✍️ ലിബി. സിഎസ്
ഓരോ മനുഷ്യരും ഏതെങ്കിലും തരത്തിലുള്ള ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുന്നവരാണ്. മറ്റൊന്നും പ്രതീക്ഷിക്കാതെ മറ്റു മനുഷ്യരെ സഹായിക്കുന്നത് മനുഷ്യൻറെ ഒരു സ്വഭാവഗുണമാണ്. മനുഷ്യരിലെ ഈ നന്മകൊണ്ടാണു വാസ്തവത്തിൽ മനുഷ്യ സമൂഹം തന്നെ നിലനിൽക്കുന്നത് എന്ന് ചരിത്രം പഠിച്ചാൽ മനസിലാകും. എന്നാൽ ഇന്ന് ആ വാക്കിൻറെ തന്നെ അർത്ഥം മാറിയിരിക്കുന്നു. ചാരിറ്റി ഒരു ജീവിത മാർഗ്ഗം ആയിമാറിയിരിക്കുകയും സാമൂഹ്യ പ്രവർത്തകർക്ക് പകരം സോഷ്യൽ വർക്കേഴ്സ് ഉണ്ടായിവരികയും യുക്തിവാദരംഗത്തൊഴികെ മറ്റെല്ലാ രംഗത്തും എൻജിഒ കളുടെ അതിപ്രസരം ഉണ്ടായിവരികയും അതിനുവേണ്ടി എംഎസ് ഡബ്ലിയു എന്ന ഒരു ന്യൂ ജനറേഷൻ കോഴ്സ് വരെ ഉണ്ടായിവരികയും ചെയ്ത എൻജിഒ കാലത്താണല്ലോ നാം ജീവിക്കുന്നത്?! നാരായണഗുരുവോ അയ്യങ്കാളിയോ ഒന്നും MSW പാസായവർ ആയിരുന്നില്ലല്ലോ? ഇന്നത് ഒരു വർക്ക് ആയി മാറിയിരിക്കുകയാണ്. ഫെമിനിസ്റ്റ് എൻജിഒകൾ പാരിസ്ഥിക എൻജിഒകൾ, ശാസ്ത്രസാഹിത്യ പാരിസ്ഥിതിക എൻജിഒകൾ എന്നിവകൾക്ക് പുറമേ ബിപ്ലവ യുവജന സംഘടനകൾ വരെ ബിപ്ലവ പ്രവർത്തനമൊക്കെ മതിയാക്കി സന്നദ്ധപ്രവർത്തനത്തിന് ഇറങ്ങിയിരിക്കുന്ന കാലമാണ് ഇത്. പ്രൊഫ. എംഎൻ വിജയൻ സാർ മരിക്കുന്നതുപോലും ഒരു ശാസ്ത്രസാഹിത്യ സംഘടനയുടെ എൻജിഒ വൽക്കരണത്തെ എതിർത്തുകൊണ്ട് പത്രസമ്മേളനം നടത്തുമ്പോഴാണല്ലോ?
എൻജിഒകളുടെ രാഷ്ട്രീയമെന്തെന്നൊക്കെ ബോധമില്ലാത്തവരാണ് രാഷ്ട്രീയക്കാർ എന്ന് കരുതുന്നില്ല, അതിനാൽ അതിനെക്കുറിച്ച് കൂടുതൽ വിവരിക്കുന്നില്ല. യുക്തിവാദി മേഖലയിൽ മാത്രമാണ് എൻജിഒ വൽക്കരണം സംഭവിക്കാതെയുള്ളത് എന്ന് ആശ്വസിക്കാം. യുക്തിവാദി പ്രസ്ഥാനങ്ങൾക്കും ഫണ്ടുമായി പലരും സമീപിച്ചതാണ്.
ഇപ്പോൾ ചാരിറ്റിക്കാരും മോട്ടിവിഷംകാരുമായ രണ്ടു മതജീവികൾ നടത്തിയ ഡൊമസ്റ്റിക്ക് വയലൻസ് സോഷ്യൽമീഡിയയിൽ വലിയ ചർച്ച ആയതുകൊണ്ടാണ് വെറുതെ ഇത് കുറിക്കാമെന്നു കരുതിയത്. യുക്തിവാദികൾ ഇത്തരം ചാരിറ്റിക്കാരെയും ആൾദൈവങ്ങളെയുമൊക്കെ സംഘടന രൂപം കൊണ്ടകാലം മുതൽ എതിർത്തുവരുന്നതാണ് എങ്കിലും ഈ മോട്ടിവിഷംകാരുടെ സ്വാധീനം ഭക്തിവാദികളെപ്പോലെതന്നെ യുക്തിവാദികളെയും ഫെമിനിസ്റ്റുകളെയും എല്ലാം ബാധിച്ചിട്ടുണ്ട്. പണ്ടുമുതലേ യുക്തിവാദികളിൽക്കിടയിൽ ഇതൊക്കെ ഉണ്ടെങ്കിലും ഈയിടെ അത് കൂടിവരുന്നതായി യുട്യൂബിൽ കിടക്കുന്ന വീഡിയോകളിലെ സ്ത്രീകൾക്കുവേണ്ടിയുള്ള യുക്തിവാദ മോട്ടിവിഷങ്ങളും ഫെമിനിസ്റ്റ് മോട്ടിവിഷങ്ങളും ഒന്ന് കണ്ടാൽ മനസിലാകും.
ഇപ്പോൾ എങ്ങിനെ ആണെന്ന് അറിയില്ല. ഞാനൊക്കെ സംഘടനാപ്രവർത്തനം അവസാനിപ്പിക്കുന്ന ഒരു എട്ടുവർഷം മുൻപ്വരെ യുക്തിവാദി സംഘത്തിന് 3 ദിവസം നീണ്ടുനിൽക്കുന്ന സംസ്ഥാന സമ്മേളനങ്ങൾ ഉണ്ടായിരുന്നു. അതിന് ഒരു സ്ഥിരം ആചാരങ്ങളും അജണ്ഡകളും ഉണ്ടായിരുന്നു, അതിൽ യുക്തിവാദി സ്ത്രീകളുടെ ജോലി ആണുങ്ങളുടെ യുക്തിചർച്ചകൾക്ക് സ്വാഗതം പറയലും കൃതജ്ഞത പറയലുമാണ്. അതോടൊപ്പം യുക്തിവാദി സ്ത്രീകൾക്ക് വേണ്ടി ഒരു വനിതാ സമ്മേളനം എന്നൊരു സെഷൻ ഉണ്ടാകും, അത് തുടങ്ങുമ്പോൾ ആണുങ്ങളൊക്കെ ഇറങ്ങിപ്പോയി പുറത്തു വർത്തമാനം പറയുകയോ വിശ്രമിക്കുകയോ അടുത്ത ഭരണസമിതിയെ തിരഞ്ഞെടുക്കാനുള്ള ഗൂഢാലോചന നടത്തുകയോ ആയിരിക്കും. ഈ വനിതാ സമ്മേളനമാണ് ഏറെ കോമഡി. അതിനായി സ്ഥിരം ടീച്ചർമാരായ രണ്ടുപേരുണ്ട്, അവരുടെ നല്ല ഒന്നാംതരം സദാചാര ക്ളാസ് ആണ് നടക്കുന്നത്. ഈ മാരിയോയും ജിജിയുമൊന്നും അതിൻറെ മുന്നിൽ ഒന്നുമല്ല. ഇതിൽ പങ്കെടുത്തിട്ടുള്ള ആർക്കും ഞാൻ പറഞ്ഞത് സത്യമാണോ എന്ന് മനസിലാകും.
ഇപ്പോഴും അതിന് വലിയ മാറ്റമൊന്നും വന്നിട്ടില്ല എന്നതിന്റെ തെളിവാണ് പിജിക്ക് പഠിക്കുമ്പോൾ പോലും സ്വന്തമായി സോഷ്യൽമീഡിയ ഉപയോഗിക്കാൻ പോലും സ്വാതന്ത്ര്യം ഇല്ലാത്തവരും സ്വന്തമായി ഫെയ്സ്ബുക്ക് അകൗണ്ടുകൾ പോലും ഇല്ലാത്തവരുമൊക്കെയാണ് ഈ 21 ആം നൂറ്റാണ്ടിലും എച്ച് വൈഎം ന്റെയൊക്കെ സംസ്ഥാന നേതാക്കളായ കുട്ടികൾ പോലും എന്ന ഞെട്ടിക്കുന്ന യാഥാർഥ്യത്തെ ഞാൻ കഴിഞ്ഞദിവസം തിരിച്ചറിഞ്ഞത്. ഇവരൊക്കെ വർത്തമാന കാലത്ത് എന്ത് ആശയപ്രചരണം നടത്തുമെന്നോ!? എന്ത് പ്രതീക്ഷയോ? ആണ് നമുക്ക് നൽകുന്നത്? അച്ഛന്റെയും അമ്മയുടെയും നടുവിൽ അങ്ങോട്ട് തിരിയരുത് ഇങ്ങോട്ട് തിരിയരുത് എന്നൊക്കെ പറയുന്ന പഴയ മാർഗ്ഗദർശനത്തിലൂടെ തല്ലികൊട്ടി പഴുപ്പിച്ച മതമില്ലാത്ത ജീവനുകളെക്കൊണ്ട് കഥാപ്രസംഗം പറയിക്കുന്നതല്ലല്ലോ സംഘടനാ പ്രവർത്തനം? അങ്ങിനെ സ്ഥിരം കാഥികയോ കാഥികനോ ആകുക പോലും വേണ്ടപ്പെട്ടവരുടെ മക്കൾക്ക് മാത്രമേ നടക്കൂ എന്നത് വേറെ കാര്യം! ഇത്രയും സദാചാരവാദികളൊക്കെ ഇന്ന് സംഘികൾക്കിടയിൽ പോലും ഉണ്ടെന്ന് തോന്നുന്നില്ല. സംഘികളുടെ മക്കൾക്ക് പോലും ഇതിനേക്കാൾ സ്വാതന്ത്ര്യം ഉണ്ട്.
എല്ലാ ജില്ലയിലും സംഘടാനാ സംവിധാനം ഉള്ള യുക്തിവാദി സംഘടനയുടെ യുവജന പ്രസ്ഥാനത്തിന് 14 ജില്ലയിൽ 10 പേരെ വീതം സംഘടിപ്പിക്കൽ അത്രവലിയ റിസ്ക് ഉള്ള ജോലിയല്ല. അങ്ങിനെ ചെയ്താൽ പോലും 140 പേരുണ്ടാവും എന്നിരിക്കെ അതിനുപോലും സംഘാടന ശേഷിയില്ലാത്ത മതമില്ലാത്ത ജീവനുകളെയൊക്കെ വേറെന്തെങ്കിലും ജോലി ഏൽപ്പിച്ച് സംഘാടന ശേഷിയുള്ള കുട്ടികളെ കണ്ടെത്തിയാൽ മാത്രമേ ഏതു സംഘടനയ്ക്കും നിലനിൽപ്പുള്ളൂ. അത്തരം കഴിവുള്ള കുട്ടികളൊന്നും ഇല്ലാഞ്ഞിട്ടുമല്ല. ഞാനും എന്റെ മക്കൾക്കും ശേഷം പ്രളയം എന്ന് കരുതിയാൽ ഏതു പ്രസ്ഥാനത്തിൽ ആയാലും അത് നടപ്പുണ്ടാവില്ല. ഞാൻ പറഞ്ഞത് ഈ മോട്ടിവിഷവും യുക്തിവാദികളും തമ്മിലും ചില ബന്ധങ്ങളൊക്കെ ഉണ്ടെന്നു സൂചിപ്പിക്കാൻ ആണ്. യുക്തിവാദ മോട്ടിവിഷങ്ങളും ഭക്തിവാദ മോട്ടിവിഷങ്ങളും ഫെമിനിസ്റ്റ് മോട്ടിവിഷങ്ങളും ഉണ്ട്!
ഇപ്പോൾ സോഷ്യൽമീഡിയയിൽ ഏറ്റവും അൺസഹിക്കബിൾ ആയി മാറിയിട്ടുള്ള ഒരു ഫെമിനിസ്റ്റ് മോട്ടിവിഷം സ്പീക്കർ ഉണ്ടല്ലോ?വളരെ നടകീയമായി എന്തൊക്കെയോ പുള്ളിക്കാരി ലോകത്തുള്ള സകല വിഷയങ്ങളെ കുറിച്ചും പറയാൻ ശ്രമിക്കുന്നുണ്ട്. പലതും പൊട്ടത്തരങ്ങൾ ആണെന്ന് മാത്രം. മൈക്ക് കിട്ടിയാൽ നിർത്തുകയും ഇല്ല എന്നാണ് വിളിച്ചു പെട്ടുപോയ പലരും പറയുന്നത്!

ചാരിറ്റി ഒരു ജോലിയല്ല. മറ്റൊരാളിന്റെ ഔദാര്യം പറ്റി ജീവിക്കുന്നത് അത് സ്വീകരിക്കുന്ന ആളിൽ വലിയ ആത്മനിന്ദ ഉണ്ടാക്കും. അത്രയ്ക്ക് ഗതികേട് വരുമ്പോഴേ ആരും അതിന് നിൽക്കൂ. മുൻപ് ഫിറോസ് കുന്നും പറമ്പിൽ എന്ന നെന്മമരം ആത്മനിന്ദ ഉണർത്തുന്നത് നാം പലതവണ കേട്ടു. വർഷ എന്ന പെൺകുട്ടിയോട് അങ്ങേര് പറഞ്ഞത് “ചാരിറ്റിയ്ക്ക് വേണ്ടി വീഡിയോ ചെയ്തവനെ മറക്കരുതെന്ന്… ജീവിതം മുഴുവൻ അവനോട് കടപ്പാട് വേണമെന്ന് ആയിരുന്നു. “എന്തൊരു മനുഷ്യത്വ രഹിതമായ വാക്കുകളാണു അവ? കേരളത്തിലെ പരിഷ്കൃത നാട്യക്കാരായ സമൂഹത്തിനു മുന്നിലാണു അയാൾ ഈ വാക്കുകൾ ഉപയോഗിച്ചത്. എന്തുകൊണ്ട് ആ വാക്കുകൾ ഇവിടെ സ്ത്രീകൾ കേൾക്കാതെ പോയി? ഫെമിനിസ്റ്റ് എൻജിഒകൾ കേൾക്കാതെ പോയി? എങ്ങിനെയാണു അത്രയും വൃത്തികെട്ടൊരു കാര്യം അയാൾക്ക് പറയാൻ കഴിഞ്ഞത്..?
പിന്നീട് അയാൾ ജനപ്രതിനിധിയാകാൻ മത്സരിക്കാൻ ഇറങ്ങിയതും നാം കണ്ടു.
കേരളത്തിൽ ഇത്രമാത്രം ദാനശീലർ ഉണ്ടെങ്കിൽ. അവർ എല്ലാവരെയും സഹായിക്കാൻ സന്മനസ്സ് ഉള്ളവരുമായിരിക്കില്ലേ?ചിലരുടെ പോസ്റ്റുകൾ മാത്രം കാണുമ്പോൾ ഉത്തേജിതമാകുന്ന ഈ ചാരിറ്റി ചെയ്യാനുള്ള ത്വര എങ്ങിനെയാണു സംഭവിക്കുന്നത് എന്നതും വളരെ ഗൗരവമുള്ള കാര്യമാണ്.
വളരെ സമര്‍ത്ഥമായി കളിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് വളരെ വേഗത്തില്‍ ഒന്നാന്തരം സമ്പന്നനും പ്രശസ്തനുമാകാന് കഴിയുന്ന ഒരു വഴിയാണു സന്നദ്ധപ്രവര്‍ത്തനം. ഒരിക്കലും പരാജയപ്പെടില്ല.
ആദ്യം കുറേ ഭക്ഷണപ്പൊതികള്‍ സംഘടിപ്പിക്കുക. യാചകരെ കണ്ടെത്തുക. അല്ലെങ്കിൽ ആശുപത്രികളിൽ കൊണ്ടുപോയി കൊടുക്കുക, അവരെ ഊട്ടുക. ഫോട്ടോ എടുക്കുക.. മാധ്യമങ്ങളിലൂടെ അവ പ്രചരിപ്പിക്കുക. നിങ്ങള്‍ അധികമൊന്നും ഇന്‍വെസ്റ്റ് ചെയ്യേണ്ടിവരില്ല.. മറ്റു നന്മ നിറഞ്ഞ മനുഷ്യര്‍ നിങ്ങളെ തേടി വരും…
അവര്‍ പണം തരും.. അവരുടെ പാപം കഴുകി കളയണമെന്ന് ആഗ്രഹിക്കുന്നവര്‍… പുണ്യം നേടണമെന്ന് ആഗ്രഹിക്കുന്നവര്‍… പിന്നീട് നിങ്ങള്‍ക്ക് വിപുലമായ രീതിയില്‍ സംഭവങ്ങള്‍ നടത്താന്‍ കഴിയും…
നിങ്ങൾക്ക് വീടുവെച്ചുകൊടുക്കാനോ രോഗികൾക്ക് ചികിത്സ സഹായം നൽകാനോ ഒക്കെ കഴിയും.
ഇതൊക്കെയാണ് എല്ലാ ചാരിറ്റിക്കാരും ചെയ്യുന്നത്. ഇപ്പോൾ തമ്മിൽ തല്ലി പിരിഞ്ഞശേഷം കട്ടതും മോട്ടിച്ചതുമായ കണക്കുകളൊക്കെ വിളിച്ചുപറയുന്ന മോട്ടിവിഷം ദമ്പതികളും ചെയ്തത്.
അല്ലാതെ ഇതിന്റെ കണക്കൊന്നും വേറെ ആരും ചോദിക്കാന്‍ പോകുന്നില്ല… ആള് ദൈവങ്ങളും ഇതല്ലേ ചെയ്യുന്നത്..? ചില ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍… അതിലൂടെ അവരെ ചോദ്യം ചെയ്യാന്‍ പാടില്ലാത്ത ദൈവങ്ങളായി വളരും… വലിയ അധോലോക മാഫിയ അവര്‍ക്ക് പിന്നിലുണ്ടാകും… പിന്നെ അവര്‍ നാടിനു മുഴുവന്‍ ഭീഷണിയാവും.
ഒരു നാട്ടില്‍ നടക്കുന്ന സന്നദ്ധപ്രവര്‍ത്തനങ്ങള്‍ ആരൊക്കെ ചെയ്യുന്നുവെന്നും എന്തൊക്കെ ചെയ്യുന്നുവെന്നും സര്‍ക്കാര്‍ ശ്രദ്ധിക്കണം. തെറ്റായ മാഫിയ വളര്‍ന്ന് വരാന്‍ അനുവദിക്കരുത്…!
ഇപ്പോൾ കാര്യം ഇങ്ങനൊക്കെ ആണെങ്കിലും ഈ മോട്ടിവിഷം ദമ്പതികൾ കുറെപ്പേർക്ക് വീടുവെച്ചു കൊടുത്തിട്ടുണ്ട് എന്നുപറഞ്ഞാണ് സകലരുടെയും പോസ്റ്റുകൾ തുടങ്ങുന്നത്! ഇവരാണോ വീടുവെച്ചു കൊടുക്കേണ്ടത്? പിന്നെ സർക്കാരിന് എന്തിനാണ് ഒരു ഭവന നിർമ്മാണ വകുപ്പും അവരെ തീറ്റിപോറ്റുന്നതും? മുൻപ് ശ്രീ സത്യസായി ബാബയെക്കുറിച്ച് അയാൾ ചെയ്യുന്ന ചാരിറ്റിയെക്കുറിച്ചും സൌജന്യ ഓപ്പറേഷൻ നടത്തുന്നതിനെക്കുറിച്ചും ഭക്ഷണം നൽകുന്നതിനെക്കുറിച്ചും ഒക്കെയാണ് എല്ലാവരും പറയുക. എന്നിട്ട് ചോദിക്കും യുക്തിവാദികൾ ഇതുപോലെ ഒരാളെയെങ്കിലും സഹായിച്ചിട്ടുണ്ടോ എന്ന്!
അപ്പോഴൊക്കെ നിഷ്കളങ്കർ വിചാരിക്കും ശരിയല്ലേ? നല്ല കാര്യമാണല്ലോ എന്ന്. എന്നാൽ ഈ മനുഷ്യൻ ഇന്ത്യയിൽ സൃഷ്ടിച്ച ബോധം എന്തായിരുന്നു…? വള്ളിക്കാവിലെ തുള്ളൽക്കാരി അമ്മച്ചിയും ഇതുതന്നെയാണല്ലോ ചെയ്യുന്നത്? അതിന്റെ ഉല്പന്നം കൂടിയാണ് അരാഷ്ട്രീയവാദവും സംഘപരിവാർ ഭരണവും ഒക്കെ! ഇതുപോലെയുള്ള നിരവധി ആൾ ദൈവങ്ങളുടെ സഹായവും സംഘപരിവാറിനു ലഭിച്ചിട്ടുണ്ട്. ലഭിച്ചുകൊണ്ടിരിക്കുന്നു. ചിലരൊക്കെ പീഡനക്കേസിൽ ജയിലുമാണ്. ചിലരൊക്കെ രാജ്യവും വിട്ടു.
സത്യസായി ബാബയെ അന്ന് വെല്ലുവിളിച്ച എ.റ്റി കോവൂരിനെയും പ്രേമാനന്ദിനെയും ഇടമറുകിനെയും പോലെയുള്ളവരെ വിശ്വാസിപൊട്ടന്മാരായ വിഡ്ഡികൾ തള്ളിക്കളയുകയും.. മഹാ കള്ളനും തട്ടിപ്പുകാരനുമായ സത്യസായി ബാബയെപോലുള്ളവരെ സ്വീകരിക്കുകയും ചെയ്തപ്പോൾ…. അത് ഒരു നാടിന്റെ തന്നെ ദുരന്തമായി മാറിയ ചരിത്രമാണ് നമുക്കുള്ളത്… ഈ ആൾ ദൈവം മരിച്ചപ്പോൾ അയാളുടെ മുറി നിറയെ സ്വർണ്ണം ആയിരുന്നുവെന്ന് വാർത്ത പുറത്തു വന്നിരുന്നു. അതൊക്കെ നമ്മൾ സൌകര്യ പൂർവ്വം മറന്നു കളഞ്ഞു…
നിങ്ങൾക്ക് ചാരിറ്റി ത്വര മൂത്തിരിക്കുകയാണെങ്കിൽ ചാരിറ്റി പ്രവര്‍ത്തനം എന്നത് നിങ്ങള്‍ ഒരാള്‍ക്ക് വീടുവെക്കാനോ ചികിൽസിക്കാനോ പൈസ പിരിച്ച് കൊടുക്കുന്നത് മാത്രമല്ലല്ലോ? സിഗരറ്റ് വലിക്കാന്‍ പാടില്ലെന്നും സിഗരറ്റ് വലിക്കാതിരിക്കുന്നതും ഒരു ചാരിറ്റി പ്രവര്‍ത്തനമാണ്. നിങ്ങള്‍ അത് ചെയ്യുമ്പോള്‍ നിരവധി മനുഷ്യര്‍ക്ക് ക്യാന്‍സര്‍ വരാതിരിക്കാനുള്ള ഒരു ചാരിറ്റിയാണ് നിങ്ങള്‍ ചെയ്യുന്നത്. നിങ്ങളുടെ വേസ്റ്റ് നിങ്ങള്‍ ശരിയായ രീതിയില്‍ സംസ്ക്കരിക്കുന്നുവെങ്കില് അതുമൊരു ചാരിറ്റി പ്രവര്‍ത്തനമാണ്. നിങ്ങൾ പ്രമേഹരോഗത്തെക്കുറിച്ചോ മറ്റേതെങ്കിലും ജീവിത ശൈലീ രോഗങ്ങളെക്കുറിച്ചോ ഒക്കെ നിങ്ങളുടെ അയൽവക്കക്കാക്കരെയെങ്കിലും ബോധവൽക്കരിക്കുകയാണെങ്കിൽ അതും ഒരു ചാരിറ്റി പ്രവർത്തനമാണ്, ശുദ്ധവായു, ശുദ്ധ ജലം, നല്ല ഭക്ഷണം ഇതൊക്കെ നല്‍കുന്നതും ചാരിറ്റിയാണ്. ഒരാള്‍ക്ക് അസുഖം വന്നിട്ട് ചികിത്സിക്കുന്നതിനെക്കാള്‍ അത് വരാതിരിക്കുന്ന ഒരു സാഹചര്യം സൃഷ്ടിക്കുന്നത് അതിനേക്കാൾ എത്രയോ ഗുണകരമാണ്…? നമ്മുടെ ജീവിത രീതി, ഭക്ഷണ രീതി ടെന്‍ഷന്‍ ഇതൊക്കെയാണ് അസുഖത്തിനു വലിയൊരു കാരണമായി മാറുന്നത്. ഈ രംഗത്ത് ജനങ്ങളെ ബോധവല്‍ക്കരിക്കുകയും ആരോഗ്യമുള്ളൊരു ജനതയെ സൃഷ്ടിക്കലുമാണ് ശാസ്ത്രീയമായ ചാരിറ്റി പ്രവര്‍ത്തനം. വൃക്ക രോഗം നമ്മുടെ നാട്ടില്‍ വ്യാപകമാണ്. എന്താണ് അതിന്റെ ശാസ്ത്രീയമായ കാരണങ്ങളെന്നു കണ്ടെത്തി, അതിനെതിരെ സാമൂഹ്യമായി എന്ത് ചെയ്യാന്‍ കഴിയുമെന്ന് നാം ചിന്തിക്കുമ്പോള്‍ അതൊരു സമൂഹത്തിനു മുഴുവന്‍ ഉപകാരപ്പെടുന്ന ചാരിറ്റി പ്രവര്‍ത്തനമാകും. ലാഭമില്ലാത്ത അത്തരം ചാരിറ്റിക്ക് ഇവരെയാരെങ്കിലും നിങ്ങൾ കണ്ടിട്ടുണ്ടോ? ഇവിടെ ചാരിറ്റി നടത്തുന്നവര്ക്കൊക്കെ താത്പര്യം… ഒരു രോഗിയെ കണ്ടെത്തി അയാളെ ഉയര്‍ത്തിക്കാണിച്ച് ചാരിറ്റി പ്രവര്‍ത്തനം നടത്താനാണ്… അല്ലെങ്കിൽ വീടുവെച്ചുകൊടുക്കാൻ പണപ്പിരിവ്…
വലിയ ശബ്ദകോലാഹലങ്ങളുണ്ടാക്കി റോഡിൽ മൈക്ക് കെട്ടിയ വണ്ടിയുമായിവന്ന് ശബ്ദമലീനീകരണം ഉണ്ടാക്കി ഒരു ബധിരനെ സഹായിക്കാന്‍ നിങ്ങള്‍ പാട്ടുപാടി സംഭാവന പിരിക്കുന്നുവെങ്കില് അതിനെ നമുക്ക് വാസ്തവത്തിൽ ചാരിറ്റി എന്ന് വിളിക്കാന്‍ കഴിയുമോ..? വലിയ അസുഖങ്ങള്‍ക്ക് വലിയ ആശുപത്രിയിലെ ചികിത്സ. ഇതിന്റെ ചാരിറ്റി പ്രവര്‍ത്തനം ഒരു മാഫിയാ തട്ടിപ്പാണോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അത് അന്വേഷിക്കേണ്ടതുണ്ട്.
സാമൂഹ്യാവസ്ഥകളില്‍ സമൂലമായ മാറ്റം വരണം. നമുക്ക് നല്ല ജീവിത സാഹചര്യങ്ങള്‍ ഉണ്ടാവണം… അത് എല്ലാവര്ക്കും ലഭിക്കണം. അടിസ്ഥാന ജീവിത സാഹചര്യങ്ങള്‍ ഉണ്ടാവട്ടെ… ചാരിറ്റി പ്രവർത്തനമാണ് അതിനുള്ള വഴിയെന്നത് അരാഷ്ട്രീയവാദമാണ്. അരാഷ്ട്രീയവാദത്തിനും ഒരു രാഷ്ട്രീയമുണ്ട്.
ഗവണമെന്റില്‍ നിന്നും നേടിയെടുക്കാന്‍ കഴിയുന്ന എല്ലാ സഹായവും നേടിയെടുക്കാന്‍ ജനങ്ങളെ സഹായിക്കുക. സര്‍ക്കാര്‍ ആശുപത്രിയില്‍ നല്ല ചികിത്സ ലഭിക്കാനുള്ള പരിശ്രമങ്ങള്‍ നടത്തുക. നമ്മുടെ ചികിത്സാ സംവിധാനങ്ങള്‍ കൂടുതല്‍ കരുതലും ശാസ്ത്രീയവും ആക്കാനുള്ള് പരിശ്രമങ്ങള്‍ യുവാക്കൾ നടത്തണം. അതിനുവേണ്ടിയുള്ള രാഷ്ട്രീയ ഇടപെടലുകൾ സർക്കാർ തലത്തിൽ നടത്തണം. അല്ലാതെ ജനങ്ങളില്‍ നിന്നും പിരിവെടുത്ത് ഈ വമ്പന്‍ ഹോസ്പിറ്റ്ലുകളില് നല്‍കുന്നത് തെറ്റായൊരു അവസ്ഥയായിരിക്കും സൃഷ്ടിക്കുക.
ഏറ്റവും നിസ്സഹായരും ദുർബലരുമായ ഇരകളെയും നിസ്വാർത്ഥരായ ചില ശുദ്ധാത്മകളുടെ മതബോധത്തേയും ഒരേ പോലെ ചൂഷണം ചെയ്താണ് ഇവർ തട്ടിപ്പു നടത്തുന്നത്. അവർ മുന്നോട്ട് വെക്കുന്ന (അ) രാഷ്ട്രീയവും മതവും അപകടകരമാണ്. ഇത് തിരിച്ച് പിടിക്കേണ്ടത് യുക്തിവാദികളുടെ മാത്രമല്ല രാഷ്ട്രീയ പ്രവർത്തകരുടെയും ബാധ്യത കൂടിയാണ്. അതുകൊണ്ട് ചാരിറ്റിചെയ്യാൻ ആഗ്രഹിക്കുന്ന സന്മനസുകൾ ഏതെങ്കിലും പാവപ്പെട്ടവർക്ക് നേരിട്ട് അത് ചെയ്യുക. ഇത്തരം മീഡിയേറ്റർമാരെ വളരാൻ അനുവദിക്കാതിരിക്കുക.
ചാരിറ്റിക്കാരും യുക്തിവാദികളും:
ചാരിറ്റിയുമായി ബന്ധപ്പെട്ട് യുക്തവാദികൾക്കും രാഷ്ട്രീയ ബോധമുള്ള മറ്റുമനുഷ്യർക്കും എന്നും ഇതേ നിലപാട് തന്നെയായിരുന്നു. അമൃതാനന്ദമയി അത് ചെയ്യുമ്പോഴും സത്യസായിബാബ അത് ചെയ്തപ്പോഴും സുരേഷ് ഗോപിയും സന്തോഷ് പണ്ഡിറ്റും മരിയോയോ വേറെ ആരെങ്കിലുമോ അത് ചെയ്തപ്പോഴും യുവജനപ്രസ്ഥാനങ്ങൾവരെ വിപ്ലവപ്രവർത്തനം സന്നദ്ധ പ്രവർത്തനം ആ ണെന്ന് വരുത്തിത്തീർക്കുമ്പോഴും യുക്തിവാദികള്‍ക്ക് അഭിപ്രായം ഉണ്ടായിരുന്നു… എത്രമാത്രം ഉഗ്രമായ രീതിയിലാണ് പ്രേമാനന്ദും കോവൂരും ഇടമറുകും അടക്കമുള്ളവർ അതിനെയെല്ലാം ചോദ്യം ചെയ്യലുകള്‍ നടത്തിയതെന്ന് നിങ്ങള്‍ കണ്ടതാണ്. പിന്നീട് അമൃതാനന്ദമയിക്കെതിരെയും ഡിവൈൻ ധ്യാനകേന്ദ്രത്തിനെതിരെയും കൃപാസനത്തിനെതിരെയുമെല്ലാം യുക്തിവാദികൾ പ്രത്യക്ഷ ഇടപെടലുകൾ പോലും നടത്തിയിട്ടുണ്ട്.
എന്നാല്‍ ചാരിറ്റി പ്രവര്‍ത്തനവും ആള്‍ദൈവ രൂപീകരണവും സമൂഹത്തില്‍ വളരെ ആസൂത്രിതമായി സംഭവിക്കുന്നൂണ്ട്.. സമ്പത്തിറക്കി ഒരു ആള്‍ദൈവത്തെ സൃഷ്ടിക്കുകയും പിന്നീട് ആ ആള്‍ദൈവം സമ്പത്ത് ഇറക്കിയ ആള്‍ക്കാര്‍ക്കോ ടീമിനോ വേണ്ടി പ്രവര്‍ത്തിക്കും, ഈ ഉമ്മൻചാണ്ടി ഉൾപ്പെടെ രാഷ്ട്രീയപ്രവർത്തനം നടത്തിയാണോ ചാരിറ്റി പ്രവർത്തനം നടത്തിയല്ലേ അരനൂറ്റാണ്ട് പുതുപ്പള്ളിയിലെ രാജാവായത്? സുരേഷ് ഗോപിയും ചാരിറ്റിക്കാരൻ ആയല്ലേ രംഗപ്രവേശം ചെയ്തത്?
നിങ്ങൾ നിരീക്ഷിച്ചാൽ യുക്തിവാദികൾ ഇപ്പോൾ എതിര്ക്കുന്നവരായ… അമൃതാനന്ദമയി, സുരേഷ് ഗോപി, സന്തോഷ് പണ്ഡിറ്റ്, മറ്റു നിരവധി ആള് ദൈവങ്ങള്‍.. ഇവരുടെയെല്ലാം അണികള്‍ക്ക് ഒരു പൊതു സ്വഭാവം ഉണ്ടായിരിക്കും… ആ പൊതുസ്വഭാവം യുക്തിവാദികൾക്കെതിരെ തിരിയും… ഇതില്‍ ഒരാളെയും എതിര്‍ക്കാന്‍ പാടില്ലെന്ന നിലപാടില്‍ വിപ്ലവപാർട്ടികൾ എന്നൊക്കെ അവകാശപ്പെടുന്ന പാർട്ടിയിലെ അണികള്‍ വരെ പ്രശ്നമുണ്ടാക്കുകയും അത് പാർട്ടിയെ തകര്‍ക്കുമെന്ന് പറയുകയും ചെയ്യും…
അതിനാല്‍ മാരിയോമാരും ജിജിമാരും ചാരിറ്റിക്കാരും മോട്ടിവിഷങ്ങളുമൊക്കെ ഇനിയും വരും പലരൂപത്തിൽ…! നിങ്ങള്‍ യുക്തിവാദികളെ കല്ലെറിയുക… അവരത് കൊള്ളാന്‍ ബാധ്യസ്ഥരാണ്.. പക്ഷേ, അവര്‍ നിങ്ങളുടെ കല്ലേറുകളെ ഭയന്ന് പിന്നിലേയ്ക്ക് പോകില്ല…!


