Fri. Sep 18th, 2026

✍️ കെ. ജി. ഫ്രാൻസിസ് ആന്റണി

​”എന്റെ മാലിന്യം അന്യന്റെ പറമ്പിൽ!”—നമ്മുടെ നാട് ഇന്ന് നേരിടുന്ന ഏറ്റവും വലിയ സാംസ്കാരികവും പാരിസ്ഥിതികവുമായ അപചയത്തെ കൃത്യമായി അടയാളപ്പെടുത്തുന്ന വരികളാണിത്. റസിഡന്റ്സ് അസോസിയേഷനുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സർക്കാരുമെല്ലാം നിരന്തരം ബോധവൽക്കരണം നടത്തിയിട്ടും, മലയാളിയുടെ പൊതുബോധത്തിന് ഇന്നും വലിയ മാറ്റമൊന്നും വന്നിട്ടില്ല എന്നത് ഒരു കയ്പേറിയ യാഥാർത്ഥ്യമാണ്. ദൈവത്തിന്റെ സ്വന്തം നാട്ടിലെ ജനങ്ങൾ ഇന്ന് നഗര-ഗ്രാമ വ്യത്യാസമില്ലാതെ മൂക്ക് പൊത്തി നടക്കേണ്ടി വരുന്ന അവസ്ഥ തികച്ചും ലജ്ജാകരമാണ്.

​കവറിലാക്കി എറിയുന്ന രോഗങ്ങൾ

​ജൈവമാലിന്യങ്ങൾ പ്ലാസ്റ്റിക് കവറുകളിലാക്കി ആളൊഴിഞ്ഞ പറമ്പുകളിലും പൊതുവഴിയോരങ്ങളിലും വലിചെറിയുന്നതാണ് ഇന്നത്തെ പ്രധാന വിനോദം. സ്വന്തം വീടും പരിസരവും മാത്രം വൃത്തിയായിരുന്നാൽ മതിയെന്ന ഈ സ്വാർത്ഥ ചിന്തയാണ് ‘എന്റെ മാലിന്യം അന്യന്റെ പറമ്പിൽ’ എന്ന ദുരവസ്ഥയിലേക്ക് കാര്യങ്ങളെത്തിക്കുന്നത്. മാലിന്യ നിർമ്മാർജ്ജനത്തിൽ കാണിക്കുന്ന ഈ അനാസ്ഥ ഗുരുതരമായ പകർച്ചവ്യാധികൾ മുതൽ മരണം വരെ വിളി വരുത്താം.

ഒരാൾ പൊതുനിരത്തിൽ മാലിന്യം തള്ളുമ്പോൾ അത് കണ്ട് മറ്റുള്ളവരും അത് ആവർത്തിക്കുന്നു. ഫലമോ, ആ പ്രദേശം മുഴുവൻ ഒരു വലിയ മാലിന്യക്കൂമ്പാരമായി മാറുന്നു. ഇത് തെരുവ് നായക്കളുടെയും, കാക്കകളുടെയും, ഇഴജന്തുക്കളുടെയും താവളമായി മാറുകയാണ് ചെയ്യുന്നത്. തന്മൂലം വഴിയാത്രക്കാർ, പ്രത്യേകിച്ച് പ്രായമായവർ, സ്കൂൾ കുട്ടികൾ, ഇരുചക്ര വാഹന യാത്രക്കാർ എന്നിവർ തെരുവ് നായക്കളുടെയും മറ്റും ആക്രമണങ്ങൾക്ക് ഇരയാകേണ്ടി വരുന്നു.

​കർശന നിയമങ്ങളും ശിക്ഷാനടപടികളും

​മാലിന്യം പൊതുസ്ഥലങ്ങളിൽ തള്ളുന്നവർക്കെതിരെ സർക്കാർ ഇപ്പോൾ നിയമങ്ങൾ ശക്തമാക്കിയിട്ടുണ്ട്. കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ഓർഡിനൻസ് 2023, കേരള മുൻസിപ്പാലിറ്റി (ഭേദഗതി) ഓർഡിനൻസ് 2023 പ്രകാരം പുതുക്കിയ നിയമം ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷയാണ് കാത്തിരിക്കുന്നത്.

പിഴ: പൊതുസ്ഥലങ്ങളിൽ അശ്രദ്ധമായി മാലിന്യം നിക്ഷേപിക്കുന്നവർക്ക് 50,000 രൂപ സ്പോട്ട് ഫൈൻ ചുമത്തും.
​തടവ് ശിക്ഷ: പിഴയ്ക്ക് പുറമെ ഒരു വർഷം വരെ തടവ് ശിക്ഷയും ലഭിക്കാം.

മേൽപ്പറഞ്ഞ പിഴയൊടുക്കിയില്ലെങ്കിൽ ഒരു വർഷം കൂടി അധിക തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും. നിയമങ്ങൾ ഇത്രയും കർശനമായിട്ടും പലയിടങ്ങളിലും ഇപ്പോഴും മാലിന്യക്കൂമ്പാരങ്ങൾ പതിവ് കാഴ്ചയായി തുടരുന്നത് നമ്മുടെ മനോഭാവത്തിന്റെ പ്രശ്നം കൊണ്ടാണ്.

പരിഹാര മാർഗ്ഗങ്ങൾ: നമ്മൾ എന്ത് ചെയ്യണം?

എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം’ എന്ന ആശയം ഓരോ പൗരനും ഉള്ളിലേറ്റണം. മാലിന്യ സംസ്കരണത്തിനായി നമുക്ക് ചുറ്റുമുള്ള സംവിധാനങ്ങളെ കൃത്യമായി പ്രയോജനപ്പെടുത്തുകയാണ് ഇതിനുള്ള ഏക വഴി.

വാർഡ് കൗൺസിലർമാരുമായുള്ള ആശയവിനിമയം: മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് നമ്മുടെ വാർഡ് കൗൺസിലർ/മെമ്പർമാരുമായി നിരന്തരം സമ്പർക്കം പുലർത്തുക.

ഹരിതകർമ്മ സേനയുടെ സഹായം: തദ്ദേശ സ്ഥാപനങ്ങൾ വഴി പ്രവർത്തിക്കുന്ന ഹരിതകർമ്മ സേന അംഗങ്ങൾക്കും തൊഴിലുറപ്പ് തൊഴിലാളികൾക്കും അജൈവ മാലിന്യങ്ങൾ കൃത്യമായി കൈമാറുക.

സ്വകാര്യ ഏജൻസികൾ: ഹരിതകർമ്മ സേനയുടെ സേവനം ലഭ്യമാകാത്ത ഇടങ്ങളിൽ, നൂതന ആശയങ്ങളോടെ പ്രവർത്തിക്കുന്ന അംഗീകൃത സ്വകാര്യ മാലിന്യ സംസ്കരണ ഏജൻസികളുടെ സഹായം തേടാവുന്നതാണ്.

​ഉപസംഹാരം

​നമ്മുടെ നാടും നഗരവും വൃത്തിയായി സൂക്ഷിക്കേണ്ടത് സർക്കാരിന്റെയോ തദ്ദേശ സ്ഥാപനങ്ങളുടെയോ മാത്രം ചുമതലയല്ല, മറിച്ച് അത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്. ഭാവിയുടെ വാഗ്ദാനങ്ങളായ കുട്ടികൾക്ക് വൃത്തിയുള്ള, രോഗമില്ലാത്ത ഒരു നല്ല നാളെ സമ്മാനിക്കാൻ “എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം” എന്ന ബോധ്യത്തോടെ നമുക്ക് ഒരുമിച്ച് മുന്നേറാം. ഒടുവിൽ വരാനിരിക്കുന്ന വലിയ പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ ഇന്നേ മാറാം, മാറ്റാം.

(തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജിയിലെ മുൻ ജീവനക്കാരനാണ് ലേഖകൻ കെ. ജി. ഫ്രാൻസിസ് ആന്റണി.)