കയുണ്ട്.

കേരളത്തിന്റെ ഭൂപരിഷ്‌കരണ നിയമം അട്ടിമറിക്കാനാണ് പുതിയ പരിഷ്‌കരണ നീക്കങ്ങള്‍ ഊന്നല്‍ നല്‍കുന്നത്. സര്‍ക്കാര്‍ ആശുപത്രികളെ ശാക്തീകരിക്കുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഇല്ല. പ്ലാനിങ് ബോര്‍ഡ് പുനസ്സംഘടിപ്പിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. അതും കേന്ദ്രനയത്തിന് തുല്യമാണ്. നെഹ്റുവിന്റെ വികസന കാഴ്ചപ്പാടിനെ കുഴിച്ചുമൂടുന്ന നിലയിലുള്ളതാണ് ബജറ്റെന്നും പിണറായി വിജയന്‍ പറഞ്ഞു.

ഓരോ പ്രഖ്യാപനവും നോക്കിയാല്‍ കിഫ്ബിയുടെ ചിറകരിയാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് തിരിച്ചറിയാനാവും. ഇതിന്റെ പിന്നിലെ രാഷ്ട്രീയം എല്ലാവര്‍ക്കും മനസ്സിലാകും. എസ് സി-എസ് ടി വിഭാഗത്തിന് പ്രത്യേക ഭവന പദ്ധതി പ്രഖ്യാപിച്ചത് ലൈഫ് പദ്ധതി തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. വലിയ പദ്ധതിയാണ് എന്ന് പറഞ്ഞാണ് ആരോഗ്യ ഇന്‍ഷ്വറന്‍സ് കൊണ്ടുവരുന്നത്. എന്നാല്‍, അതിനായി പത്തുകോടി രൂപ മാത്രമാണ് ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത്. അതുകൊണ്ട് ഒന്നുമാകില്ലെന്നത് എല്ലാവര്‍ക്കും വ്യക്തമാണ്. അതിനാല്‍ത്തന്നെ പ്രഹസനം മാത്രമാണ് ഈ ബജറ്റിലെ പ്രഖ്യാപനങ്ങള്‍ എന്ന് സംശയിക്കേണ്ടി വരുമെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.