Mon. Nov 23rd, 2026

തൃശൂർ: വിവാദങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും വിരാമമിട്ട് തൃശൂർ കോർപ്പറേഷൻ മേയറായി ഡോ. നിജി ജസ്റ്റിൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വോട്ടെടുപ്പിൽ 35 വോട്ടുകൾ നേടിയാണ് നിജി ജസ്റ്റിൻ വിജയിച്ചത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം കോൺഗ്രസ് നേതാക്കൾ കിരീടം ചൂടിച്ചും മേയർ കോട്ടണിയിച്ചും പുതിയ അധ്യക്ഷയെ സ്വീകരിച്ചു. എന്നാൽ മേയർ തിരഞ്ഞെടുപ്പിന് പിന്നാലെ പാർട്ടി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുതിർന്ന കൗൺസിലർ ലാലി ജെയിംസ് രംഗത്തെത്തിയത് കോൺഗ്രസിനെ പ്രതിരോധത്തിലാക്കി.

അവസാന നിമിഷം വരെ ലാലി ജെയിംസിന്റെ പേരായിരുന്നു മേയർ സ്ഥാനത്തേക്ക് സജീവമായി പരിഗണിച്ചിരുന്നത്. എന്നാൽ ഡിസിസി പ്രസിഡന്റ് അപ്രതീക്ഷിതമായി നിജി ജസ്റ്റിനെ പ്രഖ്യാപിക്കുകയായിരുന്നു. പാർട്ടി നേതൃത്വം പണം വാങ്ങി മേയർ പദവി വിറ്റെന്നും, പണമില്ലാത്തതിനാലാണ് തന്നെ തഴഞ്ഞതെന്നും ലാലി ജെയിംസ് ആരോപിച്ചു. നിജി ജസ്റ്റിനും ഭർത്താവും എഐസിസി നേതാക്കളെ കണ്ട് പെട്ടി കൈമാറിയെന്നും ലാലി ജെയിംസ് പറഞ്ഞിരുന്നു.

താൻ ഒരു വിധവയാണെന്നും അർഹതപ്പെട്ട പദവി നിഷേധിച്ചതിൽ വലിയ വിഷമമുണ്ടെന്നും ലാലി ജെയിംസ് പറഞ്ഞു. വോട്ടെടുപ്പിൽ പാർട്ടിക്കൊപ്പം നിന്ന ലാലി, തനിക്കെതിരെ നടപടി ഉണ്ടായാൽ പരസ്യമായി ഇനിയും പ്രതികരിക്കുമെന്നും മുന്നറിയിപ്പ് നൽകി. ആരോപണങ്ങൾക്കിടയിലും ഭരണം നിലനിർത്താൻ കഴിഞ്ഞത് യുഡിഎഫിന് ആശ്വാസമായെങ്കിലും ഉന്നയിക്കപ്പെട്ട സാമ്പത്തിക ആരോപണങ്ങൾ വരും ദിവസങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതുറക്കും.