പാറ്റ്ന: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് തൊട്ടുമുമ്പ്, വോട്ടെണ്ണലിൽ കൃത്രിമം കാണിച്ചാൽ സംസ്ഥാനത്ത് വലിയ പ്രതിഷേധങ്ങളുണ്ടാകുമെന്ന് ആർജെഡി നേതാവ് സുനിൽ സിംഗ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകി. പിന്നാലെ, “പ്രകോപനപരമായ പ്രസ്താവന” നടത്തിയതിന് സുനിൽ സിംഗിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു.

വോട്ടെണ്ണൽ പ്രക്രിയയിൽ പങ്കെടുത്ത ഉദ്യോഗസ്ഥരെയും പാർട്ടി പ്രവർത്തകരെയും അഭിസംബോധന ചെയ്താണ് ആർജെഡി നേതാവ് ഈ മുന്നറിയിപ്പ് നൽകിയത്. “2020-ൽ ഞങ്ങളുടെ നിരവധി സ്ഥാനാർത്ഥികളെ ബലപ്രയോഗത്തിലൂടെ പരാജയപ്പെടുത്തി. പൊതുജനം അധികാരം നൽകിയ വ്യക്തിയെ നിങ്ങൾ പരാജയപ്പെടുത്തിയാൽ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിലെ റോഡുകളിൽ കണ്ട അതേ ദൃശ്യങ്ങൾ ബീഹാറിലെ റോഡുകളിലും കാണണമെന്ന് വോട്ടെണ്ണൽ പ്രക്രിയയിൽ ഉൾപ്പെട്ട എല്ലാ ഉദ്യോഗസ്ഥരോടും ഞാൻ അഭ്യർത്ഥിക്കുന്നു,” സുനിൽ സിംഗ് പറഞ്ഞു.പൊതുജനാഭിപ്രായത്തിൽ കൈകടത്തരുതെന്നും, അങ്ങനെ ചെയ്താൽ അത് ജനങ്ങൾ അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, തന്റെ പാർട്ടിക്ക് 140 നും 160 നും ഇടയിൽ സീറ്റുകൾ ലഭിക്കുമെന്നും തേജസ്വി യാദവിന്റെ നേതൃത്വത്തിൽ അടുത്ത സർക്കാർ രൂപീകരിക്കുമെന്നും ആർജെഡി നേതാവ് പ്രതീക്ഷ പ്രകടിപ്പിച്ചു. വോട്ടെണ്ണലിൽ എന്തെങ്കിലും ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടാൽ അത് നേരിടാൻ പാർട്ടി പൂർണ്ണ സജ്ജരാണെന്നും അദ്ദേഹം ആവർത്തിച്ചു. ഭരണകക്ഷിയായ നാഷണൽ ഡെമോക്രാറ്റിക് അലയൻസിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന് മിക്ക എക്സിറ്റ് പോളുകളും പ്രവചിക്കുന്നതിനിടെയാണ് ആർജെഡി നേതാവിന്റെ മുന്നറിയിപ്പ് എന്നതും ശ്രദ്ധേയമാണ്.


