Mon. Nov 23rd, 2026

ന്യൂഡൽഹി: നീറ്റ് പുനഃപരീക്ഷ നടത്താനുള്ള തീരുമാനത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി. മുൻ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസസ് ഡോ. മംഗള കോഹ്ലിയാണ് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്. ക്രമക്കേടുകൾ നടന്ന കേന്ദ്രങ്ങളിൽ മാത്രം പരീക്ഷ റദ്ദാക്കിയാൽ മതിയെന്നും, രാജ്യവ്യാപകമായി പരീക്ഷ റദ്ദാക്കി ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ വീണ്ടും പരീക്ഷ എഴുതിക്കുന്നത് നിയമവിരുദ്ധവും അനുചിതവുമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. മേയ് 3-ന് നടന്ന പരീക്ഷ റദ്ദാക്കിയ വിജ്ഞാപനവും ജൂൺ 21-ലെ പുനഃപരീക്ഷാ വിജ്ഞാപനവും റദ്ദാക്കണമെന്നാണ് പ്രധാന ആവശ്യം.

പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യവുമായി വിദ്യാർത്ഥികൾ

അതിനിടെ, ജൂൺ 21-ന് നടക്കാനിരിക്കുന്ന പുനഃപരീക്ഷ ഒരു മാസത്തേക്ക് കൂടി നീട്ടണമെന്ന ആവശ്യവുമായി 1467 വിദ്യാർത്ഥികൾ എൻടിഎയ്ക്ക് നിവേദനം നൽകി. പരീക്ഷാ തീയതി പെട്ടെന്ന് പ്രഖ്യാപിച്ചത് തയ്യാറെടുപ്പിന് സമയം നൽകുന്നില്ലെന്ന് വിദ്യാർത്ഥികൾ പരാതിപ്പെടുന്നു. അഭിഭാഷകൻ വിനീത് ജിൻഡാൽ മുഖേനയാണ് വിദ്യാർത്ഥികൾ ഈ ആവശ്യം ഉന്നയിച്ചത്. അതേസമയം, പരീക്ഷ സുഗമമായി നടത്തുന്നതിന് സംസ്ഥാനങ്ങൾ പൂർണ്ണ സഹകരണം നൽകണമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ നിർദ്ദേശിച്ചു.