ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി നടത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. ക്രമസമാധാന വിഭാഗം ഡിജിപി ജി. വെങ്കട്ടരാമനെ സ്ഥാനത്തുനിന്നും നീക്കി പകരം 1992 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ സന്ദീപ് റായ് റാത്തോറിനെ പുതിയ പൊലീസ് മേധാവിയായി നിയമിച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പൊലീസ് നടപടികളുടെയും മേൽനോട്ട ചുമതല ഇനിമുതൽ സന്ദീപ് റായ് റാത്തോറിനായിരിക്കും.

ഡിജിപിക്ക് പുറമെ സംസ്ഥാനത്തെ മറ്റ് പ്രധാന പൊലീസ് തസ്തികകളിലും കമ്മീഷൻ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. താംബരം സിറ്റി പൊലീസ് കമ്മീഷണറായിരുന്ന എ. അമൽരാജിന് പകരം സഞ്ജയ് കുമാറിനെയും, മധുര സിറ്റി പൊലീസ് കമ്മീഷണറായി അഭിഷേക് ദീക്ഷിതിനെയും നിയമിച്ചു. കോയമ്പത്തൂർ വെസ്റ്റ് സോൺ ഐജിയായി ആർ.വി. രമ്യ ഭാരതിയെയും നിയോഗിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതുവരെ ഈ ഉദ്യോഗസ്ഥർ തൽസ്ഥാനങ്ങളിൽ തുടരണമെന്നാണ് കമ്മീഷൻ സെക്രട്ടറി ലത ത്രിപാഠി പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുന്നത്.
ഡിഎംകെ സർക്കാർ നിയമിച്ച ഉദ്യോഗസ്ഥർ പ്രധാന പദവികളിൽ തുടരുന്നതിനെതിരെ ബിജെപി ഉൾപ്പെടെയുള്ള രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്ന് വിമർശനം ഉയർന്ന സാഹചര്യത്തിലാണ് കമ്മീഷന്റെ ഈ നിർണ്ണായക നീക്കം. പുതിയതായി നിയമിതരായ എല്ലാ ഉദ്യോഗസ്ഥരും വെള്ളിയാഴ്ച രാവിലെ 11 മണിക്ക് തന്നെ ചുമതലയേൽക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിലൂടെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ നിഷ്പക്ഷത ഉറപ്പുവരുത്തുകയാണ് കമ്മീഷൻ ലക്ഷ്യമിടുന്നത്.

