Mon. Jul 27th, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമാറ്റത്തിന് പിന്നാലെ രാഷ്ട്രീയ വൈരാഗ്യം തീർക്കുന്നതിനായി സർക്കാർ ജീവനക്കാരെ വ്യാപകമായി സ്ഥലംമാറ്റുന്നുവെന്ന് ആരോപിച്ച് നിയമസഭയിൽ പ്രതിപക്ഷത്തിന്റെ വൻ പ്രതിഷേധം. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചതിനെ തുടർന്ന് അവർ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷത്തുനിന്നും വി ജോയ് ആണ് സഭയിൽ ഈ നിർണ്ണായക വിഷയം ഉന്നയിച്ചത്.

പുതിയ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെ 33 വകുപ്പുകളിലായി 207 ഉത്തരവുകളിലൂടെ 310 വനിതകൾ അടക്കമുള്ള ജീവനക്കാരെ ദൂരസ്ഥലങ്ങളിലേക്ക് മാറ്റിയെന്ന് വി ജോയ് ആരോപിച്ചു. ഭരണകക്ഷി സംഘടനയിലെ നേതാക്കൾ അവരുടെ ലെറ്റർപാഡിൽ എഴുതിക്കൊടുക്കുന്ന ലിസ്റ്റ് അനുസരിച്ചാണ് നിലവിൽ ഈ സ്ഥലംമാറ്റങ്ങൾ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എന്നാൽ പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ പൊതുഭരണ വകുപ്പ് മന്ത്രി സണ്ണി ജോസഫ് ശക്തമായി എതിർത്തു. മേയ് മാസം എന്നത് സാധാരണയായി ജീവനക്കാരുടെ വിരമിക്കൽ കാലമാണെന്നും ചട്ടങ്ങളും നിശ്ചിത വ്യവസ്ഥകളും പൂർണ്ണമായി പാലിച്ചുകൊണ്ട് മാത്രമാണ് ഈ സ്ഥലംമാറ്റങ്ങൾ നടത്തിയിട്ടുള്ളതെന്നും മന്ത്രി മറുപടി നൽകി. മുൻപ് എൽ ഡി എഫ് സർക്കാരിന്റെ കാലത്തുണ്ടായ സ്ഥലംമാറ്റങ്ങളെക്കുറിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ പഴയ നിയമസഭകളിൽ നൽകിയ മറുപടികൾ ഉദ്ധരിച്ചുകൊണ്ടായിരുന്നു മന്ത്രി സണ്ണി ജോസഫ് പ്രതിരോധം തീർത്തത്.

മന്ത്രിയുടെ മറുപടിക്ക് പിന്നാലെ സർക്കാരിനെതിരെ കടുത്ത വിമർശനങ്ങളുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തി. പുതിയ സർക്കാർ അധികാരത്തിൽ വരുന്നതിന് മുൻപ് തന്നെ സ്ഥലംമാറ്റങ്ങൾ ആരംഭിച്ചിരുന്നുവെന്നും പവർ ബ്രോക്കർമാരും ദല്ലാൾമാരുമാണ് ഇപ്പോൾ കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മാനദണ്ഡങ്ങൾ മറികടന്ന് നടത്തിയ ഇത്തരം രാഷ്ട്രീയ പ്രേരിത സ്ഥലംമാറ്റങ്ങൾ ഉടനടി റദ്ദാക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.

<p>ഇതിനിടെ മന്ത്രി സണ്ണി ജോസഫിന്റെ ഭാര്യാ സഹോദരനെ പേഴ്സണൽ സ്റ്റാഫിൽ നിയമിച്ച കാര്യവും പ്രതിപക്ഷം സഭയിൽ ഉന്നയിച്ചെങ്കിലും മന്ത്രി അതിനോട് പ്രതികരിക്കാൻ തയ്യാറായില്ല. മന്ത്രി വിശദീകരണം നൽകിയ പശ്ചാത്തലത്തിൽ അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്.