കൊച്ചി: മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ത്രില്ലർ ചിത്രം ‘കളങ്കാവൽ’ റിലീസിനൊരുങ്ങുകയാണ്. നവാഗതനായ ജിതിൻ ജോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി, മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതിലുള്ള തന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടൻ വിനായകൻ.
“മമ്മൂക്കയുമായി വർക്ക് ചെയ്യാൻ ഭയങ്കര എളുപ്പമാണ്. അദ്ദേഹം വളരെ സൂപ്പർ സീനിയറാണ്. അദ്ദേഹത്തിന് കാര്യങ്ങളെല്ലാം അറിയാം, അതുകൊണ്ട് തന്നെ അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ എനിക്ക് വളരെ എളുപ്പമായിരുന്നു,” വിനായകൻ പറഞ്ഞു.

സിനിമയിലെ ഡയലോഗുകളുടെ കാര്യത്തിൽ മമ്മൂട്ടി നൽകിയ പിന്തുണയെക്കുറിച്ചും വിനായകൻ നന്ദിയോടെ സംസാരിച്ചു. “സാർ വരുന്നതിന് മുൻപ് ഞാൻ കഥാപാത്രത്തിന് ഒരു ബോഡി ലാംഗ്വേജ് പിടിച്ചിട്ടുണ്ടായിരുന്നു. സാർ വന്ന ശേഷം ഡയലോഗുകൾ കുറേയൊക്കെ മാറി. അത്രയൊന്നും പറയണ്ട, അല്ലെങ്കിൽ ഇത്രയും പറഞ്ഞാൽ മതി എന്നൊക്കെ അദ്ദേഹം എനിക്ക് പറഞ്ഞു തന്നു. ഡയലോഗ് പറയാനാണ് സാർ എന്നെ കൂടുതൽ സഹായിച്ചത്,” വിനായകൻ കൂട്ടിച്ചേർത്തു. മമ്മൂട്ടി കമ്പനിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം.
ദുൽഖർ സൽമാന്റെ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പ്’ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ. ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കളങ്കാവൽ’. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച ചിത്രം, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ പ്രൊജക്റ്റാണ്. ചിത്രം ഡിസംബർ 5-ന് ആഗോള റിലീസായി തിയേറ്ററുകളിൽ എത്തും.

