കൊച്ചി: പാമ്പാക്കുട പഞ്ചായത്ത് പത്താം വാർഡായ ഓണക്കൂറിലെ കോൺഗ്രസ് സ്ഥാനാർത്ഥി സി.എസ്. ബാബു (59) കുഴഞ്ഞു വീണ് മരിച്ചു. പുലർച്ചെ മൂന്ന് മണിയോടെ വീട്ടിൽ വെച്ചാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്ഥാനാർത്ഥിയുടെ നിര്യാണത്തെ തുടർന്ന് പാമ്പാക്കുട പഞ്ചായത്ത് പത്താം വാർഡിലെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചതായി അധികൃതർ അറിയിച്ചു.
വിഴിഞ്ഞത്ത് വാഹനാപകടം: സ്വതന്ത്ര സ്ഥാനാർത്ഥി മരിച്ചു
ഇന്ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, വിഴിഞ്ഞം 66-ാം വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥി ജസ്റ്റിൻ ഫ്രാൻസിസ് ഇന്നലെ വാഹനാപകടത്തിൽ മരിച്ചിരുന്നു. തിങ്കളാഴ്ച വൈകുന്നേരം 6.50-ഓടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിൻ്റെ മരണം സംഭവിച്ചത്. ഇതേത്തുടർന്ന് വിഴിഞ്ഞം വാർഡിലെ തിരഞ്ഞെടുപ്പും മാറ്റിവെച്ചതായി സബ് കളക്ടർ ഒ.വി. ആൽഫ്രഡ് അറിയിച്ചു. ഈ വാർഡിലെ 10 ബൂത്തുകളും ഇന്നലെ രാത്രി തന്നെ പൂട്ടി ഉദ്യോഗസ്ഥർ മടങ്ങിയിരുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

