Mon. Nov 23rd, 2026

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസ് റെയ്ഡ് ചെയ്യണമെന്ന ആവശ്യവുമായി മുൻ മന്ത്രിയും സി.പി.ഐ.എം നേതാവുമായ വി. ശിവൻകുട്ടി. കോർപ്പറേഷൻ മേയറുടെ ഓഫീസിൽ മാരകായുധങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്നും, മേയറുടെ പൂർണ്ണ ഒത്താശയോടെയാണ് തലസ്ഥാന നഗരിയിൽ അക്രമങ്ങൾ അഴിച്ചുവിടുന്നതെന്നും അദ്ദേഹം ഗുരുതര ആരോപണം ഉന്നയിച്ചു. പത്തൊൻപതോളം ക്രിമിനൽ കേസുകളിൽ പ്രതിയായ വ്യക്തിയാണ് കോർപ്പറേഷൻ കൗൺസിലർ സുഗതൻ. കോർപ്പറേഷനിലെ ഒരു യോഗം കൂടി കഴിഞ്ഞാൽ അദ്ദേഹം അയോഗ്യനാകുമെന്നും വി ശിവൻകുട്ടി പറഞ്ഞു.

നിലവിലെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തനങ്ങളെയും വി. ശിവൻകുട്ടി ശക്തമായി വിമർശിച്ചു. താൻ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലയളവിൽ അധ്യാപകരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് യാതൊരുവിധ പ്രശ്നങ്ങളോ പരാതികളോ ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഇന്ന് സംസ്ഥാനത്തെ അധ്യാപക സ്ഥലംമാറ്റ നടപടികൾ മുഴുവൻ താളംതെറ്റിയ നിലയിലാണ്. അധ്യാപകർക്കിടയിൽ ഇതുമൂലം വലിയ രീതിയിലുള്ള അസ്വസ്ഥത പുകയുന്നുണ്ട്. വിദ്യാഭ്യാസ വകുപ്പ് വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണിത്.

സർക്കാരിന്റെ പുതിയ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിയെയും വി. ശിവൻകുട്ടി പരിഹസിച്ചു. കെ.എസ്.ആർ.ടി.സിയുടെ ഓർഡിനറി ബസുകളിൽ മാത്രമാണ് സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചിട്ടുള്ളത്. ഓർഡിനറി ബസുകളെല്ലാം സിറ്റി ഫാസ്റ്റ് ബസുകളാക്കി മാറ്റുന്ന വിചിത്രമായ കാഴ്ചയാണ് ഇപ്പോൾ കാണാൻ കഴിയുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സ്കൂളുകളിൽ ‘പി.എം ശ്രീ’ പദ്ധതി നടപ്പിലാക്കുന്നതിൽ നിലവിലെ യു.ഡി.എഫ് സർക്കാർ തങ്ങളുടെ നയപരമായ തീരുമാനം എന്താണെന്ന് വ്യക്തമാക്കണം. മുൻപ് എൽ.ഡി.എഫ് സർക്കാർ ഇതിനായി ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഈ വിഷയത്തിൽ സമൂഹത്തിൽ വലിയ അവ്യക്തതയുണ്ട്. അധികാരത്തിൽ കയറാൻ വേണ്ടി ജനങ്ങളോട് നുണകൾ പറഞ്ഞ് വോട്ട് വാങ്ങിയ ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ എല്ലാ കാര്യങ്ങളിലും യു-ടേൺ അടിക്കുകയാണ്. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതി പോലും അദ്ദേഹം ഇതുവരെ ഒഴിഞ്ഞു കൊടുത്തിട്ടില്ലെന്നും വി. ശിവൻകുട്ടി വിമർശിച്ചു.