Fri. Nov 20th, 2026

കൊച്ചി: നിർമ്മാണ മേഖലയിലെ തൊഴിലാളികൾക്ക് വർക്ക് സൈറ്റുകളിൽ മല മൂത്ര വിസർജനത്തിന് താത്കാലികമായ ടോയിലെറ്റുകൾ സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് കുടിയേറ്റ തൊഴിലാളികളുടെ സംഘടനയായ പ്രോഗ്രസീവ് തൊഴിലാളി യൂണിയൻ ആവശ്യപ്പെട്ടു, കെട്ടിട നിർമ്മാണത്തിന് പെർമിഷൻ കൊടുക്കുമ്പോൾ വർക്ക് സൈറ്റുകളിൽ താത്കാലിക ടോയ്‌ലറ്റ് സംവിധാനം ഉറപ്പാക്കിവേണം നൽകാനെന്നും നിലവിൽ പ്രാഥമീക കർമ്മങ്ങൾ നിർവഹിക്കാനുള്ള സൗകര്യങ്ങൾ പോലും പല സൈറ്റുകളിലും ഇല്ലെന്നും സ്ത്രീ തൊഴിലാളികൾ ഉൾപ്പെടെ എത്ര മൂത്രശങ്ക അനുഭവപ്പെട്ടാലും പിടിച്ചുവെക്കുകയോ ഏതെങ്കിലും പൊന്തക്കാടിൻറെ മറവിലോ ഒക്കെ കാര്യം സാധിക്കേണ്ട ഗതികേടാണെന്നും, പ്ലാസ്റ്റിക്ക് കവറുകളിൽ മലവിസർജനം നടത്തി അടുത്ത ബിൽഡിങ്ങിൻറെ ടെറസിന്റെ മുകളിലേക്ക് വലിച്ചെറിയുന്ന സംഭവങ്ങൾ വരെ ഉണ്ടെന്നും പ്രോഗ്രസീവ് യൂണിയൻ ജനറൽ സെക്രട്ടറി ജോർജ്ജ് ബ്രൂണോ പറഞ്ഞു.

ഇത് സംബന്ധിച്ച് ചില തൊഴിലാളികൾ കോടതിയെ സമീപിച്ചിരുന്നെങ്കിലും കേസ് നീണ്ടുപോകുകയാണ്. തൊഴിൽ വകുപ്പ് മന്ത്രിയും തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രിയും അടിയന്തിരമായി ഇടപെട്ട് ഇതിനൊരു ശാശ്വതപരിഹരം ഉണ്ടാക്കണമെന്ന് പ്രോഗ്രസീവ് തൊഴിലാളി യൂണിയൻ ആവശ്യപ്പെട്ടു. കെട്ടിട നിർമ്മാണത്തിന് പെർമിഷൻ കൊടുക്കുമ്പോൾ തൊഴിലാളികൾക്ക് താത്കാലിക ടോയിലെറ്റുകൾ കൂടി നിർമ്മിക്കണമെന്നു വ്യവസ്ഥ ചെയ്യണം. വെറും പതിനായിരം രൂപ മാത്രം ചിലവാക്കിയാൽ താത്കാലിക ടോയിലെറ്റുകൾ സ്ഥാപിക്കാമെന്നിരിക്കെയാണ് പാവപ്പെട്ട അസംഘടിത മേഖലയിലെ തൊഴിലാളികളെ ഇതുപോലെ പ്രാഥമീക മനുഷ്യാവകാശങ്ങൾ പോലും നിഷേധിച്ചുകൊണ്ട് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് തള്ളിവിടുന്നത്.

തൊഴിലാളികളുടെ പ്രാഥമീക കർമ്മങ്ങൾക്ക് സൗകര്യം ഉണ്ടാക്കി അവരുടെ ആരോഗ്യരക്ഷയ്ക്കുവേണ്ടി താൽക്കാലിക ശുചിമുറി എല്ലാ കെട്ടിട നിർമ്മാണ സ്ഥലത്തും നിർബന്ധമായി സ്ഥാപിക്കേണ്ടതാണ്. ശുചിമുറി സൗകര്യമില്ലാതെ കെട്ടിട നിർമ്മാണ അനുമതി നൽകരുത്. ഇത് നിയമം മൂലം നടപ്പാക്കാൻ തൊഴിൽവകുപ്പ് മന്ത്രി വി ശിവൻകുട്ടി മുൻകൈ എടുക്കണം. മാധ്യമങ്ങളും രാഷ്ട്രീയക്കാരും ഇത് വളരെ ഗൗരവത്തോടെ കാണണമെന്നും പ്രോഗ്രസീവ് യൂണിയൻ നേതാവ് ജോർജ്ജ് ബ്രൂണോ പറഞ്ഞു.

കൂടാതെ കേന്ദ്രസർക്കാർ പാസാക്കിയ നാല് പുതിയ ലേബർ കോഡുകൾ നടപ്പിലാക്കാനുള്ള ശ്രമം കൂട്ടായ വിലപേശലിനെ ഇല്ലാതാക്കാനും, യൂണിയനുകളെ ദുർബലപ്പെടുത്താനും, ‘ബിസിനസ്സ് എളുപ്പമാക്കൽ’ പ്രോത്സാഹിപ്പിക്കുന്നതിന്റെ മറവിൽ തൊഴിലുടമകൾക്ക് അനുകൂലമാക്കാനുമുള്ള ശ്രമമാണെന്ന് അദ്ദേഹം പറഞ്ഞു. നാല് പുതിയ ലേബർ കോഡുകൾ വേതന കോഡ്, വ്യാവസായിക ബന്ധ കോഡ്, തൊഴിൽ സുരക്ഷ, ആരോഗ്യം, ജോലി സാഹചര്യ കോഡ് (OSH കോഡ്), സാമൂഹിക സുരക്ഷാ കോഡ് എന്നിവയാണ്.

നിലവിലുള്ള 29 തൊഴിൽ നിയമങ്ങൾക്ക് പകരമായി വരുന്ന നാല് തൊഴിൽ കോഡുകൾ, മിനിമം വേതനം, വ്യാവസായിക ബന്ധങ്ങൾ, സാമൂഹിക സുരക്ഷ, തൊഴിൽ സുരക്ഷ, ആരോഗ്യം, തൊഴിൽ സാഹചര്യങ്ങൾ തുടങ്ങിയ കാര്യങ്ങളെ നിയന്ത്രിക്കും. പുതിയ നിയമങ്ങൾ ബിസിനസുകൾക്ക് തൊഴിലാളികളെ നിയമിക്കുന്നതിനും പിരിച്ചുവിടുന്നതിനും എളുപ്പമാക്കുന്നു, പണിമുടക്കുകൾക്ക് മുൻകൂർ അനുമതി നൽകുന്നതിലൂടെ പണിമുടക്കാനുള്ള അവകാശം നിയന്ത്രിക്കുന്നു, ട്രേഡ് യൂണിയനുകളെ ദുർബലപ്പെടുത്തുന്നു, കരാർ, ഗിഗ് തൊഴിലാളികൾക്കുള്ള പ്രൊവിഡന്റ് (പെൻഷൻ) ഫണ്ട്, ഗ്രാറ്റുവിറ്റി, ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയ പ്രധാന ആനുകൂല്യങ്ങൾ പരിമിതപ്പെടുത്തുന്നു എന്നും അദ്ദേഹം പറഞ്ഞു, ഇത് കേരളത്തിൽ നടപ്പിലാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാൽ കേന്ദ്രത്തിന്റെ ലേബര്‍ കോഡ്: അതേപടി നടപ്പാക്കാന്‍ കേരളം തയ്യാറല്ലെന്ന് തൊഴിൽ മന്ത്രി ശിവന്‍കുട്ടി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. പുതിയ ലേബര്‍ കോഡുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ രൂപവത്കരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് മേല്‍ കടുത്ത സമ്മര്‍ദമുണ്ടായെന്നും എന്നാല്‍ കോഡ് അതേപടി നടപ്പാക്കാന്‍ കേരളം തയ്യാറായില്ലെന്നും മന്ത്രി ഞ്ഞിരുന്നു.