Sun. Jul 26th, 2026

തൃശൂർ: അന്ധവിശ്വാസ നിർമ്മാർജ്ജന നിയമം നിർമ്മിച്ചു നടപ്പിലാക്കുന്നതിന് ഗവൺമെൻ്റ് സമയപരിധി നിശ്ചയിക്കണമെന്ന് കേരള യുക്തിവാദിസംഘം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. നിയമം നടപ്പിലാക്കുന്നതിന് സാമൂഹികവും നിയമപരവും ഭരണഘടനാപരവുമായ വശങ്ങൾ പഠിക്കുന്നതിനായി ഗവൺമെൻ്റ് മൂന്നംഗം കമ്മിറ്റിയെ നിശ്ചയിച്ചതിൻ്റെ പശ്ചാത്തലത്തിലാണ് യോഗം ഈ ആവശ്യം ഉന്നയിച്ചത്. അന്ധവിശ്വാസ നിർമ്മാർജ്ജന നിയമം നിർമ്മിച്ചു നടപ്പിലാക്കുന്നതിൻ്റെ ഭാഗമായുള്ള നിരവധി കമ്മീഷൻ റിപ്പോർട്ടുകളും വിവിധങ്ങളായ സ്വകാര്യ ബില്ലുകളും കേരള യുക്തിവാദിസംഘം പലഘട്ടങ്ങളിലായി സമർപ്പിച്ച കരട് ബില്ലും ഗവൺമെൻ്റ് വശമുണ്ട്.

2014 ൽ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല അന്ധവിശ്വാസ നിരോധനബിൽ കൊണ്ടുവരുമെന്ന് നിയമസഭയിൽ പ്രഖ്യാപിക്കുകയും ADGP യായിരുന്ന A ഹേമചന്ദ്രൻ കരട് തയ്യാറാക്കി (അന്ധവിശ്വാസത്തിൻ്റെ പേരിലുള്ള ചൂഷണം തടയൽ ബിൽ 2014) സമർപ്പിക്കുകയും ചെയ്തിരുന്നു.

2018ൽ P T തോമസ് MLA “യുക്തിസഹമല്ലാത്ത വിശ്വാസങ്ങളും അവയെച്ചൊല്ലിയുള്ള ആചാരങ്ങളും ” എന്ന പേരിൽ അന്ധവിശ്വാസ നിരോധനബിൽ കൊണ്ടുവന്നു. അന്ന് സഭയിൽ പ്രതിപക്ഷത്തുനിന്നും ഭരണപക്ഷത്തുനിന്നും അഞ്ച് പേർ വീതം ബില്ലിനെ അനുകൂലിച്ച് സംസാരിച്ചു. സ്വകാര്യബില്ലായതിനാൽ പരിഗണിക്കേണ്ടതില്ല എന്ന നിഷേധാത്മക നിലപാടാണ് മുഖ്യമന്തിക്കു വേണ്ടി മന്ത്രി A C മൊയ്തീൻ സഭയിൽ പറഞ്ഞത്. എന്നാൽ ഈ ബിൽ ഔദ്യോഗിക ബില്ലായി പരിഗണിക്കണമെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ നിർദ്ദേശിച്ചിരുന്നു. സമഗ്രനിയമം കൊണ്ടുവരുമെന്ന ഉറപ്പിൽ പി.ടി. തോമസിൻ്റെ ബിൽ തന്ത്രപരമായി ചുവപ്പുനാടയിൽ ബന്ധിച്ചു.

2019 ൽ ജസ്റ്റീസ് K T തോമസ് അദ്ധ്യക്ഷനായ നിയമ പരിഷ്കരണ കമ്മീഷൻ തയ്യാറാക്കിയ “ദ കേരള പ്രിവൻഷൻ ആൻ്റ് ഇറാഡിക്കേഷൻ ഓഫ് ഇൻ ഹ്യൂമൺ ഈവിൾ പ്രാക്ടീസസ്, സോർ സെറി ആൻ്റ് ബ്ലാക്ക് മാജിക് ബിൽ 2019” എന്ന കരടുബില്ലും സമാനരീതിയിൽ ഫ്രീസ് ചെയ്യപ്പെട്ടു.

2019 ജൂൺ 10 ന് 14-ാം കേരള നിയമ സഭയുടെ 15-ാം സമ്മേളനത്തിൽ എം.എൽ.എ മാരായ എം. മുകേഷ്, പുരുഷൻ കടലുണ്ടി, പ്രൊഫ. കെ.യു. അരുണൻ , പി. ഉണ്ണി എന്നിവർ ചോദിച്ച സ്റ്റാർ ചിഹ്നമിട്ട ചോദ്യത്തിന് രോഗശാന്തി ശുശ്രൂഷകൾ, ആഭിചാരക്രിയകൾ തുടങ്ങിയ അന്ധവിശ്വാസങ്ങളേയും ദുരാചാരങ്ങളേയും ഉൻമൂലനം ചെയ്യുന്നതിന് ശക്തമായ ബോധവൽക്കരണത്തോടൊപ്പം നിയമം നടപ്പാക്കണമെന്നുള്ള ആഭ്യന്തര വകുപ്പിൻ്റെ നിർദ്ദേശം നിയമ പരിഷ്കരണ കമ്മീഷൻ്റെ പരിഗണനയിലാണെന്ന് അന്ന് നിയമവകുപ്പിൻ്റെ ചുമതലയുണ്ടായിരുന്ന മന്ത്രി എ.കെ. ബാലൻ പറഞ്ഞിരുന്നു.

2021 ജൂൺ 21 ന് 15-ാംനിയമ സഭയുടെ 11-ാം സമ്മേളനത്തിൽ ആലത്തൂർ MLA കെ.ഡി പ്രസേനൻ നോട്ടീസ് നൽകി. “കേരള അന്ധവിശ്വാസ അനാചാര നിർമ്മാണബിൽ 2021″നിയമസഭയിൽ അവതരിപ്പിച്ചു. മന്ത്രിസഭാ തീരുമാനമനുസരിച്ച് അത് ചർച്ചചെയ്യാ നോ പാസ്സാക്കാനോ ഗവൺമെൻ്റ് തയ്യാറായില്ല.

2008ൽ കേരള യുക്തിവാദിസംഘം അന്നത്തെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് കരടുബില്ലും നിവേദനവും സമർപ്പിച്ചെങ്കിലും ഒന്നുമുണ്ടായില്ല. 2014 ൽ വീണ്ടും കരടുബില്ലും പതിനായിരങ്ങൾ ഒപ്പിട്ട നിവേദനവും സമർപ്പിച്ചു. ഫലമുണ്ടായില്ല.

നിയമം നടപ്പിലാക്കുന്നതിനായി സെക്രട്ടേറിയറ്റും കളക്ടറേറ്റുകളും കേന്ദ്രീകരിച്ചും പ്രാദേശികമായും നിരവധി പ്രക്ഷോഭ സമരങ്ങൾ നടത്തി. കാസറഗോഡു മുതൽ തിരുവനന്തപുരം വരെയുള്ള പ്രചരണയാത്ര, നിരവധി തവണ സെക്രട്ടേറിയറ്റ് മാർച്ചുകൾ, നിവേദനങ്ങൾ, സെക്രട്ടേറിയറ്റ് നടയിൽ 48 മണിക്കൂർരാപ്പകൽ സത്യഗ്രഹം, നവ കേരള യാത്രയിൽ നിവേദനം, നിയമ മന്ത്രിക്ക് നിവേദനം, മുഖ്യമന്ത്രിക്ക് സാഹിത്യ സാംസ്കാരിക സിനിമാ മേഖലയിലെ പ്രമുഖർ ഒപ്പിട്ട പ്രസ്താവന തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് അന്ധവിശ്വാസ നിർമ്മാർജ്ജന നിയമം നിർമ്മിച്ചു നടപ്പിലാക്കുന്നതിനായി കേരള യുക്തി വാദി സംഘം ഇതിനകം നടത്തിയത്.

ഇലന്തൂർ നരബലിയുടെ പശ്ചാത്തലത്തിൽ അന്ധവിശ്വാസ നിർമ്മാർജ്ജന നിയമം നടപ്പിലാക്കാൻ ഗവൺമെൻ്റ് മുന്നോട്ടു വന്നപ്പോൾ തന്ത്രിമാരും ജ്യോതിഷികളുമെല്ലാം ചേർന്ന കൂട്ടായ്മയായ അഖില കേരള ജ്യോതിശാസ്ത്ര മണ്ഡലത്തിൻ്റെ നേതൃത്വത്തിൽ 30 ൽ പരം ആചാര്യ സംഘടനകൾ നിയമത്തിനെതിരായി രംഗത്തുവന്നു. ഈ നിയമം വിശ്വാസങ്ങളെ തകർക്കാനുള്ളതാണെന്നും വിശ്വാസികളുടെ മനസ്സിനെ മുറി വേൽപ്പിക്കുന്നതാണെന്നുമായിരുന്നു അവരുടെ ആരോപണം. പിന്തിരിപ്പൻ വിശ്വാസത്തിലധിഷ്ഠിതമായ ഇത്തരം കൂട്ടായ്മകളുടെ മനസ്സാണ് പൊതു സമൂഹം ഏറിയും കുറഞ്ഞും പങ്കിടുന്നത്. ആ ഒരു ഐക്യദാർഢ്യമാണ് അന്ധവിശ്വാസ നിർമ്മാർജ്ജന നിയമം നടപ്പിലാക്കാതിരിക്കാനുള്ള ഭരണകൂടങ്ങളുടെ പിടി വള്ളി.

മാറിമാറി വന്ന സംസ്ഥാന സർക്കാരുകളുടെ നിസ്സംഗത മൂലമാ ണ് കേരള യുക്തിവാദി സംഘം സംസ്ഥാന കമ്മിറ്റിക്കു വേണ്ടി ജനറൽ സെക്രട്ടറി ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയിൽ ഇതു സംബന്ധിച്ചുള്ള കേസ് ഫയൽ ചെയ്യുന്നത്. ആദ്യം സർക്കാർ പിറകോട്ടു പോയെങ്കിലും ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ ശക്തമായ ഇടപെടൽ മൂലം അന്ധവിശ്വാസ നിർമ്മാർജ്ജന നിയമം നിർമ്മിച്ചു നടപ്പിലാക്കാൻ ഗവൺമെൻ്റ് പ്രതിജ്ഞാബദ്ധണെന്ന് ഹൈക്കോടതി മുൻപാകെ സത്യവാങ്ങ് മൂലം സമർപ്പിക്കേണ്ടി വന്നു.

സാമൂഹികവും ഭരണഘടനാപരവും നിയമപരവുമായ വശങ്ങളെ പറ്റി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായാണ് മുൻ നിയമ സെക്രട്ടറി കെ. ശശിധരൻ , മുൻ DGP ജേക്കബ്ബ് പുന്നൂസ്, വഖഫ്ബോർഡ് ചെയർമാൻ അഡ്വ. എം.കെ. സക്കീർ എന്നിവരടങ്ങുന്ന വിദഗ്ദ സമിതിയെ വച്ചിരിക്കുന്നത്. മുൻപ് സമർപ്പിച്ച നിരവധി റിപ്പോർട്ടുകൾ ഗവൺമെണ്ടിനു മുൻപാകെയുണ്ട്. വീണ്ടും ഒരു വിദഗ്ധ സമിതി റിപ്പോർട്ടു കൂടി വാങ്ങി ഹൈക്കോടതിയിൽ നിന്നും വിടുതൽ നേടുകയാണോ ഗവൺമെൻ്റ് ലക്ഷ്യം എന്നു സംശയിക്കുന്നു.

അതിനാൽ ഇപ്പോൾ നിയമിച്ചിട്ടുള്ള മൂന്നംഗകമ്മിറ്റിയുടെ റിപ്പോർട്ടിന് സമയപരിധി നിശ്ചയിക്കണമെന്നും ഈ ഗവൺമെണ്ടിൻ്റെ കാലത്തു തന്നെ സമഗ്രമായ അന്ധവിശ്വാസ നിർമ്മാർജ്ജന നിയമം നിർമ്മിച്ചു നടപ്പിലാക്കുവാനുള്ള ആർജ്ജവം കാണിക്കണമെന്ന് കേരള യുക്തിവാദി സംഘം സംസ്ഥാന പ്രസിഡണ്ട്. ഗംഗൻ അഴീക്കോട് സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. ശക്തീധരൻ എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.