പാലക്കാട്: പാലക്കാട് ശ്രീകൃഷ്ണപുരം തൃപ്പൂലിക്കൽ മഹാദേവക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടന്നു. ക്ഷേത്രത്തിന്റെ തെക്കുവശത്തെ ഓടിളക്കി അകത്തുകടന്ന മോഷ്ടാവ് പതിനായിരത്തോളം രൂപയാണ് കവർന്നത്. രാവിലെ നടതുറക്കാനെത്തിയ മേൽശാന്തിയാണ് മോഷണവിവരം ആദ്യം ശ്രദ്ധിച്ചത്. ക്ഷേത്രപരിസരത്തെ മിനി മാസ്റ്റ് ലൈറ്റിന്റെ വെളിച്ചം ഭയന്നാകാം പ്രധാന ഭണ്ഡാരം ഒഴികെ മറ്റുള്ളവയിൽ മോഷ്ടാവ് തൊട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.
ക്ഷേത്രത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ള വ്യക്തിയാകാം മോഷണത്തിന് പിന്നിലെന്ന് ഭാരവാഹികൾ സംശയിക്കുന്നു. ക്ഷേത്രത്തിനകത്ത് സിസിടിവി ക്യാമറകൾ ഇല്ലാത്തത് അന്വേഷണത്തിന് വെല്ലുവിളിയാവുന്നുണ്ടെങ്കിലും, പരിസരപ്രദേശങ്ങളിലെ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ചെർപ്പുളശേരി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധനകൾ നടത്തി.


