തൃശൂര്‍: ബി ജെ പി നേതാവില്‍ നിന്നു ക്വട്ടേഷന്‍ വാങ്ങി നേതാവിന്റെ ഭാര്യയെ ഭീഷണിപ്പെടുത്തിയ ഗുണ്ടാ തലവന്‍ പിടിയില്‍. ബി ജെ പി തൃശൂര്‍ സൗത്ത് ജില്ല പ്രസിഡന്റ് എ ആര്‍ ശ്രീകുമാര്‍ തന്റെ ഭാര്യയെ ഭീഷണിപ്പെടുത്താന്‍ നടത്തിയ ഗൂഢാലോചന പുറത്തായി. കേസില്‍ എ ആര്‍ ശ്രീകുമാര്‍ രണ്ടാം പ്രതിയാണ്.
സ്ഥലത്തെ പ്രധാന ദേശസ്നേഹി ആയ ശ്രീകുമാറില്‍ നിന്ന് സമാനതകളില്ലാത്ത ക്രൂരത നേരിട്ടു എന്നുകാട്ടി ഭാര്യ പ്രിയങ്ക പരാതി നല്‍കിയിരുന്നു. വധശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി മതിലകം പോലീസ് കേസെടുക്കുകയും ചെയ്തു. ഇതിന്റെ പ്രതികാരമായാണ് ഗുണ്ടയെ വിട്ടു ഭീഷണിപ്പെടുത്തല്‍ എന്നാണ് പോലീസ് പറയുന്നത്. കൊലപാതകം, വധശ്രമം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായ ഗുണ്ടാ നേതാവ് കല്ലാടന്‍ ഗിരീഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നായിരുന്നു പ്രിയങ്കയുടെ പരാതി. വീട്ടില്‍ അതിക്രമിച്ചു കടക്കല്‍, ഭീഷണിപ്പെടുത്തല്‍, കള്ളസാക്ഷി പറയാന്‍ പ്രേരിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

ദേശ സ്നേഹിയുടെ മറ്റ് സ്ത്രീകളുമായുള്ള ബന്ധം ചോദ്യം ചെയ്യാന്‍ തുടങ്ങിയതോടെയാണ് ബി ജെ പി നേതാവും ഭാര്യയും തമ്മില്‍ പ്രശ്നങ്ങള്‍ തുടങ്ങുന്നത്. തന്നെ മുന്‍പും ശ്രീകുമാര്‍ പലതവണ മര്‍ദ്ദിച്ചിട്ടുണ്ടെന്നും നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും പ്രിയങ്ക പറഞ്ഞു. ശ്രീകുമാറിനെതിരെ പരാതി കൊടുത്തതിന് പിന്നാലെ തനിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ അപമാനിക്കല്‍ നടക്കുന്നുണ്ടെന്നും പ്രിയങ്ക പറഞ്ഞു.
തന്നെ ക്രൂരമായി മര്‍ദിച്ചെന്നും കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നുമുള്ള പ്രിയങ്കയുടെ പരാതിയിലാണ് ബി ജെ പി നേതാവ് നടപടി നേരിടുന്നത്. വീട്ടിലേക്ക് വൈകിയെത്തിയെന്ന് പറഞ്ഞുകൊണ്ടാണ് ശ്രീകുമാര്‍ മര്‍ദിച്ചതെന്ന് ഭാര്യ നല്‍കിയ പരാതിയിലുണ്ട്.
വൈകിയെത്താന്‍ ഇതെന്താ സത്രമാണോയെന്ന് ചോദിച്ചുകൊണ്ട് ഇരുകരണത്തും വീശിയടിക്കുകയും മുടിക്കുത്തിന് പിടിച്ച് തല ഭിത്തിയിലിടിക്കുകയും ചെയ്തെന്ന് ഭാര്യ പറഞ്ഞു. ഭര്‍ത്താവിന്റെ ക്രൂര മര്‍ദനമേറ്റതിന് പിന്നാലെ ഇവര്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. സംഭവത്തിന് പിന്നാലെ യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. മുന്‍പും പലകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇയാള്‍ ഭാര്യയെ മര്‍ദിക്കാറുണ്ടെന്ന് നാട്ടുകാര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് മതിലകം പോലീസ് കേസ് എടുത്തിരിക്കുന്നത്.


