✍️ ചന്ദ്രപ്രകാശ്.എസ്.എസ്
മൃഗശാലയിൽ മൃഗങ്ങളുടെ കൂട്ടിൽ അതാത് മൃഗങ്ങളെ പരിപാലിക്കുന്നവർക്കും (Staff) ഡോക്ടർക്കുമല്ലാതെ പുറത്തുള്ളവർക്ക് പ്രവേശനം അനുവദനീയമല്ല.മന്ത്രിയും കൂടിനുള്ളിൽ പ്രവേശിക്കാൻ പാടില്ല. സന്ദർശകരുൾപ്പടെ പുറമേയുള്ളവർ (Outsiders) ആരും കൂടിനുള്ളിൽ കടക്കാൻ പാടില്ല എന്നതാണ് മൃഗശാലനിയമം. അത് Central Zoo Authority പുറപ്പെടുവിച്ചിട്ടുള്ളതാണ്. Safety risks, Disease transmission, Animal welfare ഇതെല്ലാം കാരണമാണ് പുറമെയുള്ളവർ കൂടിനുള്ളിൽ കടക്കരുതെന്ന് പറയുന്നത്.
ചില Accredited മൃഗശാലകളിൽ മേൽപ്പറഞ്ഞ നിയമങ്ങളിൽ ഇളവുണ്ട്.അതേസമയം തിരുവനന്തപുരം മൃഗശാല അത്തരത്തിലുള്ളതല്ല. Accredited മൃഗശാലകളിൽ പോലും അന്നേരം Trained Zookeepers ഉം മതിയായ സുരക്ഷാമുൻകരുതലും വേണമെന്ന് നിയമം അനുശാസിക്കുന്നു.

CZA നിയമമനുസരിച്ച് Outsiders or Visiters എന്ന ഗണത്തിൽ മന്ത്രിക്കോ മറ്റേതെങ്കിലും വി ഐ പി ക്കോ ഒരു ഇളവും ഇല്ല.മന്ത്രി തലോടിയത് സിംഹക്കുട്ടിയെയല്ലേ, എന്ന് ആർക്കെങ്കിലും തോന്നിയാൽ അതിന് ഒരുത്തരമേയുള്ളൂ. മൃഗശാലയിലെ കൂട്ടിനുള്ളിൽ കടന്ന് ഒരു കാട്ടുപൂച്ചക്കുട്ടിയെപ്പോലും എടുക്കാനോ, തൊടാനോ, തലോടാനോ പുറമേയുള്ളവർക്ക് അവകാശമില്ല. പരിശീലനം സിദ്ധിച്ച മൃഗശാല സ്റ്റാഫുകൾക്കും, ഡോക്ടർക്കും മാത്രമേ പ്രത്യേക മുൻകരുതലും, സുരക്ഷാമാർഗ്ഗങ്ങളിലൂടെയും പുലിക്കുട്ടിയായാലും, പൂച്ചക്കുട്ടിയായാലും ആവശ്യമെങ്കിൽ അവയുടെ ദേഹത്ത് സ്പർശിക്കാൻ അനുവാദമുള്ളൂ.
ചില പ്രത്യേക സന്ദർഭങ്ങളിൽ അല്ലെങ്കിൽ അനുകൂല സാഹചര്യങ്ങളിൽ മനുഷ്യജന്യമായ പകർച്ചവ്യാധികളുടെ അണുക്കൾ മൃഗങ്ങളുടെ ശരീരത്തിൽ പ്രവേശിക്കാൻ സാദ്ധ്യത ഏറെയാണ്. അതുപോലെ തിരിച്ചും. ഇത് പരിഹരിക്കാൻ മന്ത്രി എന്തെങ്കിലും മുൻകരുതൽ സ്വീകരിച്ചതായി കാണുന്നില്ല. കേവലം ഒരു മാസ്ക്കോ ഗ്ലൗസോ പോലും മന്ത്രി ഉപയോഗിച്ചിട്ടില്ല.
നിരവധി വൈറൽ ബാക്ടീരിയകൾ മനുഷ്യരിൽ നിന്നും ബന്ദികളാക്കിയ മൃഗങ്ങളിലേക്ക് പടർന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അകാര്യം വിശദമായി തെളിയിക്കപ്പെട്ടിട്ടുമുണ്ട്. മനുഷ്യർക്ക് മൃഗങ്ങളിൽ നിന്നും രോഗങ്ങൾ പിടിപെടുന്നതുപോലെ (സുനോസിസ്, Zoonosis) മനുഷ്യരിൽ നിന്നും മൃഗങ്ങൾക്കും രോഗം (റിവേഴ്സ് സുനോസിസ്, Reverse Zoonosis) പകരാറുണ്ട്.
മനുഷ്യൻ വഹിക്കുന്ന രോഗാണുക്കൾ മൃഗങ്ങളിൽ വളരെ എളുപ്പത്തിൽ വ്യാപിക്കുന്നവയാണ്. മൃഗശാലകൾ പോലുള്ള അടച്ചിട്ട പരിതസ്ഥിതിയിൽ ഇത്തരം വ്യാപനം വളരെ കൂടുതലാണ്. മനുഷ്യരിൽ നിന്നും സിംഹങ്ങളിലേക്കും,കടുവകളിലേക്കും ക്ഷയരോഗം പടർന്ന കേസ്സുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതൊക്കെ പരിഹരിക്കുന്നതിനാണ് മൃഗശാലകളിലെ മൃഗങ്ങളെ പരിചരിക്കുന്നവർക്ക് ആരോഗ്യ പ്രോട്ടോക്കോൾ നിർബന്‌ധമാക്കിയിട്ടുള്ളത്. കൂട്ടിലിട്ട മൃഗങ്ങളുമായി ഇടപഴകുന്ന ഉത്തരവാദിത്വമുള്ള സ്റ്റാഫും, ഡോക്ടറുൾപ്പടെ സംരക്ഷണ ഉപകരണങ്ങൾ നിർബന്‌ധമായും ഉപയോഗിക്കേണ്ടത് ഇതുകൊണ്ടാണ്.
CZA പ്രോട്ടോക്കോളിൻ്റെ നഗ്നമായ ലംഘനമാണ് മൃഗശാല സന്ദർശിച്ച മന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ഇത് അങ്ങേയറ്റം അപലപനീയമാണ്. പക്വതക്കുറവാണ് മന്ത്രിയിൽ നിന്നും ഉണ്ടായതെങ്കിൽ ബന്‌ധപ്പെട്ട ഉദ്യോഗസ്ഥർ മന്ത്രിയെ തിരുത്തേണ്ടതായിരുന്നു. മൃഗശാല ഡയറക്ടറും, ഡോക്ടറും ഉൾപ്പടെ ഇക്കാര്യത്തിൽ അലംഭാവം കാട്ടിയെന്ന് വ്യക്തം.


