Sat. Nov 21st, 2026

കണ്ണൂർ: വെള്ളാപ്പള്ളി നടേശനെതിരെ കടുത്ത നിയമനടപടിയുമായി പി ശശി. തനിക്കെതിരെ വെള്ളാപ്പള്ളി ഉന്നയിച്ച കടുത്ത ആരോപണങ്ങൾ പൂർണ്ണമായും വ്യാജമാണെന്നും അത് പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടാണ് പി ശശി ഇപ്പോൾ വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.

തന്നെ വ്യക്തിപരമായി തേജോവധം ചെയ്യുക എന്ന ദുരുദ്ദേശത്തോടെ മാത്രം പടച്ചുണ്ടാക്കിയതാണ് ഈ പ്രസ്താവനകളെന്നാണ് വക്കീൽ നോട്ടീസിൽ ചൂണ്ടിക്കാണിക്കുന്നത്. അഡ്വ. കെ വിശ്വൻ മുഖേനയാണ് പി ശശി വെള്ളാപ്പള്ളിക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. മാപ്പ് പറയാൻ തയ്യാറായില്ലെങ്കിൽ കടുത്ത നിയമനടപടികളിലേക്ക് നീങ്ങാനാണ് അദ്ദേഹത്തിന്റെ തീരുമാനം.

സിപിഎമ്മിന്റെ അന്തകനായി മാറിയത് പി ശശിയാണ് എന്നായിരുന്നു വെള്ളാപ്പള്ളി നടേശൻ നേരത്തെ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ രൂക്ഷമായി വിമർശിച്ചത്. പി ശശിയുടെ ധാർഷ്ട്യം എന്താണെന്ന് എല്ലാവർക്കും അറിയാമെന്നും, മുഖ്യമന്ത്രി ആയിരുന്ന പിണറായി വിജയൻ അറിയാതെ ഒരു പാരലൽ ഭരണം തന്നെയാണ് പി ശശി അന്ന് കൊണ്ടുനടന്നതെന്നും വെള്ളാപ്പള്ളി ആഞ്ഞടിച്ചിരുന്നു. പൊലീസിനെപ്പോലും തന്റെ സ്വാധീനം ഉപയോഗിച്ച് അദ്ദേഹം ദുരുപയോഗം ചെയ്തു എന്ന ഗുരുതരമായ ആരോപണവും വെള്ളാപ്പള്ളി ഉയർത്തിയിരുന്നു. ഈ അതിരൂക്ഷമായ പ്രസ്താവനകൾക്കെതിരെയാണ് ഇപ്പോൾ പി ശശി നിയമപരമായി രംഗത്തെത്തിയിരിക്കുന്നത്.